ബിഹാർ തിരഞ്ഞെടുപ്പ് ആവേശം: ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതോടെ കാസർകോട്ട് നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ചു
● രാഹുൽ ഗാന്ധി ഉയർത്തിയ 'വോട്ട് ചോരി'ക്ക് ശക്തി പകരാനാണ് മടക്കമെന്ന് തൊഴിലാളിയുടെ പ്രതികരണം.
● ഹരിയാനയിൽ നിന്നും ഡൽഹിയിൽ നിന്നും പ്രത്യേക ട്രെയിനുകൾ ഏർപ്പാട് ചെയ്തത് വിവാദമായി.
● ട്രെയിൻ യാത്രയിൽ കള്ളവോട്ട് ആരോപണവുമായി കപിൽ സിബൽ രംഗത്തുവന്നു.
● റെയിൽവേ മന്ത്രി വിശദീകരണം നൽകണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടിട്ടുണ്ട്.
● ബംഗാൾ സ്വദേശികളെ തിരിച്ചുവിളിക്കാനുള്ള മമതാ ബാനർജിയുടെ ശ്രമം കേരളത്തിൽ വിജയിച്ചില്ല.
കാസർകോട്/പാറ്റ്‌ന: (KasargodVartha) ബിഹാർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന ദൃഢനിശ്ചയത്തോടെയാണ് കാസർകോട് ജില്ലയുടെ 'പണിമുടക്കി' ബിഹാർ സ്വദേശികൾ കഴിഞ്ഞയാഴ്ച സ്വദേശത്തേക്ക് മടങ്ങിയത്.
മുൻ തിരഞ്ഞെടുപ്പുകളിലൊന്നും ഉണ്ടായിട്ടില്ലാത്ത ആവേശമായിരുന്നു ഇതരസംസ്ഥാന തൊഴിലാളികൾക്ക്. രാഹുൽ ഗാന്ധി ഉയർത്തിവിട്ട 'വോട്ട് ചോരി' ആരോപണങ്ങൾ ഇവർക്കിടയിലും വലിയ ചർച്ചയായിരുന്നു. ഇത്തവണ വോട്ട് ചെയ്തിട്ട് തന്നെ കാര്യമെന്ന നിലയിലാണ് ബിഹാറികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയത്. മറ്റ് ജില്ലകളിൽ നിന്നും സമാന രീതിയിൽ ബിഹാറിലേക്ക് അനേകം തൊഴിലാളികൾ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോയിട്ടുണ്ടെന്നാണ് ഒരു ബിഹാർ സ്വദേശി കാസർകോട് വാർത്തയോട് പ്രതികരിച്ചത്.
ബിഹാരി സ്വദേശികളുടെ നാട്ടിലേക്കുള്ള മടക്കം ജില്ലയിലെ നിർമാണ പ്രവർത്തനങ്ങൾ ഏറെക്കുറെ സ്തംഭിച്ച മട്ടാണ്. നിർമാണ പ്രവർത്തനങ്ങൾ തുടരണമെങ്കിൽ ഫലപ്രഖ്യാപനത്തിനുശേഷം തൊഴിലാളികൾ തിരിച്ചെത്തുന്നതുവരെ കാത്തുനിൽക്കണം. 2500-ലേറെ ബിഹാർ സ്വദേശികളാണ് ജില്ലയിൽ നിന്നുമാത്രം വോട്ടവകാശം വിനിയോഗിക്കാൻ സ്വദേശത്തേക്ക് മടങ്ങിയതെന്ന് പറയുന്നു.
അതിനിടെ, ബിഹാറിലേക്ക് പ്രത്യേക നാല് സ്പെഷ്യൽ ട്രെയിനുകൾ ഹരിയാനയിൽ നിന്നും ഡൽഹിയിൽ നിന്നും കേന്ദ്രസർക്കാർ ഏർപ്പാട് ചെയ്തത് ചോദ്യം ചെയ്ത് മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ രംഗത്തുവന്നു. 6,000-ത്തോളം യാത്രക്കാർ പ്രസ്തുത ട്രെയിനുകളിൽ കള്ളവോട്ട് ചെയ്യാൻ ബിഹാറിലെത്തിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ട്രെയിനിലെത്തിയവരെല്ലാം ശരിയായ വോട്ടർമാരാണെങ്കിൽ അവർ സ്വന്തം ചെലവിൽ യാത്ര ചെയ്യുമായിരുന്നുവെന്നും, എന്തിനാണ് അവരെ അയക്കാൻ പ്രത്യേക ട്രെയിൻ ഓടിച്ചതെന്നും റെയിൽവേ മന്ത്രി വിശദീകരണം നൽകണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ഇത് വലിയ കോളിളക്കമുണ്ടാക്കുമെന്നതിൽ സംശയമില്ല. വോട്ട് ചോർച്ച ആരോപണവും ഇതോടൊപ്പം ഉയരും.
അതിനിടെ, കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന ബംഗാൾ സ്വദേശികളെ സ്വദേശത്തേക്ക് തിരിച്ചുവിളിക്കാനുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ശ്രമം വിജയിച്ചിട്ടില്ല. പശ്ചിമ ബംഗാളിൽ തന്നെ നല്ല ജോലിയും കൂലിയും നൽകാമെന്നാണ് മമതാ ബാനർജിയുടെ വാഗ്ദാനം.
നല്ല കൂലിയും തൊഴിൽ സാഹചര്യവുമുള്ള തങ്ങൾ എന്തിനാണ് ജോലി ഉപേക്ഷിച്ച് മടങ്ങി പോകേണ്ടതെന്ന് ബംഗാളികൾ തന്നെ ചോദിക്കുന്നുമുണ്ട്. കേരളത്തിലെ കൂലി തന്നെയാണ് അവർക്ക് മുഖ്യ ആകർഷണം.
കായികാധ്വാനം ഏറെയുള്ള നിർമാണ രംഗത്താണ് അവർ കൂടുതലായും കേരളത്തിൽ ജോലി ചെയ്യുന്നത്. മരപ്പണി, ഫർണിച്ചർ നിർമാണ രംഗം, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് മുതൽ ജ്വല്ലറി നിർമാണ രംഗത്ത് വരെ ബംഗാളി സാന്നിധ്യമുണ്ട്.
900 രൂപ മുതൽ 1200 രൂപ വരെ കൂലിയും വാങ്ങുന്നുണ്ട്. തൊഴിലിന്റെ സ്വഭാവമനുസരിച്ച് ഇതിലും കൂടുതൽ കൂലി വാങ്ങുന്നവരുമുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Over 2500 Bihar migrant workers left Kasaragod for elections, stalling construction, amid political controversy over special trains.
#BiharElection #Kasaragod #MigrantWorkers #KeralaConstruction #KapilSibal #VottingRights






