Protest | മത്സ്യത്തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി ജെ പി ഫിഷറീസ് സെൽ സമരത്തിനിറങ്ങുന്നു
തീരദേശ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. കടലേറ്റം മൂലം നിരവധി വീടുകൾ നഷ്ടപ്പെടുന്ന അവസ്ഥയാണ്. തീരദേശവാസികൾക്ക് ശുദ്ധജലം ലഭ്യമല്ല എന്നതും മറ്റൊരു പ്രധാന പ്രശ്‌നമാണ്.
കാസർകോട്: (KasargodVartha) കേരളത്തിലെ മത്സ്യത്തൊഴിലാളികൾ അവരുടെ നിരവധി ആവശ്യങ്ങൾക്കായി ജില്ലകൾ തോറും സമര പരിപാടികൾ ആസൂത്രണം ചെയ്യുകയാണെന്ന് ബിജെപി ഫിഷറീസ് സെൽ ജില്ലാ കൺവീനർ സുരേഷ് കുമാർ കീഴൂർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംശദായം വർദ്ധിപ്പിച്ചത്, മത്സ്യ അനുബന്ധ തൊഴിലാളികളുടെ അവസ്ഥ, തീരദേശ സുരക്ഷ, മാലിന്യ നിർമാർജനം, തീരദേശ റോഡുകളുടെ അവസ്ഥ, കടലേറ്റം, ശുദ്ധജല ലഭ്യത, സർക്കാർ ജോലികളിലെ സംവരണം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, മത്സ്യ വില, മത്സ്യക്കുരുതി, കരിമണൽ ഖനനം, ഉൾനാടൻ ജലാശയങ്ങളുടെ അവസ്ഥ, തീരദേശ സംരക്ഷണം, നിയമ ഭേദഗതികൾ, ആണവനിലയം, കാറ്റാടിപ്പാടം, പെൻഷൻ കുടിശ്ശിക, ഇൻഷുറൻസ് സംവിധാനം, പ്രകൃതി ക്ഷോഭത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സഹായം, വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രശ്‌നങ്ങൾ എന്നിവ പ്രധാന വിഷയങ്ങളാണ്.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ മത്സ്യത്തൊഴിലാളികൾ അടച്ചുകൊണ്ടിരുന്ന അംശദായം 100 രൂപയിൽ നിന്ന് 300 രൂപയായി വർധിപ്പിച്ച തീരുമാനം അടക്കം നിരവധി തീരുമാനങ്ങൾക്കെതിരെയാണ് മത്സ്യത്തൊഴിലാളികൾ സമരരംഗത്തേക്കിറങ്ങുന്നത്. മത്സ്യ അനുബന്ധ തൊഴിലാളികളുടെ അംശദായവും 240 രൂപയിൽ നിന്ന് 600 രൂപയായി വർദ്ധിപ്പിച്ചത് അവരെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ക്ഷേമനിധി ബോർഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനെന്ന പേരിൽ ലൈസൻസ് വിഹിതം പത്തു മടങ്ങ് വർദ്ധിപ്പിച്ച നടപടിയും മത്സ്യത്തൊഴിലാളികൾക്ക് ഭാരമായിട്ടുണ്ട്.
കാസർകോട് കടപ്പുറത്തെ സുരക്ഷാ ബോട്ടുകളുടെ അഭാവം മൂലം നിരവധി മത്സ്യത്തൊഴിലാളികൾ ജീവൻ നഷ്ടപ്പെടുത്തിയിട്ടുണ്ട്. യഥാർത്ഥ മത്സ്യത്തൊഴിലാളികൾക്ക് അർഹമായ ജോലി ലഭിക്കാത്തതും മറ്റൊരു പ്രശ്‌നമാണ്. ജില്ലയിൽ നിരവധി വാസസ്ഥലങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ കടലിൽ ഒഴുകി എത്തുന്നത് തീരദേശ ജനജീവിതത്തെ ദുരിതത്തിലാക്കുന്നു. തീരദേശ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. കടലേറ്റം മൂലം നിരവധി വീടുകൾ നഷ്ടപ്പെടുന്ന അവസ്ഥയാണ്. തീരദേശവാസികൾക്ക് ശുദ്ധജലം ലഭ്യമല്ല എന്നതും മറ്റൊരു പ്രധാന പ്രശ്‌നമാണ്.
സർക്കാർ ജോലികളിൽ സംവരണത്തിന്റെ ആനുകൂല്യം പോലും ലഭിക്കാതെ പോയതിനെക്കുറിച്ച് മത്സ്യത്തൊഴിലാളികൾ ആശങ്ക പ്രകടിപ്പിക്കുന്നു. ഒ.ഇ.സി. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം കുടിശ്ശികയായിട്ടുണ്ട്. മത്സ്യത്തിന് മാന്യമായ വില ലഭിക്കാത്തതും മത്സ്യക്കുരുതിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളിലെ കരിമണൽ ഖനനം തീരദേശത്തെ ദുരിതത്തിലാക്കുന്നു. ഉൾനാടൻ ജലാശയങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. തീരദേശ സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും നിലവിലുള്ള നിയമങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായി ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യകതയും മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്നു.
വൈദ്യുതി ഉൽപാദനത്തിന്റെ പേരിൽ ചവറയിൽ ആണവനിലയം നിർമ്മിക്കാനുള്ള ഉദ്യമത്തിൽ നിന്ന് സർക്കാർ പിന്തിരിയണം.. മത്സ്യത്തൊഴിലാളികൾക്ക് നൽകാനുള്ള പെൻഷൻ കുടിശ്ശിക അടിയന്തരമായി നൽകണം. ഇൻഷുറൻസ് സംവിധാനം വികസിപ്പിക്കണം. പ്രകൃതി ക്ഷോഭത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകണം. വിഴിഞ്ഞം തുറമുഖ പദ്ധതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.
മത്സ്യത്തൊഴിലാളികളുടെ ഈ ആവശ്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും പരിഹാരം നൽകണമെന്നും അല്ലാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സുരേഷ് കുമാർ കീഴൂർ പറഞ്ഞു.