സ്ലാക് ടൈം ഒഴിവാക്കിയില്ല; വടക്കൻ കേരളത്തിലെ യാത്രക്കാർക്ക് ബംഗ്ളൂരു എക്സ്പ്രസ് എക്സ്റ്റൻഷൻ ദുരിതമാകുന്നു
● അശാസ്ത്രീയമായ സമയക്രമം കാരണം പയ്യന്നൂർ മുതൽ കോഴിക്കോട് വരെയുള്ള യാത്രക്കാർ പ്രതിസന്ധിയിൽ
● പയ്യന്നൂരിൽ രാവിലെ 09:11-ന് എത്തുന്ന ട്രെയിൻ കണ്ണൂർ കടക്കാൻ രണ്ട് മണിക്കൂറിലധികം എടുക്കുന്നു
● കോഴിക്കോട് നിന്ന് പുറപ്പെടുന്ന സമയം 16:00 ആക്കി മാറ്റിയാൽ കാത്തിരിപ്പ് ഒഴിവാക്കാം
● സമയക്രമം പരിഷ്കരിച്ചാൽ പരശുരാം എക്സ്പ്രസിനെ ആശ്രയിക്കാതെ മടക്കം സാധ്യമാകും
● പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ യാത്രാ സംഘടനകളുടെ തീരുമാനം
നീലേശ്വരം: (KasargodVartha) പയ്യന്നൂർ മുതൽ കോഴിക്കോട് വരെയുള്ള യാത്രക്കാരുടെ നിത്യേനയുള്ള യാത്രാപ്രശ്നങ്ങൾക്ക് അറുതി വരുത്തേണ്ട റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടാകുന്നതായി പരാതി.
ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ്റെ ആസ്തി പണയപ്പെടുത്തി നേടിയെടുത്ത ബംഗ്ളൂരു - കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടിയെങ്കിലും, നിലവിലെ അശാസ്ത്രീയമായ സമയക്രമം കാരണം പയ്യന്നൂർ, നീലേശ്വരം, കണ്ണൂർ തുടങ്ങി കോഴിക്കോട് വരെയുള്ള യാത്രക്കാർക്ക് ഇത് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നു. പണ്ട് വണ്ടി കണ്ണൂർ വരെ മാത്രമുള്ള സർവീസായിരുന്നപ്പോൾ പാലിച്ചിരുന്ന റണ്ണിങ് സമയത്തിലെ സ്ലാക് ടൈം ഒഴിവാക്കാതെ കോഴിക്കോട് വരെ നീട്ടിയതാണ് ഈ പ്രതിസന്ധിക്ക് കാരണം.
രാവിലത്തെ സമയക്രമത്തിലെ അപാകതകൾ
പയ്യന്നൂർ മുതൽ കോഴിക്കോട് വരെയുള്ള വിവിധ സ്റ്റേഷനുകളിലെ യാത്രക്കാർ ഓരോ ദിവസവും യാത്രാവൈഷമ്യങ്ങളാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ സമയക്രമം പരിശോധിച്ചാൽ ഇതിലെ യാത്രാപ്രശ്നങ്ങൾ വ്യക്തമാകും.
പയ്യന്നൂരിൽ രാവിലെ 09:11-ന് എത്തുന്ന ട്രെയിൻ കണ്ണൂർ കടക്കാൻ രണ്ട് മണിക്കൂറിലധികം സമയം വേണ്ടിവരുന്നുണ്ട്. ഈ സമയം കൊണ്ട് പയ്യന്നൂരിൽ ട്രെയിൻ ഇറങ്ങി ബസ് മാർഗം വടകര വരെ എത്തുവാൻ സാധിക്കുമെന്നിരിക്കെ, ട്രെയിൻ യാത്ര നീളുന്നത് യാത്രക്കാരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. കണ്ണൂരിൽ 09:45-ന് എത്തി കോഴിക്കോടേക്ക് പുറപ്പെടുന്ന രീതിയിൽ സമയം ക്രമീകരിച്ചാൽ, കോഴിക്കോട്ട് 11:00 മണിയോടെ എത്തിച്ചേരാൻ സാധിക്കും.
