Bottle Booth | പഞ്ചായത്ത് വക 'ബോട്ടിൽ ബൂത്തി'ലേക്കും കാടുകയറി; വലിച്ചെറിയുന്ന കുപ്പികൾ നിക്ഷേപിക്കാൻ വഴിയില്ല
● കുമ്പള ഗ്രാമപഞ്ചായത്ത് മൊഗ്രാൽ ടൗണിൽ സ്ഥാപിച്ചിരിക്കുന്ന ബോട്ടിൽ ബൂത്ത് കാട് കയറി കാണാനേയില്ല.
● നഗരങ്ങളിൽ ബോട്ടിൽ ആകൃതിയിൽ തന്നെ വലിയ ബൂത്തുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
● മാലിന്യ മുക്ത കേരളമാക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ജനുവരി ഒന്നു മുതൽ ഏഴ് വരെയുള്ള വാരാചരണം
മൊഗ്രാൽ: (KasargodVartha) ഉത്തരവാദിത്തം ബോട്ടിൽ ബൂത്ത് സ്ഥാപിക്കുക എന്നുള്ളതാണ്, അത് സംരക്ഷിക്കുക എന്നത് അജണ്ടയിലില്ല. കുമ്പള ഗ്രാമപഞ്ചായത്ത് മൊഗ്രാൽ ടൗണിൽ സ്ഥാപിച്ചിരിക്കുന്ന ബോട്ടിൽ ബൂത്ത് കാട് കയറി കാണാനേയില്ല. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടിടാൻ സ്ഥാപിച്ചതാണ് കുമ്പള ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ബോട്ടിൽ ബൂത്തുകൾ. പലസ്ഥലങ്ങളിലും ബൂത്തുകൾക്ക് ഇതേ അവസ്ഥയാണുള്ളത്.
കേരളീയരുടെ വലിച്ചെറിയൽ സംസ്കാരത്തിന് തടയിടാനാണ് തദ്ദേശസ്വയംഭരണ വകുപ്പ് സംസ്ഥാനത്തുടനീളം ഇത്തരത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്. നഗരങ്ങളിൽ ബോട്ടിൽ ആകൃതിയിൽ തന്നെ വലിയ ബൂത്തുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ കുപ്പികൾ നിറഞ്ഞു കവിയുന്നുമുണ്ട്. കുടിവെള്ള കുപ്പികളും, മധുര പാനീയ കുപ്പികളുമാണ് ഏറെയും ഇതിൽ നിക്ഷേപിക്കുന്നത്.
അതേസമയം ഗ്രാമപ്രദേശങ്ങളിലെ കൊച്ചു ടൗണുകളിൽ ഗ്രാമപഞ്ചായത്തുകൾ മുഖേന ചെറിയ ബൂത്തുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെനിന്ന് കുപ്പികൾ പഞ്ചായത്ത് ഹരിത കർമ്മ സേനയുടെ സഹായത്തോടെ ശേഖരിച്ച് സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കും. ഇതുവഴി നല്ലൊരു വരുമാനവും സന്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നുമുണ്ട്.
അതേസമയം വലിച്ചെറിയാൻ വിരുദ്ധ വാരമാചരിക്കുന്ന കേരളത്തിൽ പൊതുനിരത്തുകളിലും കവലകളിലുമൊക്കെ മാലിന്യം ഇടാൻ വേണ്ടത്ര ചവറ്റുകൊട്ടകൾ ഇല്ല എന്നുള്ളത് 'മാലിന്യമുക്ത നവ കേരളത്തിന്' തടസ്സമാവുന്നുണ്ട്. മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാൻ വ്യത്യസ്ത നിറത്തിൽ ചവറ്റുകൊട്ടകൾ സ്ഥാപിക്കാനുള്ള തീരുമാനം മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കിയിട്ടില്ല. പ്രത്യേകിച്ച് നഗരങ്ങളിൽ. മാലിന്യ മുക്ത കേരളമാക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ജനുവരി ഒന്നു മുതൽ ഏഴ് വരെയുള്ള വാരാചരണം. ഇത് ചൊവ്വാഴ്ച അവസാനിക്കുകയും ചെയ്യും.
#Mogral #PlasticWaste #BottleBooth #KumbalaPanchayat #WasteManagement #EnvironmentalAwareness