city-gold-ad-for-blogger
Aster MIMS 10/10/2023

കാര്‍ഷികോത്തേജനം, ഒരു രൂപരേഖ; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി മുസ്ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്ത്

കാസര്‍കോട്: (www.kasargodvartha.com 23.04.2020) കൊറോണാനന്തര കേരളത്തിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള വഴികളില്‍ കൃഷി വ്യാപകവും വൈവിധ്യ പൂര്‍ണവുമാക്കാനുള്ള ആസൂത്രണങ്ങള്‍ നടത്തുന്നതിനുള്ള രൂപ രേഖയുമായി മുഖ്യമന്ത്രിക്ക് കത്തെഴുതി മുസ്ലിം ലീഗ് നേതാവും അജാനൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ബഷീര്‍ വെള്ളിക്കോത്ത്.

കത്തിന്റെ പൂര്‍ണരൂപം ചുവടെ:
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അവര്‍കള്‍ക്ക്, കൊറോണാനന്തര കേരളത്തിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള വഴികളില്‍ കൃഷി വ്യാപകവും വൈവിധ്യ പൂര്‍ണവുമാക്കാനുള്ള ആസൂത്രണങ്ങള്‍ നടത്തുന്നതായും അതിന് ചില പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായും അതിനായി നബാര്‍ഡ് സഹായം സഹകരണ സംഘ വായ്പ മുതലായ വിഭവ സമാഹരണം ലക്ഷ്യം വെക്കുന്നതായും താങ്കളുടെ മാധ്യമപ്രവര്‍ത്തകരോടുള്ള സായാഹ്ന പ്രഭാഷണത്തില്‍ കേള്‍ക്കാനിടയായി. ലോക്ഡൗണ്‍ കാലത്തെ ഒഴിവ് സമയത്തൊതുങ്ങുന്ന ഒരാലോചന എന്നതിനപ്പുറത്ത് ഇതിന് വ്യാപ്തിയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താവുന്ന ഒരു മാര്‍ഗ രേഖ മുന്നോട്ട് വെക്കട്ടെ.

കഴിഞ്ഞ ഏഴെട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്നോളം പ്രാവശ്യം രണ്ട് ഗവണ്മെന്റുകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയും വേണ്ട ഗൗരവത്തോടെ പരിഗണിക്കപ്പെടാതെ പോവുകയും ചെയ്തതും പ്രായോഗീകരിക്കപ്പെട്ടാല്‍ കാര്‍ഷിക മേഖലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാക്കാന്‍ കഴിയുന്ന നിര്‍ദ്ദേശമാണിത്. തരിശ് ഭൂമിയില്‍ ഭൂവുടമയോ അയാള്‍ സന്നദ്ധനല്ലെങ്കില്‍ ഉഭയകക്ഷി സമ്മതത്തോടെ സര്‍ക്കാര്‍ സംവിധാനങ്ങളോ കൃഷി ചെയ്യുന്നതും അതിന് നബാര്‍ഡ് സഹായമോ സഹകരണ സംഘം വായ്പയോ ലഭ്യമാക്കുന്നതുമാണ് സര്‍ക്കാരിന്റെ ഭാവനയിലുള്ള കാര്‍ഷികോത്തേജന പദ്ധതി എന്നാണ് പത്രക്കാരോടുള്ള പ്രഭാഷണത്തില്‍ നിന്ന് മനസിലാക്കുന്നത്.
കാര്‍ഷികോത്തേജനം, ഒരു രൂപരേഖ; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി മുസ്ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്ത്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടെ 30 ശതമാനത്തില്‍ കുറയാത്ത തുക അവര്‍ വഴിയും ഏതാണ്ടത്ര തന്നെ തുക സര്‍ക്കാര്‍ നേരിട്ടാവിഷ്‌കരിക്കുന്ന  പദ്ധതികളിലൂടെയും നാം കൃഷിക്കു വേണ്ടി ചിലവഴിക്കാന്‍ തുടങ്ങിയിട്ട് 96 മുതല്‍ കാല്‍ നൂറ്റാണ്ടായി.ഇന്ന് ആ തുക പ്രതി വര്‍ഷം 2000 കോടി വരും.പിന്നിട്ട കാല്‍ നൂറ്റാണ്ട് കാലം ഇതില്‍ നിന്ന് ചെറിയ കുറവോടെ ഓരോ വര്‍ഷവും 1000 ലേറെ കോടി രൂപ കാര്‍ഷിക മേഖലയില്‍ നാം വിനിയോഗിച്ചിട്ടുണ്ട്. അവയിലേറിയ പങ്കും ഗുണഭോക്താക്കള്‍ക്കുള്ള വിത്തിനും വളത്തിനുമുള്ള  സബ്സിഡിയും പാട ശേഖരങ്ങള്‍ക്കുള്ള കാര്ഷികോപകരണ  സബ്‌സിഡിയായുമൊക്കെ വിനിയോഗിക്കപ്പെടുകയാണുണ്ടായത്. സാധാരണ ഗതിയില്‍ കര്‍ഷകര്‍ സ്വയം വഹിച്ചു പോന്ന കൃഷിചെലവില്‍ അവര്‍ക്കൊരു കൈത്താങ്ങ് ലഭിച്ചുവെന്നതിനപ്പുറത്ത് വിനിയോഗിച്ച തുകക്കനുസരിച്ച ഫലം അതുണ്ടാക്കി എന്ന് ആര്‍ക്കും അവകാശവാദമുണ്ടാകുമെന്ന് തോന്നുന്നില്ല. പ്രത്യുത്പന്നമതിത്വത്തോടെ അനുയോജ്യമാം വിധം ആവിഷ്‌കരിച്ച പദ്ധതികളുടെ അഭാവമാണ് കാല്‍ നൂറ്റാണ്ട് നാം വിനിയോഗിച്ച 25000 കോടിയിലധികം രൂപ പാഴ്മണ്ണിലിട്ട വിത്ത് പോലെ നിഷ്പ്രയോജനമായിത്തീര്‍ന്നു പോയത്.

