city-gold-ad-for-blogger

Allegation | എടനീർ മഠാധിപതിയുടെ വാഹനത്തിന് നേരെയുണ്ടായ അക്രമത്തിൽ കേസെടുക്കാത്തത് പൊലീസിന്റെയും സർകാരിന്റെയും വീഴ്ചയെന്ന് അഡ്വ. കെ ശ്രീകാന്ത്; എംപിക്കും കലക്ടർക്കും വിമർശനം

BJP leaders hold press conference addressing attack on Edneer Swami’s vehicle
KasargodVartha Photo

● പൊലീസിന്റെ അനാസ്ഥയും സർക്കാരിന്റെ നിഷ്‌ക്രിയതയും ആരോപിച്ചു
● സ്വാമിക്ക് പ്രത്യേക സുരക്ഷ ആവശ്യമാണെന്ന് ബിജെപി ആവശ്യപ്പെട്ടു
● 'തോക്കിന്റെ ലൈസന്‍സ് പുതുക്കി നല്‍കാതെ നാല് വര്‍ഷമായി'

 

കാസർകോട്: (KasargodVartha) എടനീർ മഠാധിപതി സച്ചിതാനന്ദ ഭാരതി സ്വാമിക്കും വാഹനത്തിനും നേരെയുണ്ടായ അക്രമം വളരെ ഗൗരവമുള്ളതാണെന്നും കേസെടുക്കാത്തത് പൊലീസിന്റെയും സർക്കാരിന്റെയും വീഴ്ചയാണെന്നും  ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാന സൈക്ലിങ് മത്സരം നടക്കുന്നതിന്റെ പേരിൽ എട്ട് കിലോമീറ്റർ റോഡിൽ അനധികൃതമായി ഗതാഗത തടസം സൃഷ്ടിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനം തടഞ്ഞ് നിർത്തിയപ്പോൾ എടനീർ മഠാധിപതിയാണെന്ന് മനസിലാക്കി ആദ്യം യാത്ര ചെയ്യാന്‍ അനുവദിക്കുകയും എട്ട് കിലോമീറ്റർ പിന്നിടുമ്പോൾ വീണ്ടും വാഹനം തടഞ്ഞ് നിർത്തി വാഹനത്തിന് നേരെ അക്രമണം നടത്തി സ്വാമിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് മനപൂർവമാണെന്ന് ശ്രീകാന്ത് പറഞ്ഞു.
സംസ്ഥാന തല മത്സരം നടക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളൊന്നും തന്നെ ഇരിയണ്ണിയിൽ ഉണ്ടായിരുന്നില്ലെന്നും ക്രമസമാധാനം നോക്കേണ്ട പൊലീസും അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലാ പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തു നിന്നും കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായിട്ടുള്ളത്. സ്വാമിക്ക് മാത്രമല്ല അതിലൂടെ കടന്ന് പോയ നിരവധി വാഹനങ്ങള്‍ക്ക് നേരെയും അക്രമണം ഉണ്ടായിട്ടുണ്ട്. പരാതി നല്‍കിയിട്ടും കേസെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം ലഭിച്ചതുകൊണ്ടാണെന്നും അദ്ദേഹം  ആരോപിച്ചു.

സ്വാമിക്കും എടനീർ മഠത്തിനും സുരക്ഷാഭീഷണിയുണ്ട്. അദ്ദേഹത്തിന്റെ യാത്രയും ഇപ്പോൾ ഭീഷണിയിലാണ്. രാജ്‌മോഹൻ ഉണ്ണിത്താന്‍ എംപി നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണ്. എടനീർ സ്വാമി സഞ്ചരിക്കുമ്പോൾ വിലപിടിപ്പുള്ള സ്വർണവും മറ്റും കൂടെ കൊണ്ട് പോകുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങൾ  വഴി ഉണ്ണിത്താന്‍ പ്രചരിപ്പിച്ചതോടെ ഭീഷണി വർധിച്ചിരിക്കുകയാണ്. അതിനാല്‍ സ്വാമിക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണം.

കേരളത്തിന്റെ വടക്കേ അറ്റത്ത് ഹൈന്ദവ ആരാധനാലയങ്ങൾ കവർച്ചയുടെ മറവില്‍ അക്രമിക്കപ്പെടുകയും സ്വർണവും വിലപിടിച്ച വിഗ്രഹങ്ങളും മോഷ്ടിക്കപ്പെടുകയുമാണ്. ബാങ്കുകളും വ്യാപാര സ്ഥപനങ്ങളും വീടുകളും വ്യാപകമായി കൊള്ളയടിക്കപ്പെടുകയാണ്. ഒരു സംഭവത്തില്‍ പോലും പ്രതികളെ പിടിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ആവശ്യമായ മുന്‍കരുതലും എടുക്കാന്‍ പൊലീസിന് സാധിക്കുന്നില്ല. ആഭ്യന്തര വകുപ്പും പൊലീസും നിഷ്‌ക്രിയമാണ്.

മോഷണ സംഘങ്ങളെ പിടികൂടാനും ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും പൊലീസ് സേനയില്‍ പ്രത്യേകം സ്‌ക്വാഡ് രൂപീകരിക്കണം. ആവശ്യമായ ഫോഴ്‌സിനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. വര്‍ഷങ്ങള്‍ക്ക് മുമ്പെ എടനീര്‍ മഠത്തിനുണ്ടായിരുന്ന തോക്കിന്റെ ലൈസന്‍സ് പുതുക്കി നല്‍കാതെ നാല് വര്‍ഷമായി ജില്ലാ കലക്ടറുടെ ഫയലില്‍ കിടക്കുകയാണെന്നും കഴിവ് കെട്ട ജില്ലാ കലക്ടറാണ് നമുക്കുള്ളതെന്നും അങ്ങനെയുള്ളവര്‍ എന്ത് സംരക്ഷണമാണ് നല്‍കുന്നതെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി. 

ഹൈന്ദവ സമൂഹത്തെ പുച്ഛത്തോടെ കാണുന്ന പിണറായി സര്‍ക്കാര്‍ സ്വാമിജിക്ക് നേരെയുണ്ടായ അക്രമത്തില്‍ ശക്തമായ നടപടി എടുത്തില്ലെങ്കില്‍ ബിജെപി പ്രത്യക്ഷസമരത്തിനിറങ്ങുമെന്ന് അഡ്വ. കെ. ശ്രീകാന്ത് കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് സുധാമ ഗോസാഡ, ബദിയടുക്ക മണ്ഡലം പ്രസിഡന്റ് എം ഗോപാലകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.

#EdaneerMutt #KeralaPolitics #ReligiousAttack #BJPProtest #KeralaPolice

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia