Accidental Death | ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതി മരിച്ചു; 2 വയസുള്ള മകള്‍ക്ക് ഗുരുതരം; ഭര്‍ത്താവ് അത്ഭുതകരമായി രക്ഷപ്പെട്ടു
ബദിയടുക്ക: (KasargodVartha) ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. മാവിനക്കട്ട കോളാരിയിലെ ദിനേഷിന്റെ ഭാര്യ അനുഷ(25)യാണ് മരിച്ചത്. രണ്ട് വയസുള്ള മകള്‍ ശിവന്യക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ നിന്ന് ഭര്‍ത്താവ് നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ബൈകില്‍ ബദിയഡുക്ക ഉമ്പ്രങ്കളയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഇറക്കത്തില്‍ ബൈക് നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ മൂന്നുപേരെയും ഉടന്‍ തന്നെ ചെങ്കളയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും അനുഷ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ മകള്‍ ശിവന്യയെ മംഗ്‌ളൂറു ആശുപത്രിയിലേക്ക് മാറ്റി. ദിനേശനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോയി.
അനുഷയുടെ മൃതദേഹം ഉച്ചയോടെ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സഹോദരങ്ങള്‍: ജയദീപ്, അശ്വനി. അപകടത്തില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.