സ്ലാക് ടൈം പൂർണമായി ഒഴിവാക്കി സമയം 11:30 അല്ലെങ്കിൽ 11:40 ആക്കാൻ കഴിഞ്ഞാൽ മൊത്തത്തിലുള്ള റണ്ണിങ് സമയം ഒരു മണിക്കൂറിലേറെ കുറച്ചുകിട്ടുമെന്നാണ് പ്രധാന വിലയിരുത്തൽ. കൂടാതെ, കണ്ണൂരിൽ രാവിലെ 10:00 മണിക്ക് മുൻപ് ഈ വണ്ടി എത്തുന്നതുവഴി, നിലവിലുള്ള ഏറനാട് എക്സ്പ്രസിലെ രാവിലെ കണ്ണൂർ വരെയുള്ള തിരക്ക് ഒരു പരിധി വരെ ലഘൂകരിക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മടക്കയാത്രയിലെ കാത്തിരിപ്പ്
മടക്കയാത്രയിലും പയ്യന്നൂർ മുതൽ കോഴിക്കോട് വരെയുള്ള യാത്രക്കാർ സമാനമായ യാത്രാപ്രശ്നമാണ് നേരിടുന്നത്. മംഗ്ളൂരിൽ നിന്ന് രാത്രി 20:10-ന് പുറപ്പെടേണ്ട ഈ വണ്ടിക്ക്, സമയക്രമപ്രകാരം എൻജിൻ റിവേഴ്സൽ ചെയ്യാൻ പാകത്തിൽ 19:50 ആണ് അറൈവൽ സമയം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ വളരെ നേരത്തെ അതായത് 19:15-ഓടെ തന്നെ വണ്ടി മംഗ്ളൂരിൽ എത്തിച്ചേരുന്നു. ഇതുമൂലം വെറുതെ ഒരു മണിക്കൂറോളം അവിടെ കാത്തുകിടക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്.
ഈ സാഹചര്യം ഒഴിവാക്കാൻ കോഴിക്കോട് നിന്നും പുറപ്പെടുന്ന സമയം വൈകിട്ട് 15:30 എന്നുള്ളത് 16:00 ആക്കി മാറ്റിയാൽ മതിയാകും. തുടർന്ന് പയ്യന്നൂർ, കണ്ണൂർ, നീലേശ്വരം, കാസർകോട് ഭാഗങ്ങളിലേക്ക് സമയത്ത് എത്തുന്ന രീതിയിലും സർവീസ് പരിഷ്കരിക്കാം. ഇത് ഓഫീസിൽ നിന്നിറങ്ങുന്ന ജീവനക്കാർക്കും വിദ്യാർഥികൾക്കും വടക്കൻ മലയോര-തീരദേശ ഭാഗങ്ങളിലേക്ക് ഒരു വണ്ടി ലഭിക്കാൻ സഹായകരമാകും.
നിലവിൽ വൈകിട്ട് ആറര വരെ പരശുരാം എക്സ്പ്രസിനായി കാത്തുനിൽക്കേണ്ട സാഹചര്യം ഇതിലൂടെ പൂർണമായും ഒഴിവാക്കാൻ സാധിക്കും. യാത്രാ സമയം ലാഭിക്കുന്നതിനായി കണ്ണൂരിൽ 17:30-നും കാസർകോട് 18:45-നും എത്തുന്ന രീതിയിൽ മാറ്റിയാൽ മലയോര-തീരദേശ മേഖലകളിലെ ജീവനക്കാർക്കും യാത്രക്കാർക്കും പരശുരാമിനെ ആശ്രയിക്കാതെ മടക്കം സാധ്യമാകും.
സമരപരിപാടികളുമായി യാത്രാ സംഘടനകൾ
പയ്യന്നൂർ, നീലേശ്വരം, കണ്ണൂർ, കോഴിക്കോട് മേഖലകളിലെ ആയിരക്കണക്കിന് യാത്രക്കാരുടെ നിത്യേനയുള്ള യാത്രാപ്രശ്നങ്ങൾക്ക് അറുതി വരുത്താൻ പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ തയ്യാറാകണമെന്ന് വിവിധ ജനപ്രതിനിധികളും യാത്രാ സംഘടനകളും ആവശ്യപ്പെടുന്നു.
കോടികൾ ചെലവിട്ട് നടപ്പിലാക്കുന്ന ഇത്തരം എക്സ്റ്റൻഷൻ സർവീസുകൾ ജനങ്ങൾക്ക് പൂർണ തോതിൽ പ്രയോജനപ്പെടും വിധം സമയക്രമം പുനർനിർമിക്കണമെന്നാണ് ഉയർന്നുവരുന്ന പൊതുവികാരം. അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് യാത്രാകൂട്ടായ്മകളുടെ തീരുമാനം.
കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള യാത്രാപ്രശ്നങ്ങൾ വ്യക്തമാക്കുന്ന ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: North Kerala train passengers face hardship due to unscientific slack timings.
#KasargodVartha #KeralaRailways #PalakkadDivision #NorthKerala #TrainTimingIssue #BengaluruExpress #RenuNews






