Achievement | മംഗലംകളിയിൽ എ ഗ്രേഡ്; സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മികവ് കുറിച്ച് ബാനം ഗവ. ഹൈസ്കൂൾ
● മംഗലംകളി മാവിലൻ, മലവേട്ടുവൻ സമുദായങ്ങളുടെ തനത് കലാരൂപമാണ്
● ആദ്യമായാണ് മംഗലംകളി കലോത്സവത്തിൽ മത്സര ഇനമായി ഉൾപ്പെടുത്തിയത്
● 250 ൽ താഴെ വിദ്യാർത്ഥികൾ മാത്രമുള്ള ചെറിയ സ്കൂളാണ് വലിയ നേട്ടം കൈവരിച്ചത്.
നീലേശ്വരം: (KasargodVartha) സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം മംഗലംകളി മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി ബാനം സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിലെ മാവിലൻ, മലവേട്ടുവൻ സമുദായങ്ങളുടെ തനത് കലാരൂപമായ മംഗലംകളി ആദ്യമായി കലോത്സവത്തിന്റെ ഭാഗമായ വർഷം തന്നെ ബാനം ഗവ. ഹൈസ്കൂളിന് ഈ ഉജ്വല നേട്ടം കൈവരിക്കാനായി എന്നത് ശ്രദ്ധേയമാണ്.
സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും കൂടുതൽ പോയിന്റ് നേടിയാണ് ബാനത്തെ പ്രതിഭകൾ ഈ ചരിത്ര വിജയം സ്വന്തമാക്കിയത്. കുട്ടികളുടെ കഠിനാധ്വാനവും ചിട്ടയായ പരിശീലനവുമാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ശക്തി. 250 ൽ താഴെ വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന ഒരു ചെറിയ സ്കൂളിൽ നിന്ന് ഇത്രയും വലിയൊരു നേട്ടം കൈവരിക്കാനായി എന്നത് ഈ വിജയത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു.
പരിശീലകരായ സുനിൽ ബാനം, സുനിത സുനിൽ ദമ്പതികളുടെ അർപ്പണബോധവും പ്രോത്സാഹനവുമാണ് കുട്ടികൾക്ക് കരുത്തേകിയത്. വിജയശ്രീ ലാളിതരായി തിരിച്ചെത്തിയ ടീമിന് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും സ്നേഹോഷ്മളമായ സ്വീകരണം കുട്ടികൾക്ക് പുതിയ ഊർജം നൽകി.
പി.ടി.എ പ്രസിഡന്റ് പി മനോജ് കുമാർ, വൈസ് പ്രസിഡന്റ് പി രാജീവൻ, എസ്.എം.സി ചെയർമാൻ ബാനം കൃഷ്ണൻ, വികസന സമിതി ചെയർമാൻ കെ.എൻ ഭാസ്‌കരൻ, പ്രധാനധ്യാപിക സി കോമളവല്ലി, സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, ടീം മാനേജർ അനൂപ് പെരിയൽ തുടങ്ങിയവർ സംസാരിച്ചു.
#StateSchoolKalolsavam #Mangalamkali #BanamSchool #KeralaCulture #TribalArt #SchoolAchievement