city-gold-ad-for-blogger

അഡ്വ. കെ. ശ്രീകാന്ത് ബിജെപി ജില്ലാ പ്രസിഡണ്ട്; പി. രമേശ്, എ. വേലായുധന്‍ ജനറല്‍ സെക്രട്ടറിമാര്‍

കാസര്‍കോട്: (www.kasargodvartha.com 17/01/2016) ജില്ലാ പഞ്ചായത്തംഗവും നിലവില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. കെ. ശ്രീകാന്തിനെ ബിജെപി ജില്ലാ പ്രസിഡണ്ടായും, നിലവില്‍ സംസ്ഥാന സമിതിയംഗമായ പി. രമേശ്, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യനായി പ്രവര്‍ത്തിക്കുന്ന എ. വേലായുധന്‍ എന്നിവരെ ജില്ലാ ജനറല്‍ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

ബാല്യകാലത്ത് മുതല്‍ തന്നെ എബിവിപിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച വ്യക്തിയാണ് അഡ്വ. കെ. ശ്രീകാന്ത്. ബേക്കല്‍ ഗവണ്‍മെന്റ് ഫിഷറീസ് ഹൈസ്‌കൂളില്‍ പഠനം. അഞ്ചാം ക്ലാസുമുതല്‍ എബിവിപി യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവേശനം. കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ നിന്ന് പ്രീഡിഗ്രി പഠനം. മംഗളൂരു എസ്ഡിഎം ലോ കോളജില്‍ നിന്ന് നിയമബിരുദം. 2000 - 2001ല്‍ ബിജെപി ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, തുടര്‍ന്ന് യുവമോര്‍ച്ച ഉദുമ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു.

2010 മുതല്‍ ബിജെപി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് എടനീര്‍ ഡിവിഷനില്‍ നിന്നും ജനവിധി തേടി ജില്ലാ പഞ്ചായത്തംഗമായി. ബിജെപിയും യുവമോര്‍ച്ചയും ജില്ലയില്‍ നടത്തിയിട്ടുള്ള നിരവധി സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഭാഷാ ന്യൂനപക്ഷക്കാരുടെ പ്രശ്‌നങ്ങളില്‍ കാസര്‍കോട് പിഎസ്‌സി ഓഫീസ് ഉപരോധം, എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നിരവധി സമരങ്ങള്‍, എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കണമെന്നാവശ്യപ്പെട്ട് പെര്‍ളയിലെ ഗോഡൗണിലേക്ക് നടത്തിയ മാര്‍ച്ചില്‍ അറസ്റ്റ് വരിച്ച് ജയില്‍വാസമനുഷ്ഠിച്ചു.

കാസര്‍കോട് നഗരസഭയിലെ കുടിവെള്ള പ്രശ്‌നം, കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്, ജലഅതോറിറ്റിയുടെ ഉപ്പുവെള്ള വിതരണത്തില്‍ പ്രതിഷേധിച്ച് കുടിക്കാന്‍ ഉപ്പുവെള്ളം നല്‍കിയുള്ള സമരം, കാസര്‍കോട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് ഭൂമിയില്‍ കൃഷിയിറക്കല്‍ സമരം എന്നിവയില്‍ മുന്‍നിര പോരാളിയായി വര്‍ത്തിച്ചിട്ടുണ്ട്. 2001ല്‍ വൈദ്യുതി ചാര്‍ജ് വര്‍ധനയ്‌ക്കെതിരെ സമരം ചെയ്തും ജയില്‍ വാസമനുഷ്ഠിച്ചിട്ടുണ്ട്. തൃക്കണ്ണാട് പരേതനായ വാസുദേവ അരളിത്തായയുടെയും യശോദയുടേയും മകനാണ്. ഭാര്യ: കമലശ്രി. മക്കള്‍: അനിരുദ്ധ് (നാലാം ക്ലാസ്) അനഘ (രണ്ടാം ക്ലാസ്).

