പോലീസുകാരന് ഓട്ടോ ഡ്രൈവറുടെ കോളറിനുപിടിച്ചു; കാസര്‍കോട്ട് ഓട്ടോ പണിമുടക്ക്
Nov 17, 2012, 18:00 IST

കാസര്‍കോട്: പോലീസുകാരന് ഓട്ടോ ഡ്രൈവറുടെ കോളറിന് പിടിച്ചതില്‍ പ്രതിഷേധിച്ച് കാസര്‍കോട് നഗരത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിലാണ് ശനിയാഴ്ച പണിമുടക്ക് നടക്കുന്നത്. ആസാദ് നഗറിലെ ഹനീഫി(41)യാണ് ശനിയാഴ്ച രാവിലെ കാസര്‍കോട് പോലീസ് സ്റ്റേഷനു മുന്നില്‍വെച്ച് ഒരു പോലീസുകാരന് കോളറിന് പിടിച്ച് മര്‍ദിച്ചത്.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത്നിന്ന് റിക്ഷയില്‍ കയറിയ പോലീസുകാരന് വണ്ടി സ്റ്റേഷന്റെ മുറ്റംവരെ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആവശ്യം നിരാകരിച്ച ഡ്രൈവര്‍ സ്റ്റേഷന്റെ മുമ്പിലുള്ള റോഡില്‍ പോലീസുകാരനെ ഇറക്കിവിട്ടു. അതിലുള്ള വൈരാഗ്യമാണ് അക്രമ കാരണമെന്ന് ഹനീഫ് പരാതിപെട്ടു. പരിക്കേറ്റ ഹനീഫിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവറെ മര്‍ദിച്ച പോലീസുകാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസ് സ്റ്റേഷനിലെത്തി എസ്.ഐക്ക് പരാതി നല്കി. സ്റ്റേഷനിലേക്കുള്ള റോഡ് തകര്‍ന്നുകിടക്കുന്നതിനാലാണ് സ്റ്റേഷന്റെ മുറ്റംവരെ പോകാന്‍ തയ്യാറാകാതിരുന്നതെന്നാണ് ഹനീഫിന്റെ വിശദീകരണം.
രണ്ട് ദിവസത്തെ പണിമുടക്കിനുശേഷം ശനിയാഴ്ച രാവിലെ ഓട്ടോ റിക്ഷകള്‍ നഗരത്തിലെത്തിയെങ്കിലും ഡ്രൈവറെ മര്‍ദിച്ച വിവരമറിഞ്ഞ് വീണ്ടും പണിമുടക്കുകയായിരുന്നു. പെട്ടെന്നുള്ള പണിമുടക്ക് യാത്രക്കാരെയും വലച്ചു.
Keywords: Auto Driver, Police-officer, kasaragod, Police, General-hospital, Assault, Strike