2008 മുതല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്ന മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും പിന്നീട് സംസ്ഥാനം നഗരസഭകള്‍ക്കായി ആവിഷ്‌കരിച്ച അയ്യന്‍കാളി പദ്ധതിയുടെയും കോടാനു കോടി രൂപ നമ്മുടെ സംസ്ഥാനത്ത് വിനിയോഗിക്കപ്പെട്ടിട്ടുണ്ട്.കേവലമൊരു കൂലിയുറപ്പ് പദ്ധതി എന്നതിനപ്പുറത്ത് സ്ഥായിയായ ഗുണഫലം സംസ്ഥാനത്തിന് ലഭിച്ചോ എന്ന് ചോദിച്ചാല്‍ അപൂര്‍വം ചില അപവാദങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ ഇല്ലെന്നാകുമുത്തരം.തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയുമായി ബന്ധിപ്പിക്കുന്നതില്‍ നിലവില്‍ കേന്ദ്ര ഗവണ്മെന്റിന്റെ ചില മാനദണ്ഡങ്ങളുടെ പ്രതിബന്ധമുണ്ട്.കേന്ദ്രവുമായി എല്ലാ അര്‍ത്ഥത്തിലും സഹകരിക്കുകയും പ്രധാനമന്ത്രി മുന്നോട്ട് വെക്കുന്ന യുക്തിരഹിത ചടങ്ങുകള്‍ പോലും ശിരസാവഹിക്കുകയും ചെയ്യുന്ന അങ്ങയുടെ സര്‍ക്കാര്‍ ഈ മാനദണ്ഡങ്ങള്‍ കേരളത്തിന്റ താല്പര്യങ്ങള്‍ക്കനുയോജ്യമായി മാറ്റാന്‍ വേണ്ടി കേന്ദ്രത്തിലിടപെട്ടാല്‍ കേന്ദ്രം അതംഗീകരിക്കാനാണ് സാധ്യത.

അങ്ങനെ വന്നാല്‍ തദ്ദേശ സ്ഥാപനങ്ങളും കൃഷി വകുപ്പും ചിലവഴിക്കുന്ന തുക വഴി വിത്ത്, വളം, കാര്‍ഷികോപകരണങ്ങള്‍ എന്നിവയും തൊഴിലുറപ്പ് പദ്ധതി വഴി തൊഴിലാളികളെയും ലഭ്യമാക്കി പാട്ട വ്യവസ്ഥയില്‍ സ്വകാര്യ തരിശ് നിലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷിയിറക്കുകയും ഉല്പന്നത്തിന്റെ നിശ്ചിത ശതമാനം പാട്ടക്കൂലിയായി ഭൂവുടമക്കും ബാക്കിഭാഗം തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിലേക്ക് വകയിരുത്തുകയും ചെയ്യുക എന്നതാണ് എനിക്ക് നിര്‍ദ്ദേശിക്കാനുള്ള രൂപ രേഖ.ഇത് യാഥാര്‍ഥ്യമായാല്‍ പ്രതി വര്‍ഷം 5000 കോടി രൂപയുടെയെങ്കിലും മുതലിറക്ക് കാര്‍ഷിക മേഖലയില്‍ നടക്കുകയും അതിലേറെ തുകക്കുള്ള ഉത്പാദനം ലഭിക്കുകയും അതിന്റെ നാലിലൊന്ന് പാട്ടക്കൂലിയായി കണക്കാക്കിയാല്‍ തന്നെ ആയിരത്തോളം തദ്ദേശ സ്ഥാപനങ്ങള്‍ക്കായി 4000കോടി തനത് ഫണ്ടിലേക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്യും.ആവശ്യമായ ഗൗരവത്തോടെ ഈ രൂപരേഖ പരിഗണിക്കുകയും കേന്ദ്രത്തില്‍ നടത്തേണ്ട ഇടപെടലുകള്‍ നടത്തി ഇത് പ്രായോഗീകരിക്കുകയും ചെയ്താല്‍ മറ്റാരുടെയും സഹായമോ കടമോ ഇല്ലാതെ നമ്മുടെ സംസ്ഥാനത്തിന് ഭക്ഷ്യ സ്വയം പര്യാപ്തതയും തദ്ദേശ സ്ഥാപനങ്ങളുടെ വിഭവ ശാക്തീകരണവും സാധ്യമാകും.


Keywords: Kasaragod, Kerala, News, COVID-19, Muslim-league, Leader, Basheer Vellikkoth's open letter for CM

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL