Extension | ബേക്കൽ കോട്ടയുടെ സന്ദർശന സമയം രാവിലെ 6.30 മുതൽ വൈകീട്ട് 6.30 വരെയാക്കി വർധിപ്പിച്ചു
● ടിക്കറ്റ് നിരക്കിൽ മാറ്റമില്ല
● കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നിർദേശപ്രകാരമാണ് തീരുമാനം
● 15 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്
ബേക്കൽ: (KasargodVartha) ആളുകൾക്ക് ഇനി മുതൽ കൂടുതൽ സമയം ബേക്കൽ കോട്ടയുടെ സൗന്ദര്യം ആസ്വദിക്കാം. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നിർദേശപ്രകാരം ബേക്കൽ കോട്ടയുടെ സന്ദർശന സമയം വർധിപ്പിച്ചു. മുമ്പ് രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെയായിരുന്ന സന്ദർശന സമയം. ഇത് ഇപ്പോൾ രാവിലെ 6.30 മുതൽ വൈകിട്ട് 6.30 വരെയാക്കി.
മുമ്പ് വൈകിട്ട് 5.30 ന് അടയ്ക്കാറുണ്ടായിരുന്ന ടിക്കറ്റ് കൗണ്ടർ ഇനി വൈകിട്ട് ആറ് മണി വരെ തുറന്നിരിക്കും. സന്ദർശന സമയം വർധിപ്പിച്ചിട്ടുണ്ടെങ്കിലും ടിക്കറ്റ് നിരക്കിൽ ഒരു മാറ്റവും വന്നിട്ടില്ല. 25 രൂപയാണ് നിരക്ക്. ഓൺലൈനിൽ ഇത് 20 രൂപയാണ്. 15 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
കേന്ദ്ര പുരാവസ്തു വകുപ്പിൻ്റെ കേരളത്തിലെ മുഴുവൻ കോട്ടകളിലും പുതിയ സമയക്രമം പാലിക്കാൻ പുരാവസ്‌തു വകുപ്പ് തൃശൂർ സർക്കിൾ സുപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് കെ ആർ റെഡ്ഡി നിർദ്ദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബേക്കൽ കോട്ടയിലും മാറ്റമുണ്ടായത്.
രാവിലെ ഒന്നര മണിക്കൂർ മുമ്പും വൈകുന്നേരം അരമണിക്കൂർ കൂടുതലും സന്ദർശനസമയം കൂട്ടിയത് സന്ദർശകർക്ക് വെയിലേൽക്കാതെ കോട്ട കാണാൻ ചെറിയൊരാശ്വാസമാവും. സൂര്യാസ്തമയത്തിന് തൊട്ട് മുമ്പ് കോട്ടയുടെ സന്ദർശന സമയം അവസാനിക്കുന്നതിനാൽ സൂര്യാസ്തമയം കാണാനും രാത്രി കോട്ടയിൽ ചിലവഴിക്കാനും സന്ദർശന സമയം രാത്രി ഒമ്പത് മണി വരെ നീട്ടണമെന്നാണ് സന്ദർശകർ ആവശ്യപ്പെടുന്നത്.
#BekalFort #KeralaTourism #IndiaTourism #HistoricalPlaces #Travel #Vacation #Heritage #Culture