അസ്ഹര്‍ വധം: പ്രശ്‌നങ്ങള്‍ പാര്‍ടിക്കുള്ളില്‍ ചര്‍ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി
Nov 17, 2012, 17:44 IST
കാസര്‍കോട്: കാസര്‍കോട്ട് ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുമ്പള ആരിക്കാടിയിലെ അസ്ഹര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പാര്‍ടിക്കുള്ളില്‍ ചര്‍ച ചെയ്യുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ കാസര്‍കോട് വാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുമായി ഈ വിഷയം ചര്‍ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അസ്ഹറിന്റെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതടക്കമുള്ള ലീഗ് നേതൃത്വത്തിന്റെ വീഴ്ചകളെ കുറിച്ചും ചര്‍ച ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു വിമര്‍ശനം പാര്‍ടിക്കുള്ളില്‍ ഉണ്ടായിട്ടില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞത്.
എച്ച്.എ.എല്‍. യൂനിറ്റ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനാണ് കുഞ്ഞാലിക്കുട്ടി ശനിയാഴ്ച ഉച്ചയോടെ കാസര്‍കോട്ടെത്തിയത്. ചെര്‍ക്കളത്തിന് പുറമെ ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, മൂസാ ബി. ചെര്‍ക്കള, കെ.എം. അബ്ദുര്‍ റഹ്മാന്‍, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം. അഷ്‌റഫ്, ടി.ഡി. കബീര്‍., എം.എച്ച്. മുഹമ്മദ് കുഞ്ഞി തുടങ്ങിയവരും പി.കെ കുഞ്ഞാലിക്കുട്ടിയോടൊപ്പം ഉണ്ടായിരുന്നു.
Keywords: Muslim-Youth-League, P.K.Kunhalikutty, Murder-Case, Kasaragod, Discussion Kerala, Cherkalam Abdulla, Malayalam News