Family Meet | ബികെഎം കുടുംബ സംഗമം ഞായറാഴ്ച; 3 തലമുറകളിലായി 12,000 പേര്‍ പങ്കെടുക്കും
*സ്വന്തം വീട്ടില്‍ ആരംഭം കുറിച്ച പള്ളിക്കൂടമാണ് തന്‍ബീഹ് സ്ഥാപനങ്ങള്‍.
*വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ഉള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തി.
*മുതിര്‍ന്ന കുടുംബാഗംങ്ങളെയും കുടുംബത്തില്‍ നിന്നും ഉയര്‍ന്ന പദവികളിലെത്തിയവരെയും ആദരിക്കും.
കാസര്‍കോട്: (KasargodVartha) നായന്മാര്‍മൂലയിലെ ബി കെ എം (ബാരിക്കാട് കുഞ്ഞിപ്പ മൊയ്തീന്‍ കുഞ്ഞി ഹാജി) കുടുംബത്തിന്റെ മഹാ സംഗമം ഞായറാഴ്ച (21.04.2024) രാവിലെ മാന്യ വിന്‍ടെച്ച് പാം മെഡോസില്‍ ബി കെ എം ഫാമിലി ഫൗന്‍ഡേഷന്റെ നേതൃത്വത്തില്‍ നടക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ കുടുംബ സംഗമമാണ് നടക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നായന്മാര്‍മൂലയുടെ ചരിത്രം തന്നെ ബാരിക്കാട് കുഞ്ഞിപ്പ മൊയ്തീന്‍ കുഞ്ഞി ഹാജി കുടുംബവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും നായന്മാര്‍മൂല എന്ന ചെറിയ പ്രദേശത്തിന്റെ ഗതിയെയും വളര്‍ച്ചയെയും മത- സാമൂഹിക - വിദ്യാഭ്യാസ പുരോഗതിയിലൂടെ മാറ്റിയെഴുതിയ ബി കെ എം കുടുംബത്തില്‍പെട്ടവരാണ് നായന്മാര്‍മൂല വാസികളായ 90 ശതമാനത്തിലേറെ പേരുമെന്നും സംഘാടകർ വിശദീകരിച്ചു.
ബി കെ എം കുടുംബം, സ്വന്തം വീട്ടില്‍ ആരംഭം കുറിച്ച പള്ളിക്കൂടമാണ് ഇന്ന് 'തന്‍ബീഹ്' എന്ന പേരില്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ സ്‌കൂളായി തല ഉയര്‍ത്തി നില്‍ക്കുന്ന തന്‍ബീഹ് സ്ഥാപനങ്ങൾ. കുഞ്ഞിപ്പ മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ 11 മക്കളിലൂടെ പടര്‍ന്ന് കിടക്കുന്ന കുടുംബത്തില്‍ 12000 ലേറെ അംഗങ്ങളാണുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം നിരവധി കുടുംബാഗംങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഫുട്‌ബോള്‍, വോളിബോള്‍, ക്രികറ്റ്, ബാഡ്മിന്റന്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നുവരികയാണ്. ബി കെ എം ചരിത്രം നാളിതുവരെ, ഡോക്യുമെന്ററി പ്രദര്‍ശനം, സോവനീര്‍ പ്രകാശനം, പ്രശസ്ത മോടിവേഷന്‍ സ്പീകറും ഗായകനുമായ നവാസ് പാലേരിയുടെ പാടിയും പറഞ്ഞും, ഒപ്പന, കോല്‍ക്കളി, മാപ്പിളപ്പാട്ട് തുടങ്ങിയ പരിപാടികള്‍ ഞായറാഴ്ച നടക്കുമെന്നും മുതിര്‍ന്ന കുടുംബാഗംങ്ങളെയും കുടുംബത്തില്‍ നിന്നും ഉയര്‍ന്ന പദവികളിലെത്തിയവരെയും ആദരിക്കുമെന്നും വിദ്യാഭ്യാസ പ്രവര്‍ത്തകനും കുടുംബാഗംവുമായ എന്‍ എ അബൂബകര്‍ ഹാജി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ എന്‍ ഐ അബൂബകര്‍ ഹാജി, എന്‍ എ അബ്ദുര്‍ റഹ് മാന്‍ ഹാജി, റഹീം ചൂരി, ഹനീഫ് എം, റഫീഖ് എസ്, കെ എച് മുഹമ്മദ് എന്നിവരും സംബന്ധിച്ചു.