Protest | ചെങ്കല്‍ ഉത്പാദക സംഘം നടത്തുന്ന കലക്‌ട്രേറ്റ് ഉപവാസ സമരത്തിനിടെ ഉടമ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതായി പരാതി
● അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട് അന്വേഷിക്കുകയായിരുന്നു.
● അപകടനില തരണം ചെയ്തു.
● ബുധനാഴ്ച മുതല്‍ സമരം ശക്തമാക്കാമെന്ന് പറഞ്ഞു.
കാസര്‍കോട്: (KasargodVartha) ചെങ്കല്‍ ഉത്പാദക ഉടമസ്ഥ ക്ഷേമ സംഘം ജില്ലാ കമിറ്റി കാസര്‍കോട് കലക്‌ട്രേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിനിടെ ചെങ്കല്‍ പണ ഉടമ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതായി പരാതി.
നീലേശ്വരം മടിക്കൈ മലപ്പച്ചേരിയിലെ ഗോപാലകൃഷ്ണന്‍ (59) ആണ് ബുധനാഴ്ച പുലര്‍ചെ കലക്‌ട്രേറ്റിന് മുന്നിലെ സമരപന്തലില്‍ വെച്ച് വിഷം കഴിച്ചെന്ന് കൂടെയുള്ളവര്‍ പറഞ്ഞു.
ചെങ്കല്‍ മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഒരാഴ്ചയായി ചെങ്കല്‍ ഉടമകള്‍ കലക്‌ട്രേറ്റിന് മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം തുടരുകയാണ്.
ചെങ്കല്‍ പണകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, നിയമ ലംഘനങ്ങളുടെ പേരില്‍ പിടികൂടുന്ന ലോറികള്‍ പിഴയടച്ച് വിട്ടുനല്‍കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പണകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ച് ഉപവാസ സമരം ആരംഭിച്ചിരിക്കുന്നത്.
ഇത്രയും ദിവസമായിട്ടും സമരം തീര്‍ക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടല്‍ നടത്താത്തത് ചെറിയ പണ നടത്തി കുടുംബം പുലര്‍ത്തുന്ന ഗോപാലകൃഷ്ണനെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് സമരസമിതി നേതാക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ബുധനാഴ്ച മുതല്‍ സമരം ശക്തമാക്കാമെന്ന് പറഞ്ഞ് സമര പന്തലില്‍ കഴിഞ്ഞിരുന്ന ഗോപാലകൃഷ്ണന്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുമെന്ന് ആരും കരുതിയില്ലെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
പുലര്‍ചെ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട് കൂടെയുള്ളവര്‍ അന്വേഷിച്ചപ്പോഴാണ് വിഷം കഴിച്ച കാര്യം പറഞ്ഞത്. ഉടന്‍ ഇദ്ദേഹത്തെ കാസര്‍കേട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ ഉത്തരവാദിത്വം ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതെ സമരം നീട്ടികൊണ്ടു പോയ ജില്ലാ ഭരണകൂടത്തിനാണെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു. ഗോപാലകൃഷ്ണന്‍ അപകടനില തരണം ചെയ്തതായാണ് കൂടെയുള്ളവര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#KasaragodProtest #Attempt #BrickKilnCrisis #Kerala #GovernmentFailure #EconomicCrisis