Bekal Fort | ബേക്കൽ കോട്ടയിലെ 23 കിണറുകൾ പുനരുജ്ജീവിപ്പിക്കുന്നു; പ്രവൃത്തികൾ തുടങ്ങി
ബേക്കൽ: (KasargodVartha) അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ബേക്കൽ കോട്ടയിലെ ചരിത്രപ്രാധാന്യമുള്ള കിണറുകൾ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയിൽ കോട്ടയ്ക്ക് പുറത്തുള്ള മൂന്ന് കിണറുകളും അകത്തുള്ള ഇരുപത് കിണറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അമൃത് സരോവർ പദ്ധതിയുടെ ഭാഗമായാണ് കിണറുകളുടെ പുനരുദ്ധാരണം നടക്കുന്നത്.
മാലിന്യം വലിച്ചെറിയാതിരിക്കാനായി ഇരുമ്പ് ഗ്രിലുകൾ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. ഇതിൽ രണ്ട് കിണറുകൾക്ക് താഴെയിറങ്ങാനായി നടപ്പാതയുള്ളതാണ്. ഈ കിണറുകൾക്ക് സഞ്ചാരികളുടെ സുരക്ഷയ്ക്കായി പുതിയ കൈവരികൾ സ്ഥാപിക്കും. ഏഴ് കിണറുകളിലെ ചെളിയും മണ്ണും മാറ്റി മുകളിൽ ഗ്രിലുകൾ സ്ഥാപിച്ചു. ചില കിണറുകൾ ഇടിഞ്ഞ ഭാഗം ചെങ്കല്ല് കൊണ്ട് കെട്ടി സംരക്ഷിച്ചു. കിണറുകളുടെ പുറത്ത് സഞ്ചാരികൾക്ക് നടക്കാനായി ചെങ്കല്ല് പാകി.
മഴക്കാലം കഴിഞ്ഞാൽ ബാക്കിയുള്ള കിണറുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. കേന്ദ്ര പുരാവസ്തു വകുപ്പ് തൃശൂർ സർകിളിലെ ഉദ്യോഗസ്ഥരായ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് കെ. രാമകൃഷ്ണ റെഡ്ഡിയും ഡെപ്യൂട്ടി സുപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് സി കുമാരനും പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ബേക്കൽ കോട്ട സന്ദർശിച്ചു. ബേക്കൽ കോട്ടയുടെ ചുമതലയുള്ള കൺസർവേറ്റിവ് അസിസ്റ്റന്റ് ഷാജു പി വി.യും ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാടും ഒപ്പമുണ്ടായിരുന്നു.