Demand | 'ഉദുമയിൽ കടലാക്രമണം രൂക്ഷം'; അധികൃതർ അലംഭാവം കാണിക്കുന്നുവെന്ന് ബിജെപി; അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം
തൃക്കണ്ണാട് ക്ഷേത്രത്തിന്റെ മുന്നിലുള്ള തീരദേശം കടലാക്രമണത്തിൽ പൂർണമായും നശിച്ചിരിക്കുകയാണ്
ഉദുമ: (KasargodVartha) ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കടലാക്രമണം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി പ്രതിനിധി സംഘം സംസ്ഥാന സർക്കാരിനോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടു. ബേക്കൽ, കോട്ടിക്കുളം, ഉദുമ പടിഞ്ഞാറ് തുടങ്ങിയ പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. ദക്ഷിണകാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ക്ഷേത്രത്തിന്റെ മുന്നിലുള്ള തീരദേശം കടലാക്രമണത്തിൽ പൂർണമായും നശിച്ചിരിക്കുകയാണ്.
ക്ഷേത്ര മണ്ഡപവും അപകടത്തിലാണ്. കാഞ്ഞങ്ങാട് - കാസർകോട് കെഎസ്ടിപി റോഡ് കടലെടുക്കാനുള്ള സാധ്യതകൾ ഏറെയാണ്. എന്നിട്ടും അധികൃതർ മൗനത്തിലാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
നിരവധി വീടുകൾ അപകട ഭീഷണി നേരിടുകയാണ്. കടലാക്രമണം തടയാൻ യാതൊരു നടപടിയും സംസ്ഥാന സർക്കാരോ ജില്ലാ ഭരണകൂടമോ സ്വീകരിക്കുന്നില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി.
ഉദുമ പടിഞ്ഞാറ് തീരദേശ റോഡ് തകർന്നിരിക്കുകയാണ്. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്.
രോഗികളായിട്ടുള്ള നിരവധി പേർ ചികിത്സയ്ക്ക് പോകാൻ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കുടിവെള്ള വിതരണ പൈപ്പുകൾ കടലെടുത്തിരിക്കുകയാണ്. ഏറെ പ്രയാസങ്ങൾ ഈ പ്രദേശത്തെ ജനങ്ങൾ നേരിടുന്നതെങ്കിലും പ്രശ്നം പരിഹാരത്തിന് ആവശ്യമായ യാതൊരു നടപടികളും സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥന്മാർ സ്ഥലം പോലും സന്ദർശിച്ചിട്ടില്ലെന്ന് ബിജെപി ആരോപിച്ചു.
ജില്ലാ ഡിസാസ്റ്റർ മാനേജ്മെൻറ് ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഉടൻ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ബിജെപി പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, ജില്ലാ സെൽ കോഡിനേറ്റർ എൻ ബാബുരാജ്, ജില്ലാ കമ്മിറ്റി അംഗം വൈ കൃഷ്ണദാസ്, ബിജെപി ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻ തമ്പാൻ അച്ഛേരി, മണ്ഡലം സെക്രട്ടറി പി വി ശ്യാം കുമാർ, ഉദുമ പഞ്ചായത്ത് ജനറൽ സെക്രട്ടറി മധു ബാര, സെക്രട്ടറി വിനിൽ കുമാർ തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.