പോലീസ് സ്റ്റേഷന് ഓട്ടോ സ്റ്റാന്‍ഡിന്റെ പ്രതീതി ഉളവാക്കുന്നു
Jul 13, 2012, 12:24 IST
ബേക്കല്‍: ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ചെല്ലുന്നവര്‍ പോലീസ് സ്റ്റേഷന് ഓട്ടോ സ്റ്റാന്‍ഡ് അക്കിമാറ്റിയോ എന്ന് ചോദിച്ചുപോകും. പതിനഞ്ചോളം ഓട്ടോറിക്ഷകളാണ് ഇവിടെ നിരത്തിയിട്ടിരിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്കി മടങ്ങുന്നവര്ക്ക്് ഈ ഓട്ടോറിക്ഷയില്‍ വാടകപോകാമെന്നു കരുതേണ്ട. മണല്‍ കടത്തുമ്പോള്‍ പിടികൂടി കോടതിയില്‍ ഹാജരാക്കാന്‍ വെച്ചിരിക്കുകയാണ് ഇവയെല്ലാം.
ലോറികളില്‍ മണല്‍ കടത്തുന്നതിനെതിരെ പോലീസ് നടപടി ശക്തമാക്കിയതോടെയാണ് ഓട്ടോറിക്ഷകളിലും മറ്റു ചെറുവാഹനങ്ങളിലും മണല്‍ കടത്താന്‍ തുടങ്ങിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതോളം ഓട്ടോറിക്ഷകളാണ് മണല്‍ കടത്തുന്നതിനിടെ ബേക്കല്‍ എസ്.ഐ ഉത്തംദാസും സംഘം പിടികൂടിയത്. മണല്‍ കടത്തിന് കെയ്നറ്റിക്ക് ഹോണ്ട വരെ ഉപയോഗിക്കുന്നുണ്ടെന്നതാണ് രസകരം. ഇത്തരത്തില്‍ പിടികൂടിയ ഒരു കെയ്നറ്റിക് ഹോണ്ടയും മണല്‍ ചാക്കോടുകൂടി സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ടിട്ടുണ്ട്.
നേരത്തെ പിടികൂടിയ പൂഴികളും വാഹനങ്ങളും കോടതി ഉത്തരവിനെ തുടര്‍ന്ന് ലേലം ചെയ്ത് വില്‍പ്പന നടത്തിയിരുന്നു. അഞ്ച് ടിപ്പര്‍ ലോറി, മൂന്ന് ഒമ്നി വാന്‍, രണ്ട് കാര്‍ എന്നിവയും ഒരു മാസത്തിനിടെ പിടികൂടിയിട്ടുണ്ട്. ഇവയും പോലീസ് സ്റ്റേഷനു മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. പള്ളിക്കരയിലെ ഒരു ജനപ്രതിനിധിക്ക് മണല്‍ കടത്തുമായി ബന്ധമുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ചും, ഇന്റലിജന്‍സ് വിഭാഗവും നേരത്തെ ഉന്നതങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സ്ത്രീകളെ കൊണ്ടും യുവാക്കളെ ഉപയോഗിച്ചും തലചുമടായും മറ്റും മണല്‍ കൊണ്ടുവന്ന് ജനപ്രതിനിധികളുടെ വീട്ടില്‍ കൂട്ടിയിടുകയും ഇവ പിന്നീട് പോലീസിനെ വെട്ടിച്ച് വാഹനങ്ങളില്‍ കടത്തികൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മണല്‍ കടത്ത് പിടികൂടാന്‍ പോലീസ് എത്തിയപ്പോള്‍ സംഘം സമര്‍ത്ഥമായി രക്ഷപ്പെടുകയായിരുന്നു.
Keywords: Bekal Police Station, Auto-rickshaw, Kasaragod