Charity | കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ബിരിയാണി ചലൻജ്; സ്വരൂപിച്ചത് 16 ലക്ഷം രൂപ കൈമാറി; ഒരു നാടിന്റെ സ്നേഹത്തിന്റെ വിളംബരം
![biryani challenge raises 16 lakh for liver transplant](https://www.kasargodvartha.com/static/c1e/client/114096/uploaded/0140b16f6c0ea9c154ee82571c451536.webp?width=823&height=463&resizemode=4)
വ്യത്യസ്ത മേഖലകളായി തിരിച്ച് നടത്തിയ യോഗങ്ങളും, വാർഡ് തലത്തിൽ രൂപീകരിച്ച കമ്മിറ്റികളും, സോഷ്യൽ മീഡിയയിലെ വ്യാപകമായ പ്രചാരണവും ചേർന്ന് പദ്ധതി വൻ വിജയമാക്കി
മാലോം: (KasargodVartha) പ്രദേശവാസിയായ നിർധന ഗൃഹനാഥന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി നടത്തിയ ബിരിയാണി ചലൻജ് അവിസ്മരണീയമായ ഒരു അധ്യായം കൂട്ടിച്ചേർത്തു. സ്നേഹവും ഐക്യവും ഒത്തുചേർന്നപ്പോൾ ഒരുനാഥ് മുഴുവൻ ഒത്തുചേർന്ന് ജീവൻ രക്ഷിക്കാനായി മുന്നോട്ട് വരികയായിരുന്നു.
വ്യത്യസ്ത മേഖലകളായി തിരിച്ച് നടത്തിയ യോഗങ്ങളും, വാർഡ് തലത്തിൽ രൂപീകരിച്ച കമ്മിറ്റികളും, സോഷ്യൽ മീഡിയയിലെ വ്യാപകമായ പ്രചാരണവും ചേർന്ന് പദ്ധതി വൻ വിജയമാക്കി. യുവാക്കളും സ്ത്രീകളും അടക്കമുള്ള പൊതു സമൂഹം ഏറ്റെടുത്ത ഈ പദ്ധതിയിലൂടെ 16,13,100 രൂപ സ്വരൂപിക്കാൻ കഴിഞ്ഞു.
ഗിരീഷ് വട്ടകാട്ട് ചെയർമാനായ ബിരിയാണി ചലൻജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഈ പദ്ധതിയിലൂടെ സ്വരൂപിച്ച തുക ചികിത്സ സഹായ കമ്മിറ്റി കൺവീനറും മാലോം സെന്റ് ജോർജ് ഫൊറോന ചർച്ച് വികാരിയുമായ ഫാദർ ജോസഫ് തൈക്കുന്നുംപുറത്തിന് കൈമാറി. സ്വയം സേവനം ചെയ്യാൻ വിവിധ ക്ലബുകൾ, കുടുംബശ്രീ, മാതൃവേദി, യുവജന കൂട്ടായ്മകൾ എന്നിവർ രംഗത്ത് എത്തിയതോടെ ചിലവ് കുറച്ച് കൂടുതൽ പണം സ്വരൂപിക്കാനും സാധിച്ചു.
വിനോദ് കുമാർ പി ജി അവതരിപ്പിച്ച വരവ് ചിലവ് കണക്ക് യോഗം അംഗീകരിച്ചു. യോഗത്തിൽ ഗിരീഷ് വട്ടകാട്ട് അധ്യക്ഷനായി. ഫാദർ ജോസഫ് തൈക്കുന്നുംപുറത്ത്, ഷോബി ജോസഫ്, ടി. കെ. എവുജിൻ, എൻ. ഡി. വിൻസെന്റ്, ആൻഡ്രൂസ് വട്ടക്കുന്നേൽ, പി സി രഘു നാഥൻ, ജെയിംസ്, ജെസ്സി ടോമി, കെ ഡി മോഹനൻ, ദിനേശൻ നാട്ടക്കൽ എന്നിവർ സംസാരിച്ചു.
ബിരിയാണി ചലൻജ് കമ്മിറ്റിയുടെ ജനറൽ കൺവീനർ ജോബി കാര്യാവിൽ, ട്രഷറർ വിനോദ് കുമാർ പി ജി, മീഡിയ കോർഡിനേറ്റർ ഡാർലിൻ ജോർജ് കടവൻ എന്നിവരായിരുന്നു. ബിരിയാണി ചലൻജ് വള്ളിക്കടവ് സെന്റ് ജോർജ് ചർച്ച് പാരീഷ് ഹാളിൽ ചേർന്ന യോഗത്തിലാണ് സമാപിച്ചത്. ചികിത്സയ്ക്ക് വേണ്ടി വിദേശത്തും സ്വദേശത്തുമുള്ളവർ സംഭാവന ചെയ്തു. വിദേശത്തും സ്വദേശത്തുമുള്ളവർ വഴി ലഭിച്ച 9,12,098 രൂപ സംഭാവന പൊതു സമൂഹത്തിന്റെ പിന്തുണയുടെ നേർ സാക്ഷ്യമായി.