Birthday Celebration | ബസിൽ പൂത്തുലഞ്ഞ പിറന്നാൾ ആഘോഷം
● അന്യരായ യാത്രക്കാർ ചേർന്ന് ആഘോഷം നടത്തി.
● സമൂഹമാധ്യമങ്ങളിൽ വൈറലായി.
തൃക്കരിപ്പൂർ: (KasargodVartha) ഒരു ചെറിയ കുട്ടിയുടെ പിറന്നാൾ ആഘോഷം സ്വകാര്യ ബസിൽ കെങ്കേമമായി നടന്നു. അവന്തിക എന്ന പേരുള്ള കുട്ടിയുടെ അഞ്ചാം പിറന്നാളാണ് ബസിലെ യാത്രക്കാർ ചേർന്ന് ആഘോഷിച്ചത്. കേക്ക് മുറിച്ചും പാട്ടുപാടിയും പുതിയ വസ്ത്രം അണിയിച്ചും അവളുടെ പിറന്നാൾ വളരെ ഗംഗഭീരമായി ആഘോഷിച്ചു.
ചീമേനി-പയ്യന്നൂർ റൂട്ടിൽ സഞ്ചരിക്കുന്ന ലവിംഗ് ബസിലെ സ്ഥിരം യാത്രക്കാരാണ് ഈ ആഘോഷത്തിന് നേതൃത്വം നൽകിയത്. ബസ് ജീവനക്കാരും ആഘോഷത്തിൽ സജീവമായി പങ്കെടുത്തു.
തടിയൻകൊവ്വൽ ബസ് സ്റ്റോപ്പിൽ നിന്ന് ഒളവറയിലെ സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നതിനായി മുണ്ട്യ ബസ് സ്റ്റോപ്പിൽ ഇറങ്ങാറുള്ള മാനസയുടെ മകളാണ് ഇളമ്പച്ചി സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാർത്ഥി അവന്തിക. രാവിലെ 8.30 ന് ബസിൽ തടിയൻകൊവ്വൽ പോളിടെക്നിക് ബസ് സ്റ്റോപ്പിൽ നിന്നും മാനസക്കൊപ്പം കയറിയ അവന്തികക്ക് സ്ഥിരം യാത്രക്കാരായവർ പുതു വസ്ത്രവും മധുരം കിനിയും കേക്കും സമ്മാനിച്ചു. ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം ബസ് നിർത്തിയതോടെ പിറന്നാൾ ആഘോഷത്തിന് അരങ്ങൊരുങ്ങുകയായിരുന്നു.
പല തൊഴിൽ മേഖലയിലെ പതിനഞ്ചോളം പേർ ചേർന്ന് അവന്തികയ്ക്ക് പാട്ടുപാടി, ആശംസകൾ നേർന്നു. പിലാത്തറയിലെ വസ്ത്രശാലയിലുള്ള സിന്ധു, ഇളമ്പച്ചി സർക്കാർ ഹോമിയോ ആശുപത്രിയിലെ അജിത, പയ്യന്നൂർ വസ്ത്രശാലയിലെ രേഖ, ഇളമ്പച്ചി ഖാദി നെയ്ത്ത് ശാലയിലെ ദീപ, ഒളവറ ഫർണിച്ചർ സ്ഥാപനത്തിലെ കീർത്തന തുടങ്ങിയവരായിരുന്നു പ്രധാനമായും ഈ ആഘോഷത്തിൽ പങ്കെടുത്തവർ.
ബീരിച്ചേരി ബസ് സ്റ്റോപ്പിൽ വച്ച് ഏകദേശം അഞ്ച് മിനിട്ട് നീണ്ടു നിന്ന ഈ ആഘോഷം അവന്തികയ്ക്കും അവളുടെ അമ്മയ്ക്കും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.
#birthday #bus #celebration #Kerala #India #heartwarming #community #kindness