city-gold-ad-for-blogger

നാനാവതിയുടെ വിലപേശല്‍ ഒരു ലൈവ്

നാനാവതിയുടെ വിലപേശല്‍ ഒരു ലൈവ്
Nanavathi
മംഗലാപുരം പി.വി.എസ് സര്‍ക്കിളിന് സമീപത്തെ വന്‍കിട ഹോട്ടല്‍... ഈ ഹോട്ടലിലെ ഒന്നാം നിലയിലെ ഡിലക്‌സ് സ്യൂട്ട്... പുറത്ത് പോലീസ് കാവല്‍.. ഇവിടെയാണ് മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വിലപേശല്‍ നടക്കുന്നത്. എയര്‍ ഇന്ത്യ നഷ്ട പരിഹാരം നല്‍കാനായി നിയോഗിച്ചത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുല്ല ആന്റ് മുല്ല കമ്പനിയെയാണ്. ഇതിന്റെ തലവന്‍ എച്ച്.ഡി നാനാവതിയാണ്. ഇയാള്‍ക്ക് താല്‍പര്യം ഇന്‍ഷുറന്‍സ് കമ്പനിക്ക് ലാഭം ഉണ്ടാക്കലാണെന്ന് ചര്‍ച്ച കണ്ടാല്‍ ആര്‍ക്കും തോന്നും. നാനാവതി ഇന്‍ഷുറന്‍സ് കമ്പനിയുടെ ദല്ലാളായി പ്രവര്‍ത്തിക്കുകയാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

അടച്ചിട്ട സ്യൂട്ട് റൂമില്‍ നഷ്ടപരിഹാരം നല്‍കുന്ന സംഘത്തില്‍ നാനാവതിയെ കൂടാതെ അദ്ദേഹത്തിന്റെ ഒരു ലേഡി പി.എ, എയര്‍ ഇന്ത്യയുടെ ഫിനാന്‍സ് വിഭാഗത്തിലെ ഉന്നതന്‍, മലയാളം, കന്നട എന്നീ ഭാഷകളില്‍ ആശയവിനിമയം നടത്തുന്നതിന് ഇരകളുടെ ബന്ധുക്കളെ സഹായികുന്നതിനായി എയര്‍ ഇന്ത്യയുടെ രണ്ട് ഉദ്യോഗസ്ഥര്‍, എയര്‍ക്രാഷ് വിക്ടിംസ് ഫാമിലി അസോസിയേഷന്റെ സമ്മര്‍ദ്ദപ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച നിരീക്ഷകന്‍.
ഈ അഞ്ചംഗ സംഘത്തിന്റെ മുമ്പിലേക്ക് മകന്‍ നഷ്ടപ്പെട്ടതിന്റെ വേദനയുമായി മാതാപിതാക്കള്‍ കടന്നു വരുന്നു. കൂടെ ഒരു വക്കീലുമുണ്ട്. നാനാവതി മുമ്പില്‍ നിരനിരയായി ഇട്ടിരിക്കുന്ന കസേരയില്‍ ഇരിക്കാന്‍ പറയുന്നു. മരിച്ചവന്റെ പേരും മറ്റ് വിവരങ്ങളും ആരായുന്നു. കേസിന്റെ ഫയല്‍ പി.എ എടുത്ത് നാനാവതിക്ക് നല്‍കുന്നു. കണ്ണട മുഖത്ത് ഒന്ന്കൂടി ഉറപ്പിച്ച നാനാവതി ഇരകളുടെ കുടുംബത്തിന്റെ വക്കീലുമായി സംസാരിക്കുന്നു.

സീ..... (2000 ദിര്‍ഹം) 20,000 രൂപ മാസവരുമാനം കാണിക്കുന്ന സാലറി സര്‍ട്ടിഫിക്കറ്റാണ് നിങ്ങള്‍ ഹാജരാക്കിയിട്ടുള്ളത്.... മരിച്ച യുവാവ് കല്ല്യാണം കഴിച്ചിട്ടില്ല.. അവന്റെ മാതാപിതാക്കള്‍ വൃദ്ധരാണ്.. (ഒരു വെള്ളക്കടലാസില്‍ കണക്ക് കൂട്ടുന്നു). അതിനാല്‍ മുപ്പത് ലക്ഷം രൂപ തരാം (യുവാവും, മാതാപിതാക്കളും ഇനി ജീവിച്ചാല്‍ എത്ര കാലമുണ്ടാകും. അതൊക്കെ കൂട്ടിയാണ് നാനാവതി നഷ്ടപരിഹാരത്തുക പറഞ്ഞത്). നാനാവതി ഇംഗ്ലീഷില്‍ പറഞ്ഞത് വക്കീല്‍ മലയാളത്തില്‍ ബന്ധുക്കളെ പറഞ്ഞ് മനസ്സിലാക്കുന്നു. മാതാപിതാക്കളില്‍ അമര്‍ഷം, വേദന... ഉമ്മ പൊട്ടിക്കരയുന്നു. പതര്‍ച്ചയോടെ വേദനയോടെ...ആ ഉമ്മ വക്കീലിനോട് പറയുന്നു. അമ്പത് ലക്ഷം നമുക്ക് കൊടുക്കാം. പ്രിയപ്പെട്ട മകനെ തിരിച്ചു തരാന്‍ പറ്റുമോ എന്ന് നാനാവതിയോട് ചോദിക്ക്. എന്നും പറഞ്ഞ ആ ഉമ്മ ഭര്‍ത്താവിനേയും കൂട്ടി പുറത്തേക്ക് പോകുന്നു. നാനാവതി അവര്‍ ആവശ്യപ്പെടാതെ തന്നെ അഞ്ച് ലക്ഷം രൂപ വര്‍ധിപ്പിക്കുന്നു. ഇതൊന്നും സ്വീകരിക്കാതെ ആ സംഘം വക്കീലിനേയും കൂട്ടി മടങ്ങുന്നു.

