Drama Festival | ബേവൂരിയിൽ വീണ്ടും അരങ്ങുണരുന്നു; സംസ്ഥാനതല നാടക മത്സരവും ജില്ലാതല അമേച്വർ നാടക പ്രദർശനവും ഡിസംബർ 3 മുതൽ
● മൂന്നിന് വൈകിട്ട് 6.30ന് ഡോ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്യും.
● ജ്യോതി പ്രയാണം മൂന്നിന് വൈകിട്ട് നാലിന് ടി കെ അഹമ്മദ് ശാഫി നഗറിൽ നിന്നും ആരംഭിക്കും.
കാസർകോട്: (KasargodVartha) ഉദുമ ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന അഞ്ചാമത് കെ ടി മുഹമ്മദ് സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരത്തിനും ജില്ലാതല അമേച്വർ നാടക പ്രദർശനത്തിനും ഡിസംബർ മൂന്നു മുതൽ ഏഴുവരെ ഓപ്പൺ ഓഡിറ്റോറിയത്തിൽ തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മൂന്നിന് വൈകിട്ട് 6.30ന് ഡോ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഐ വി ദാസ് പുരസ്കാര ജേതാവ് അഡ്വ. പി അപ്പുക്കുട്ടൻ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനതല നാടക മത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്ത സി കെ രാജേഷ്, സംസ്ഥാന സ്‌കൂൾ മീറ്റിൽ വേഗമേറിയ താരം രഹ്‌ന രഘു എന്നിവരെ ആദരിക്കും.
ജ്യോതി പ്രയാണം മൂന്നിന് വൈകിട്ട് നാലിന് ടി കെ അഹമ്മദ് ശാഫി നഗറിൽ നിന്നും ആരംഭിക്കും. രാത്രി 7.30ന് തിരുവനന്തപുരം നവോദയുടെ 'കലുങ്ക്' നാടകം. നാലിന് വൈകിട്ട് പി ഭാസ്ക്‌കരൻ ജന്മശദാബ്ദി ആഘോഷം 'മഞ്ഞണിപ്പൂനിലാവ്'. പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് തിരുവനന്തപുരം ശ്രീനന്ദനയുടെ 'യാനം' നാടകം. അഞ്ചിന് വൈകിട്ട് അഞ്ചിന് മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന സെമിനാർ മാധ്യമ പ്രവർത്തകൻ പി വി കുട്ടൻ ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകരായ വി വി പ്രഭാകരൻ, വിനോദ് പായം, അബ്‌ദുല്ല കുഞ്ഞി ഉദുമ എന്നിവർ സംസാരിക്കും.
വിവർത്തന സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എ എം ശ്രീധരനെ ആദരിക്കും. രാത്രി ആലപ്പുഴ സൂര്യകാന്തിയുടെ 'കല്ല്യാണം' നാടകം. ആറിന് വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സായാഹ്നം കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്യും. ഡോ. സന്തോഷ് പനയാൽ പ്രഭാഷണം നടത്തും. നാടക അക്കാദമി അവാർഡ് ജേതാവ് വി ശശി, ബേക്കൽ ഉപജില്ല അറബിക് സാഹിത്യോത്സവത്തിന് മികച്ച പ്രകടനം കാഴ്ചവെച്ച ജെംസ് സ്‌കൂളിലെ ഫാദിയ മറിയമിനെയും ബേക്കൽ ഉപജില്ല കലോത്സവത്തിൽ എൽപി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായ ഉദുമ അംബിക എഎൽപിസ്കൂളിനെയും, അറബിക് കലാമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ജെംസ് സ്‌കൂളിനെയും സംസ്ഥാന സഹകരണ അവാർഡ് നേടിയ ഉദുമ വനിത സഹകരണ സംഘം, പനയാൽ സഹകരണ ബാങ്ക് എന്നിവരെ ആദരിക്കും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട്‌ടർ മധുസൂധനൻ ഉപഹാരം നൽകും. രാത്രി 7.30 ന് കോഴിക്കേട് രംഗമിത്രയുടെ 'മഴവില്ല്' നാടകം.
ഏഴിന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ പി വി ഷാജി കുമാർ മുഖ്യപ്രഭാഷണം നടത്തും. നാടക മത്സര വിജയികൾക്ക് സമ്മാനം നൽകും. രാത്രി 7.30 ന് അമേചർ നാടക പ്രദർശനം. ചന്ദ്രഗിരി കലാസമിതിയുടെ 'ബസുമതി' എന്ന നാടകവും 8.30ന് സൗഹൃദ വായനശാല യുടെ 'മൂരികൾ ചുരമാന്തുമ്പോൾ' എന്ന നാടകവും അരങ്ങേറും.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ വി രഘുനാഥൻ, പോഗ്രാം കമ്മിറ്റി കൺവീനർ അബ്ബാസ് രചന, ജനറൽ കൺവീനർ എൻ എ അഭിലാഷ്, കെ വിജയകുമാർ, രാജേഷ് മാങ്ങാട്, രവീന്ദ്രൻ കൊക്കാൽ, കെ വി ബാലകൃഷ്ണൻ എന്നി വർ പങ്കെടുത്തു.