Love Story | ബഷീറും ഖാദറും കല്യാണിയും പിന്നെ പ്രേമലേഖനവും; റേഷൻ കടയിൽ പൂത്തുലഞ്ഞ പ്രണയകഥ ഒരിക്കൽ കൂടി ഓർമകളിൽ
● അമ്പതു വർഷം മുമ്പുള്ള കഥയാണ്.
● ബഷീറിന്റെ 'പ്രേമലേഖനത്തിലെ' കേശവൻ നായരും സാറാമ്മയും പോലെ തന്നെ ഖാദറും കല്യാണിയും സമൂഹത്തിലെ പാരമ്പര്യങ്ങളെ ചോദ്യം ചെയ്തു.
● ഇന്ന് പ്രണയം, സമൂഹത്തിലെ മാറ്റങ്ങൾ, വ്യത്യസ്തത എന്നിവയെക്കുറിച്ച് ചിന്തിപ്പിക്കുന്ന ഒരു കഥയാണ് അവരുടേത്.
പാലക്കുന്ന്: (KasargodVartha) ഒരു പ്രണയം, വിവാദം, ജീവിതം. ബഷീറിന്റെ 'പ്രേമലേഖനം' എന്ന കഥ പോലെ തന്നെ ജീവിച്ച രണ്ടു മനുഷ്യരുടെ കഥയാണ് പാലക്കുന്നിൽ ഒരിക്കൽ കൂടി പങ്കുവെച്ചത്. കരിവെള്ളൂരുകാർക്ക് 'പ്രേമലേഖനത്തിലെ' കേശവൻ നായരും സാറാമ്മയും പരേതരായ നങ്ങാരത്ത് അബ്ദുൽ ഖാദറും കല്യാണിയുമാണ്.
പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ശനിയാഴ്ച് പാലക്കുന്ന് റേഷൻ കടയ്ക്ക് മുന്നിൽ സംഘടിപ്പിച്ച ബഷീറിന്റെ 'പ്രേമലേഖനം' അവതരണം നാട്ടു നടപ്പിനെതിരെ ജാതിയും മതവും നോക്കാതെ പ്രിയപ്പെട്ടവൾക്ക് താലി ചാർത്തി വിവാഹ ജീവിതത്തെ രാഷ്ട്രീയ പോരാട്ടമാക്കിയ നങ്ങാരത്ത് അബ്ദുൽ ഖാദറും കല്യാണിയുമായി ബന്ധപ്പെട്ട ഓർമകൾ കൊണ്ട് നിറഞ്ഞു.
അമ്പതു വർഷം മുമ്പുള്ള കഥയാണ്. പാലക്കുന്നിൽ റേഷൻ കട നടത്തുകയായിരുന്ന അബ്ദുൽ ഖാദർ കടയിലെ പറ്റുകാരിയായ കല്യാണിയുമായി പ്രണയത്തിലായി. മതമേലാളരുടെയും സമൂഹത്തിന്റെയും എതിർപ്പുകൾക്കിടയിലും 1975 ഫെബ്രുവരി 14ന് പയ്യന്നൂർ രജിസ്ട്രാർ ഓഫീസിൽ വച്ച് ഇരുവരും വിവാഹിതരായി. വിവാഹ വാർത്ത നാടാകെ പാട്ടാകുകയും ഖാദറും കല്യാണിയും ചർച്ചയാകുകയും ചെയ്തു.
അഞ്ചു പതിറ്റാണ്ടു കാലം ആകാശ മിഠായി പോലെ ജീവിതത്തെ മധുരമാക്കിയ ഈ ദമ്പതികൾ ഇന്നും നാട്ടുകാരുടെ മനസ്സിൽ ഇടം നേടിയിരിക്കുന്നു. ബഷീറിന്റെ 'പ്രേമലേഖനത്തിലെ' കേശവൻ നായരും സാറാമ്മയും പോലെ തന്നെ ഖാദറും കല്യാണിയും സമൂഹത്തിലെ പാരമ്പര്യങ്ങളെ ചോദ്യം ചെയ്തു. അവരുടെ പ്രണയം ഒരു വ്യക്തിഗത അനുഭവത്തെക്കാൾ അപ്പുറം, സമൂഹത്തിലെ മാറ്റത്തിനുള്ള ഒരു പ്രതീകമായി.
അന്ന് നേരിട്ട എതിർപ്പുകൾക്കിടയിലും തങ്ങളുടെ സ്നേഹത്തിൽ ഉറച്ചു നിന്ന ഖാദറും കല്യാണിയും പിന്നീട് നാട്ടുകാരുടെ സ്നേഹവും അംഗീകാരവും നേടി. ഇന്ന് പ്രണയം, സമൂഹത്തിലെ മാറ്റങ്ങൾ, വ്യത്യസ്തത എന്നിവയെക്കുറിച്ച് ചിന്തിപ്പിക്കുന്ന ഒരു കഥയാണ് അവരുടേത്.
രണ്ടാം വാർഡ് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീവിദ്യ വി പുസ്തകം പരിചയപ്പെടുത്തി. പരിപാടിയിൽ കലിയന്തിൽ നാരായണൻ മാഷ്, കൊടക്കാട് നാരായണൻ, ശശിധരൻ ആലപ്പടമ്പൻ, ടി.പി. കണ്ണൻ, ഓർമ്മ മോഹനൻ സംസാരിച്ചു. കൂക്കാനം റഹ്‌മാൻ അധ്യക്ഷനായി.
#Premalekhanam #LoveStory #Bashir #SocialChange #AbdulKhader #Kalyani