അടുത്തസംഘം നാനവതിയുടെ മുമ്പിലെത്തുന്നു.... നിങ്ങള്‍ സ്റ്റീഫന് പരാതി നല്‍കിയിട്ടുണ്ടോ, ഹൈകോടതിയിലോ, സുപ്രീം കോടതിയിലോ വക്കീലിനെ നിയോഗിച്ചിട്ടുണ്ടോ ? നാനാവതി ഈ സംഘത്തോട് ആരായുന്നു. കൂടെയുള്ള വക്കീല്‍ ഞാന്‍ മാത്രമാണ് ഇവരുടെ കൂടെയുള്ളത് എന്ന് പറയുമ്പോള്‍ നാനാവതിയുടെ മുഖത്ത് ആശ്വാസം. രേഖകള്‍ പരിശോധിക്കുന്നു. വിലപേശല്‍ തുടരുന്നു.. അവസാനം നിവര്‍ത്തികേട് കൊണ്ട് കിട്ടിയതുമായി ആ കുടുംബം മടങ്ങുന്നു.

തുച്ഛമായ തുക നഷ്ടപരിഹാരം ഇരകളുടെ കുടുംബത്തിന് നല്‍കുമ്പോഴും ഭാവിയില്‍ സ്പ്രീം കോടതി കൂടുതല്‍ തുക നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചാലും അത് ആ കുടുംബത്തിന് നല്‍കാതിരിക്കാനുള്ള പഴുതുകള്‍ അടച്ചതിനു ശേഷമേ നാനാവതിയുടെ സംഘം ചെക്ക് നല്‍കുന്നുള്ളൂ. 500 രൂപയുടെ മുദ്രപത്രത്തില്‍ എഗ്രിമെന്റ് തയ്യാറാക്കി അതില്‍ മാതാപിതാക്കളുടേയും പ്രായപൂര്‍ത്തിയായ സഹോദരങ്ങളുടേയും ഒപ്പുകളും അതിന് താഴെ അവരുടെ വക്കീലും ഏറ്റവും താഴെ നാനാവതിയും ഒപ്പു വെക്കുന്നു. ഇതിന് ശേഷമാണ് ചെക്ക് കൈമാറുന്നത്. ഒബ്‌സര്‍വര്‍ കാഴ്ചക്കാരനായി നില്‍ക്കുന്നു. ഒരു ഘട്ടത്തില്‍ പോലും ഇരകളുടെ കുടംബത്തിന് വേണ്ടി ഇയാള്‍ ശബ്ദിക്കുന്നില്ല. അടച്ചിട്ട മുറിയിലെ നാനാവതിയുടെ വിലപേശല്‍ പുറംലോകം അറിയാത്ത നാടകമാണ്. കാര്യങ്ങള്‍ സുതാര്യമാകണമെന്ന് നാനാവതിക്കും, എയര്‍ ഇന്ത്യക്കും നിര്‍ബന്ധമില്ല. ഇങ്ങനെയൊക്കെയായിട്ടും കാസര്‍കോട്ടുകാര്‍ക്ക് എന്ത് സംഭവിച്ചാലും ചോദിക്കാന്‍ ആളില്ലാത്ത അവസ്ഥയായതിനാല്‍ 'വിലപേശല്‍ ദുരന്തങ്ങള്‍' ആവര്‍ത്തിക്കും.

ബി.പി.എല്‍ കാര്‍ഡുണ്ടെങ്കില്‍ എയര്‍ ഇന്ത്യ സൗജന്യ വിമാന ടിക്കറ്റ് നല്‍കുമോ?

Keywords: Mangalore air crash, Kasaragod, Bargaining, Nanavathy

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia