ബേക്കൽ താജ് ഹോട്ടലിന് സമീപം നീരൊഴുക്ക് പുനഃസ്ഥാപിച്ചു; പ്രദേശവാസികളുടെ ആശങ്കകൾക്ക് പരിഹാരമാകുമോ?

● പൈപ്പും മാൻഹോളും സ്ഥാപിച്ച് നീരൊഴുക്ക് സാധാരണ നിലയിലാക്കി.
● ശാശ്വത പരിഹാരമായി കനാൽ നിർമ്മിക്കാൻ നിർദ്ദേശം വെച്ചിട്ടുണ്ട്.
● ഹോട്ടലിന് 29 ഏക്കർ സ്ഥലമാണ് ബി.ആർ.ഡി.സി പാട്ടത്തിന് നൽകിയത്.
● ബീച്ച് ഭാഗത്തെ മൂന്ന് ഏക്കറിൽ കോട്ടേജുകൾ നിർമ്മിക്കാൻ പദ്ധതിയുണ്ട്.
● സി.ആർ.സെഡ് വിഷയത്തിൽ ഇളവിനായി അനുമതി തേടിയിട്ടുണ്ട്.
ബേക്കൽ: (KasargodVarrtha) പുഴയോരത്തെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് ഗേറ്റ്‌വേയ്ക്ക് ബീച്ച് ഭാഗത്ത് പാട്ടത്തിന് നൽകിയ സ്ഥലത്തെ നീരൊഴുക്ക് തടസ്സപ്പെട്ട പ്രശ്നത്തിന് പരിഹാരമായി. മഴയത്ത് മണൽ നിറഞ്ഞ് അഴി അടഞ്ഞതാണ് നീരൊഴുക്ക് തടസ്സപ്പെടാൻ കാരണമെന്ന് ബി.ആർ.ഡി.സി എം.ഡി ഷിജിൻ പറമ്പത്ത് കാസർകോട് വാർത്തയോട് പ്രതികരിച്ചു.
പ്രശ്നം പ്രദേശവാസികൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, ബി.ആർ.ഡി.സി എം.ഡി ഷിജിൻ പറമ്പത്ത്, പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുല്ല, സി.പി.എം ലോക്കൽ സെക്രട്ടറി സുധാകരൻ, ബ്രാഞ്ച് സെക്രട്ടറി ഇസ്മായിൽ എന്നിവർ സ്ഥലത്തെത്തി ഗേറ്റ്‌വേ മാനേജരുമായി ചർച്ച നടത്തി.
അഴി മുറിച്ച് വലിയ പൈപ്പും മാൻഹോളും സ്ഥാപിച്ച് നീരൊഴുക്ക് സാധാരണ നിലയിലാക്കിയിട്ടുണ്ട്. ശാശ്വത പരിഹാരമെന്ന നിലയിൽ കനാൽ നിർമ്മിച്ച് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ ടാറ്റാ അധികൃതർക്ക് മുന്നിൽ നിർദ്ദേശവും വെച്ചിട്ടുണ്ട്.
ഗേറ്റ്‌വേ ഹോട്ടലിന് 29 ഏക്കർ സ്ഥലമാണ് ബി.ആർ.ഡി.സി പാട്ടത്തിന് നൽകിയത്. ബേക്കൽ പുഴയോരത്ത് 26 ഏക്കർ സ്ഥലത്താണ് ഹോട്ടൽ നിർമ്മിച്ചത്. ബാക്കി മൂന്ന് ഏക്കർ ബീച്ച് ഭാഗത്താണ് അനുവദിച്ചത്. ഈ ഭാഗത്താണ് മണ്ണടിഞ്ഞ് അഴിമുഖം മൂടാറുള്ളത്.
ബീച്ച് ഭാഗത്തെ മൂന്ന് ഏക്കറിൽ കോട്ടേജുകൾ നിർമ്മിക്കാൻ ഗേറ്റ്‌വേ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സി.ആർ.സെഡ് വിഷയമുള്ളതുകൊണ്ട് കോട്ടേജുകൾ നിർമ്മിക്കാൻ ഇളവിനായി അനുമതി തേടിയിട്ടുണ്ട്. ഇവിടെ ഇപ്പോൾ മതിൽ നിർമ്മാണം നടക്കുന്നുണ്ട്.
നിർമ്മാണ പ്രവർത്തനം നടക്കുന്ന സാഹചര്യത്തിൽ ബീച്ചിലേക്കുള്ള പൊതുവഴി തടസ്സപ്പെടുത്തുന്ന നടപടി ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ഇടപെട്ട് ഇക്കാര്യത്തിൽ താൽക്കാലികമായ പരിഹാരം നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായം രേഖപ്പെടുത്തുക.
Article Summary: Bekal Taj Gateway river flow resolved, but public access issues remain.
#Bekal #TajGateway #RiverFlow #KeralaNews #PublicAccess #Controversy