ബാര്‍ പൂട്ടല്‍: ചര്‍ച്ചകള്‍ സജീവം, മദ്യരാജാക്കന്മാര്‍ വര്‍ധിക്കുമെന്ന് ആശങ്ക
Aug 26, 2014, 11:04 IST
മാഹിന്‍ കുന്നില്‍
(www.kasargodvartha.com 26.08.2014) സംസ്ഥാനത്തെ ബാറുകള്‍ പൂട്ടാനുളള സര്‍ക്കാര്‍ തീരുമാനം പരക്കെ സ്വാഗതം ചെയ്യുമ്പോഴും ബാറുകള്‍ പൂട്ടുന്നതോടെ സംസ്ഥാനത്ത് സമാന്തര ബാറുകള്‍ സജീവമാവുകയും പുതിയ മദ്യരാജാക്കന്മാര്‍ വളരുമെന്നുമുളള ആശങ്ക വര്‍ധിച്ചു.
ബീവറേജസ് കോര്‍പറേഷന്‍ ഔട്ട് ലെറ്റുകള്‍ അടക്കമുള്ള സര്‍ക്കാര്‍ മദ്യവില്‍പന ശാലകള്‍ അടക്കം പൂട്ടി സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പെടുത്തണമെന്നാണ് പൊതുവെയുളള നിര്‍ദേശം. സര്‍ക്കാര്‍ വിലാസം കേന്ദ്ര ങ്ങളിലെ മദ്യം അനുവദീയവും സ്വകാര്യ ബാറുകളിലെ കുടി നിഷിദ്ധവും ആക്കിയാല്‍ ബീവറേജസ് കേന്ദ്രങ്ങളില്‍ നിന്നും മദ്യക്കുപ്പികള്‍ വാങ്ങി സമാന്തര ബാറുകളിലൂടെ വന്‍ വിലക്ക് വില്‍ക്കുന്നവരുടെ എണ്ണം കൂടിവരുമെന്നാണ് ആരോപണം.
ബാറുകള്‍ പൂര്‍ണമായി പൂട്ടുന്നതോടെ മുക്കിലും മൂലയിലും സമാന്തര ബാറുകള്‍ വ്യാപകമാവുകയും ഒരു വിഭാഗം പോലീസ്-എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി വാങ്ങാനുളള പുതിയ വഴിയായി 'ബാര്‍ പൂട്ടല്‍' മാറുമെന്നാണ് ജന സംസാരം.
കെ.പി.സി.സി. പ്രസിഡണ്ട് വി.എം. സുധീരന്റെ ഉറച്ച നിലപാടും പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന്റെ ശക്തമായ പിന്തുണയും കിട്ടിയതോടെയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ബാര്‍പൂട്ടല്‍ എന്ന നിര്‍ണായക തീരുമാനത്തില്‍ എത്തിയത്. ഈ തീരുമാനം രാഷ്ട്രീയ സാമൂഹ്യ കേരളം കയ്യടിച്ചു സ്വീകരിച്ചു. ദേശീയ രാഷ്ട്രീയ രംഗത്തും കേരളത്തിന്റെ ഈ നടപടി ചര്‍ച്ചയായി.
ആഘോഷങ്ങള്‍ കുടിച്ച് തീര്‍ത്ത് ദൈവത്തിന്റെ സ്വന്തം നാട് കുടിയന്മാരുടെ നാടായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ബാറുകള്‍ പൂട്ടുന്നതോടെ കുടിയന്മാരുടെ എണ്ണം ഗണ്യമായി കുറയുമെന്നാണ് പൊതുവെ കണക്കുകൂട്ടല്‍. എന്നാല്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ബീവറേജസ് ഔട്ട് ലെറ്റുകള്‍ക്ക് മുന്നില്‍ നീണ്ടുനില്‍ക്കുന്ന കുടിയന്മാരുടെ പട്ടിക ഏത് അക്കൗണ്ടില്‍ വരവു വെക്കുമെന്നാണ് ജനം ചോദിക്കുന്നത്. ഈ കുടി അനുവദനീയവും ബാറിലെ കുടി നിഷിദ്ധമാക്കിയതുമാണ് സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചയ്ക്കിടയായിട്ടുളളത്.
കേരളത്തില്‍ ബാറുകള്‍ പൂട്ടിയാലും കാസര്‍കോട്ടുകാരന് മംഗലാപുരത്തുനിന്നും കണ്ണൂരുകാരന് മാഹിയില്‍ നിന്നും ഇഷ്ടം പോലെ മദ്യംലഭിക്കും. ആഡംബര വാഹനങ്ങളും ട്രെയിനുകളും മറ്റു ചരക്കു വാഹനങ്ങളും ഇതിനായി ഉപയോഗിക്കും. ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ചപ്പോള്‍ സര്‍ക്കാരിന് നഷ്ടം മാത്രമാണ് ഉണ്ടായത്. ചാരായ പാക്കറ്റുകള്‍ മില്‍മാ പാല്‍ പാക്കറ്റ് പോലെ വീട്ടുപടിക്കല്‍ എത്തിച്ചേരുകയും കുട്ടികളടക്കമുളള കുടിയന്മാരുടെ എണ്ണം കൂടിവരികയും ചെയ്തതോടെയാണ് വീടുകള്‍ സമാന്തര കള്ള് ഷാപ്പുകളായി മാറിയത്. ഇതോടെ നിരവധി ചാരായ മുതലാളിമാരുണ്ടായി. ഒരു വിഭാഗം പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ ആസ്തി വര്‍ധിക്കുകയും ചെയ്തു. കാസര്‍കോടിന്റെ ശാന്തിയും സമാധാനവും സൗഹാര്‍ദവും തകരാനും ഇന്ന് ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കും കാരണം ചാരായമാണ്.
ബാറുകള്‍ പൂട്ടാനുളള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹവും അഭിനന്ദനീയവുമാണ്. ഇത് മൂലം കുടിയന്മാരുടെ എണ്ണം കുറക്കാനും സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കാനും സാധിക്കണം.
Also read:
എന്നെ കരയിച്ച മകന്റെ ആ ചോദ്യം
എന്നെ കരയിച്ച മകന്റെ ആ ചോദ്യം
Keywords : Liquor, Bar, Article, Kasaragod, Mahi, Mangalore, Meeting, Train, Kerala, Bar Issue, Bar closure discussions goes on.