Road Beautification | മൊഗ്രാൽ സ്കൂൾ റോഡിന് വേണം സൗന്ദര്യവത്കരണ പദ്ധതി; എംഎൽഎയ്ക്ക് നിവേദനം
● കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും, പിടിഎയും ഇതേ ആവശ്യം നേരത്തെ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
● എംഎൽഎ അഷ്റഫ്, പദ്ധതി അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
മൊഗ്രാൽ: (KasargodVartha) മൊഗ്രാൽ സ്കൂൾ പിഡബ്ല്യുഡി റോഡിന്റെ ഇടതുവശം സൗന്ദര്യവൽക്കരിക്കണമെന്നാവശ്യപ്പെട്ട് എകെഎം അഷ്റഫ് എംഎൽഎയ്ക്ക് മൊഗ്രാൽ ദേശീയ വേദി ഭാരവാഹികൾ നിവേദനം നൽകി. അന്താരാഷ്ട്ര നിലവാരത്തിലുള്ള മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള പ്രധാന റോഡിന്റെ ഇടതുവശം ഇന്റർലോക്ക് സംവിധാനം ഒരുക്കി, മരങ്ങൾ വെച്ചുപിടിപ്പിച്ചും, പൂന്തോട്ടം ഒരുക്കിയും മനോഹരമാക്കണമെന്നാണ് ആവശ്യം.
സ്കൂളിന്റെ വലതുവശം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ചിട്ടുണ്ടെങ്കിലും, ഇടതുവശം ഇപ്പോഴും പരിപാലിക്കപ്പെടാതെ കാടുമുടിയും ചെളിവെള്ളം കെട്ടിക്കിടക്കുന്നതുമായ അവസ്ഥയിലാണ്. യൂനാനി ഡിസ്പെൻസറി അടക്കം രണ്ട് പ്രധാന സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന റോഡായതിനാൽ, എംഎൽഎ ഫണ്ട് അനുവദിച്ച് പദ്ധതി നടപ്പിലാക്കണമെന്നാണ് ദേശീയ വേദിയുടെ ആവശ്യം.
കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും, പിടിഎയും ഇതേ ആവശ്യം നേരത്തെ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എംഎൽഎ അഷ്റഫ്, പദ്ധതി അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പ്രസിഡന്റ് ടികെ അൻവർ, സെക്രട്ടറി എംഎ മൂസ, ട്രഷറർ പിഎം മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് മുഹമ്മദ് അബ്കോ, എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് സ്മാർട്ട് എന്നിവരടങ്ങിയ ദേശീയവേദി സംഘമാണ് നിവേദനം സമർപ്പിച്ചത്.
#Mogral #RoadBeautification #AKMAshraf #PublicPetition #SchoolRoad #Kasaragod