Honesty | ചെറിയ കൈകളിൽ വലിയ ഹൃദയം! വഴിയരികിൽ കണ്ടെത്തിയ 10,000 രൂപ പൊലീസിനെ ഏൽപിച്ച് ഏഴാം ക്ലാസുകാരൻ
Aug 14, 2024, 23:18 IST
Photo: Arranged
കാഞ്ഞങ്ങാട്: (KasargodVartha) സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ കണ്ടെത്തിയ 10,000 രൂപ പൊലീസിൽ ഏൽപ്പിച്ചുകൊണ്ട് ഏഴാം ക്ലാസുകാരൻ മാതൃകയായി. ഹൊസ്ദുർഗ് ഗവ. യു പി സ്കൂളിലെ വിദ്യാർത്ഥിയായ ഗോകുൽ പ്രശാന്ത് ആണ് കയ്യടി നേടിയത്.
പണം കണ്ടെത്തിയ ഉടൻ തന്നെ രക്ഷിതാക്കളെയും അധ്യാപകരെയും വിവരം അറിയിച്ചു. തുടർന്ന്, ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു. ഗോകുലിന്റെ ഈ നന്മയുള്ള പ്രവൃത്തിക്ക് സ്കൂളിലും പരിസരത്തും വ്യാപകമായ പ്രശംസയാണ് ലഭിക്കുന്നത്.
സ്കൂളിൽ വച്ച് ഹെഡ്മാസ്റ്റർ ഭാസ്കരൻ മാസ്റ്ററുടെയും സഹപാഠികളുടെ സാന്നിധ്യത്തിൽ ഹൊസ്ദുർഗ് ജനമൈത്രി പൊലീസ് ഓഫീസർ പ്രമോദ് ടി വി തുക ഏറ്റുവാങ്ങി. പൊലീസ് ഓഫീസർമാരായ അജിത് കക്കറ, അനീഷ് ചെറുവത്തൂർ, സുചിത്ര നെടുംമ്പ എന്നിവരും പങ്കെടുത്തു.