Crisis | കടൽ തിരമാലകളിൽ പെട്ട് അപകടമരണങ്ങൾ തുടർക്കഥയാകുമ്പോഴും കടലിൽ ഇറങ്ങിയുള്ള 'കളിക്കും കുളിക്കും' ഒട്ടും കുറവില്ല; പൊലീസ് നിരീക്ഷണം വേണമെന്ന് ആവശ്യം
● അടുത്തിടെ 2 പേർ മുങ്ങി മരിച്ചു.
● സ്കൂൾ കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കടലിൽ കുളിക്കാനിറങ്ങുന്നു.
● കടലിൽ വലിയ ചതിക്കുഴികൾ ഉണ്ടെങ്കിലും ഇത് പലർക്കും അറിയില്ല.
● ഉത്തരേന്ത്യൻ തൊഴിലാളികൾ അടക്കം നീന്താൻ അറിയാതെ കടലിൽ ഇറങ്ങുന്നു.
മൊഗ്രാൽ: (KasargodVartha) ഖലീൽ കൊപ്പളം, അർഷാദ് പെർവാഡ് എന്നിവരുടെ മരണം നാടിനേറ്റ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. കടലിൽ വീണ ഫുട്ബോൾ എടുക്കാൻ കടൽ ഇറങ്ങിയ ഖലീലിന്റെയും, മത്സ്യബന്ധനത്തിന് വലയിടാൻ കടലിൽ ഇറങ്ങിയ അർഷാദിന്റെയും മൃതദേഹമാണ് പിന്നീട് വീട്ടുകാർക്ക് ലഭിച്ചത്. ആ തേങ്ങലിൽ നിന്ന് നാടും, നാട്ടുകാരും, കുടുംബാംഗങ്ങളും ഇതുവരെ മുക്തരായിട്ടില്ല. രണ്ട് കുടുംബങ്ങളുടെ ഏക അത്താണിയായിരുന്നു ഈ രണ്ട് യുവാക്കളും.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും കടലിൽ 'കളിക്കാനും കുളിക്കാനും' ഇറങ്ങുന്ന വിദ്യാർത്ഥികൾ അടക്കമുള്ള യുവാക്കൾക്ക് ഒരു കുറവുമില്ല, ഭയവുമില്ല. സ്കൂൾ, കോളജുകൾ വിട്ടാൽ ബൈക്കുകളിലും, കാറുകളിലുമായി വിദ്യാർത്ഥികൾ നേരെ വരുന്നത് കടപ്പുറത്തേക്കാണ്. അതും യൂണിഫോമിൽ തന്നെ. യാതൊരു സുരക്ഷാസംവിധാനവും ഇല്ലാതെയുള്ള കടലിൽ ഇറങ്ങിയുള്ള 'കുളി' പലപ്പോഴും നാട്ടുകാരാണ് ഇടപെട്ട് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുന്നത്.
വിദ്യാർത്ഥികൾക്ക് പുറമെ കുടുംബസമേതം എത്തുന്ന കുട്ടികൾ വരെ കടലിറങ്ങി കുളിക്കുകയും കളിക്കുകയും ചെയ്യുന്നു. കടൽ തിരമാലകൾക്കിടയിൽ വലിയ ചതിക്കുഴികൾ ഉള്ള കാര്യം ഇവരൊന്നും അറിയുന്നുമില്ല. അതേപോലെ തന്നെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അന്യസംസ്ഥാന തൊഴിലാളികളും കടലിൽ ഇറങ്ങി കുളിക്കുന്നത്. ഇവർക്ക് പലർക്കും നീന്താൻ പോലും അറിയാത്തവരാണ്. കടൽ കാണുന്നതാകട്ടെ ഇവിടെ കേരളത്തിൽ എത്തിയും. ഇവരെയും നാട്ടുകാർ തന്നെയാണ് അപകടാവസ്ഥ പറഞ്ഞു മനസിലാക്കി കൊടുത്ത് പിന്തിരിപ്പിക്കുന്നത്.
വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും സൂര്യാസ്തമനം കാണാനും, തീരത്തെ സൗന്ദര്യം ആസ്വദിക്കാനും നൂറുകണക്കിനാളുകളാണ് കുടുംബസമേതയും, അല്ലാതെയും തീരത്തെത്തുന്നത്. ഇവർക്കൊപ്പം കുട്ടികളുമുണ്ടാകും. കടപ്പുറത്ത് വൈകുന്നേരങ്ങളിൽ ഫുട്ബോൾ കളിക്കാൻ എത്തുന്ന യുവാക്കളും ഏറെയാണ്.
കുമ്പളയിലെ തീരദേശ മേഖല ടൂറിസം പ്രദേശമായി പ്രഖ്യാപിച്ചാൽ മാത്രമേ ഇവിടെ സുരക്ഷാക്രമീകരണങ്ങൾ ഉണ്ടാക്കാൻ സാധിക്കുവെന്നാണ്#KeralaBeachSafety #DrowningPrevention #CoastalSafety #SaveLives അധികൃതരുടെ നിലപാട്. അതിനും നടപടി ഇതുവരെ ഉണ്ടായിട്ടുമില്ല. കടലിൽ ഇറങ്ങിയുള്ള 'കുളിയും കളിയും' തടയാൻ പൊലീസ് നിരീക്ഷണം വേണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിന് ജില്ലയിലെ തീരദേശ പൊലീസ് സംവിധാനം പ്രയോജനപ്പെടുത്തണമെന്നും നാട്ടുകാർ പറയുന്നു.
#KeralaBeachSafety #DrowningPrevention #CoastalSafety #SaveLives