Bekal Festival | ബേക്കൽ ബീച്ച് കാർണിവൽ ഡിസംബർ 21 മുതൽ 31 വരെ ബേക്കൽ ബീച്ച് പാർക്കിൽ; 11 ദിവസവും ആഘോഷ പരിപാടികൾ
● റെഡ് മൂൺ ബീച്ചിൽ നിലവിലുള്ള അമ്യൂസ്മെന്റ് പാർക്കിന് പുറമേ സ്റ്റേജ് പരിപാടികൾ, ഭക്ഷണ സ്റ്റാളുകൾ, ഡെക്കറേഷനുകൾ എന്നിവയും ഒരുക്കും.
● സ്റ്റേജ് പരിപാടികൾക്ക് മുൻ നിര സീറ്റ് ആവശ്യമുള്ളവർക്ക് ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.
കാസർകോട്: (KasargodVartha) ബേക്കൽ ബീച്ച് ഫെസ്റ്റിവലിന് പകരം ഇത്തവണ ബേക്കൽ ബീച്ച് കാർണിവൽ ഡിസംബർ 21 മുതൽ 31 വരെ ബേക്കൽ ബീച്ച് പാർക്കിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബേക്കൽ ബീച്ച് പാർക്കും റെഡ് മൂൺ ബീച്ച് പാർക്കും ചേർന്ന് ബിആർഡിസിയുടെ സഹകരണത്തോടെയാണ് 11 ദിവസം നീളുന്ന ഈ ആഘോഷം സംഘടിപ്പിക്കുന്നത്.
23 ഏക്കറിലുള്ള ബേക്കൽ ബീച്ച് പാർക്കും ചുറ്റുവട്ടിലെ സ്വകാര്യ ഭൂമിയും കാർണിവലിനും പാർക്കിങ്ങിനുമായി ഉപയോഗിക്കും. ഡിസംബർ 15ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കാർണിവലിന്റെ ദീപശിഖ ഉയർത്തും. പ്രശസ്ത ഗായകർ, നർത്തകർ എന്നിവർ അണിനിരക്കുന്ന സ്റ്റേജ് പരിപാടികൾ, കാർണിവൽ ഡെക്കറേഷൻ, സ്ട്രീറ്റ് പെർഫോർമൻസ് തുടങ്ങിയവ കാർണിവലിന്റെ മുഖ്യ ആകർഷണങ്ങളാണ്.
ഇതോടൊപ്പം 30,000 ചതുരശ്ര അടിയിൽ പെറ്റ് ഫോസ്റ്റ്, 30 ഓളം ഇൻഡോർ ഗെയിമുകൾ, കപ്പിൾ സ്വിംഗ്, സ്കൈ സൈക്കിളിംഗ്, വാൾ ക്ലൈമ്പിംഗ്, സിപ് ലൈൻ, സ്പീഡ് ബോട്ട്, ഫ്ലോട്ടിംഗ് ബ്രിഡ്ജ്, ഫുഡ് കോർട്ട്, പുരാവസ്തുക്കളുടെയും മിലിറ്ററി ഉപകരണങ്ങളുടെയും പ്രദർശനം, സ്റ്റുഡിയോ, അമ്യൂസ്മെൻറ് പാർക്ക്, ഓട്ടോ എക്സ്പോ, ഫുഡ് സ്ട്രീറ്റ്, ഷോപ്പിംഗ് സ്ട്രീറ്റ് തുടങ്ങി നിരവധി പുതുമയാർന്ന പരിപാടികളും ഒരുക്കിയിട്ടുണ്ട്.
റെഡ് മൂൺ ബീച്ചിൽ നിലവിലുള്ള അമ്യൂസ്മെന്റ് പാർക്കിന് പുറമേ സ്റ്റേജ് പരിപാടികൾ, ഭക്ഷണ സ്റ്റാളുകൾ, ഡെക്കറേഷനുകൾ എന്നിവയും ഒരുക്കും. കുട്ടികൾക്കായി ട്രെയിൻ, ജെസിബി എന്നിവയും ഒരുക്കിയിട്ടുണ്ട്. കാർണിവലിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് 50 രൂപയാണ്. ടിക്കറ്റുകൾ പാർക്കിൽ നിന്നും ഓൺലൈനായും ലഭിക്കും. 11 ടിക്കറ്റ് ഒന്നിച്ച് എടുക്കുന്നവർക്ക് 400 രൂപയ്ക്ക് ലഭിക്കും. സ്റ്റേജ് പരിപാടികൾക്ക് മുൻ നിര സീറ്റ് ആവശ്യമുള്ളവർക്ക് ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.
ഓൺലൈൻ ടിക്കറ്റുകൾ www(dot)bekalbeachpark(dot)com എന്ന സൈറ്റിൽ നിന്നും ഡിസംബർ 15 മുതൽ ലഭിക്കും. കാർണിവലിനെ കുറിച്ചറിയാൻ 8590201020 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് സന്ദേശമയക്കുന്ന ചാറ്റ് ബോട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ബേക്കൽ ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ, റെഡ് മൂൺ ബീച്ച് മാനേജിംഗ് ഡയറക്ടർ ശിവദാസ് കീനേരി, ബേക്കൽ ബീച്ച് കാർണിവൽ ഇവൻ്റ് കോർഡിനേറ്റർ സൈഫുദ്ദീൻ കളനാട് എന്നിവർ പങ്കെടുത്തു.
സ്റ്റേജ് പരിപാടികൾ:
ഡിസംമ്പർ 21: യുംന
22. സിയാഹുൽ ഹഖ്
23. ഹിഷാം അങ്ങാടിപ്പുറം
24. റാംപ്സോഡി ബാൻ്റ്
25. ശ്രീ ലക്ഷ്മി സങ്കർ ദേവ്
26. ആതിൽ അത്തു, സീനത്ത്
27. കൗഷിക്ക്
28. ലക്ഷ്മി ജയൻ
29. മ്യൂസിക്ക് ഡ്രോപ്സ്
30. ലയൺസ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി മ്യൂസിക്കൽ നൈറ്റ്
31. ലേഡി ഡിജെ, മിസ്രി ബാൻ്റ്, ചെണ്ട
#BekalBeachCarnival #TourismEvent #CulturalFestival #FamilyFun #DecemberFestival #AmusementPark