ഒമ്പത് വയസ് മുതല്‍ തന്നെ ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനാ പ്രവര്‍ത്തന രംഗത്ത് ചുവടുവെച്ച വ്യക്തിയാണ് നിലവില്‍ ബിജെപി സംസ്ഥാന സമിതിയംഗമായ പി. രമേശ്. പരേതരായ പി. കൃഷ്ണന്‍ നായര്‍, പി. ദാക്ഷായണിയമ്മ ദമ്പതികളുടെ പുത്രനായി 1963 മെയ് 23ന് പി. രമേശ് (52) ജനിച്ചു. പി. ദീപയാണ് പത്‌നി. മക്കള്‍ അശുതോഷ്, യജ്ജുര്‍ഘോഷ്. പിഡിഗ്രി ബിരുദധാരിയാണ്. എബിവിപി താലൂക്ക് ജോയിന്റ് സെക്രട്ടറി, വിദ്യാര്‍ത്ഥി മോര്‍ച്ചാ സംസ്ഥാന ട്രഷറര്‍, വൈസ് പ്രസിഡണ്ട്, യുവമോര്‍ച്ചാ സംസ്ഥാന സമിതിയംഗം, ജില്ലാ ജനറല്‍ സെക്രട്ടറി, വിശ്വ ഹിന്ദു പരിഷത്ത് പ്രജണ്ഡ കാര്യദര്‍ശി, ബിജെപി മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ തുടര്‍ച്ചയായി 2005 മുതല്‍ കാസര്‍കോട് നഗരസഭാ കൗണ്‍സിലറും പ്രതിപക്ഷ നേതാവുമാണ് ഇദ്ദേഹം. 1992 ല്‍ അയോധ്യ കര്‍സേവാ, 1994 ല്‍ ഉഗ്ലിയില്‍ പതാക ഉയര്‍ത്തല്‍, കാസര്‍കോട് ജില്ലാ രൂപീകരണ സമരം, തുടങ്ങി നിരവധി സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ നിരവധി കള്ളക്കേസുകളില്‍ ഉള്‍പ്പെടുത്തുകയും ലോക്കപ്പ് മര്‍ദനവും ജയില്‍ വാസവും, അനുഭവിക്കേണ്ടി വരികയും, ഒളിവ് ജീവിതം നയിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറിയായിരിക്കേ കസ്റ്റഡിയിലിരിക്കുന്ന സമയത്ത് പുറത്ത് നടന്ന സമരവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിഎംഎസ് സംസ്ഥന സെക്രട്ടറി അഡ്വ. പി. മുരളീധരന്‍, കര്‍ണാടകയിലെ മുന്‍ ആര്‍എസ്എസ് പ്രചാരകനായിരുന്ന പി. ഗണേഷ് എന്നിവര്‍ സഹോദരങ്ങളാണ്.

ബാല്യകാലത്ത് തന്നെ ശാഖയിലൂടെ ആര്‍എസ്എസ് സ്വയംസേവകനായി സംഘടനാ പ്രവര്‍ത്തന രംഗത്ത് പ്രവേശിച്ച എ. വേലായുധന്റെ (48) കര്‍മ പഥത്തിലെ മറ്റൊരു പൊന്‍ തൂവല്‍ കൂടിയാണ് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയായിട്ടുള്ള നിയനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബികോം ബിരുദധാരിയായ ഇദ്ദേഹം 1967 ഏപ്രില്‍ 12 ന് കാസര്‍കോട് ജില്ലയിലെ കൊടവലത്ത് പരേതനായ കാട്ടൂര്‍ കൃഷ്ണന്‍ നായരുടെയും, അടുക്കാത്ത് കല്യാണിയമ്മയുടെയും പുത്രനായി ജനനം. അമ്പലത്തറ ഗവ: ഹൈസ്‌കൂള്‍ അധ്യാപിക എം. സതിയാണ് പത്‌നി. അശ്വിന്‍, അശ്വതി എന്നിവര്‍ മക്കളാണ്.

ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഖ്, മുഖ്യശിക്ഷക്, മണ്ഡലം ബൗദ്ധിക് പ്രമുഖ്, താലൂക്ക് ബൗദ്ധിക് പ്രമുഖ്, ജില്ലാ ബൗദ്ധിക് പ്രമുഖ്, ജില്ലാ കാര്യ വാഹക്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പഠനകാലത്ത് എബിവിപിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എബിവിപി നഗര ചുമതലയും വഹിച്ചിട്ടുണ്ട്. അഖില ഭാരതീയ വനവാസി കല്യാണാശ്രമത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി അസാം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ 1990 മുതല്‍ 1997 വരെ ഏഴ് വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്നു. എ. സുശീല, എ. ഭവാനി, എ. വേണുഗോപാലന്‍, എ. വിജയന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

അഡ്വ. കെ. ശ്രീകാന്ത് ബിജെപി ജില്ലാ പ്രസിഡണ്ട്; പി. രമേശ്, എ. വേലായുധന്‍ ജനറല്‍ സെക്രട്ടറിമാര്‍

Keywords : Kasaragod, BJP, District, Committee, Office- Bearers, Adv K Sreekanth, P. Ramesh, A. Velayudhan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia