Criticism | കാസർകോട്ടെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് ബിജെപി
ചെർക്കളയിലും ചെറുവത്തൂരും ദേശീയപാതയിൽ ഷിരൂര് മാതൃകയിൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത വർദ്ധിച്ചിരിക്കുകയാണ്.
കാസർകോട്: (KasargodVartha) ജില്ലയിൽ കെ.എസ്.ടി.പി ഉൾപ്പെടെയുള്ള പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ കാരണം യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ബിജെപി കാസർകോട് ജില്ലാ പ്രസിഡൻറ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. ഓണക്കാലത്തിന് മുമ്പായി ഇതിന് പരിഹാരം കാണാൻ അടിയന്തരമായ അറ്റകുറ്റപ്പണികൾ നടത്തണമെന്നും, റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെർക്കളയിലും ചെറുവത്തൂരും ദേശീയപാതയിൽ ഷിരൂര് മാതൃകയിൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത വർദ്ധിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്നുള്ള വാഹന ഗതാഗത തടസ്സവും, കെ.എസ്.ടി.പി റോഡിലൂടെ വാഹനങ്ങൾ തിരിച്ച് വിടേണ്ടി വന്ന സാഹചര്യം ഇതുവരെ പലപ്പോഴും രാത്രികളിൽ അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
വാഹനങ്ങളുടെ പെരുപ്പവും, റോഡുകളുടെ ദയനീയാവസ്ഥയും കാരണം കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിൽ യാത്രാ സമയം കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്.
ഓണക്കാലത്തിൻ്റെ തിരക്ക് ആരംഭിക്കുന്നതിനു മുൻപ് റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താത്ത പക്ഷത്തിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന് രവീശ തന്ത്രി മുന്നറിയിപ്പു നൽകി. അനാസ്ഥ തുടരുകയാണെങ്കിൽ ബിജെപി സമരരംഗത്തിറങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.