Protest | അധികൃതർ കണ്ണ് തുറക്കുന്നില്ല; പൊട്ടിപൊളിഞ്ഞ റോഡ് ശരിയാക്കാൻ കുത്തിയിരിപ്പ് സമരവുമായി ഓടോറിക്ഷ ഡ്രൈവറുടെ ഒറ്റയാൾ പോരാട്ടം; വിശദീകരണവുമായി പഞ്ചായത് അധികൃതർ
ബിആര്‍ഡിസിയുടെ വാഹനങ്ങളും റിസോർടിലേക്കുള്ള വലിയ ലോറികളടക്കം കടന്നുപോകുന്നതും ഇതേവഴിയിലൂടെയാണ്
ബേക്കൽ: (KasaragodVartha) അധികൃതർ കണ്ണ് തുറക്കാത്തതിനെ തുടർന്ന് കണ്ണ് തുറപ്പിക്കാൻ പൊട്ടിപൊളിഞ്ഞ റോഡിനരികിൽ കുത്തിയിരിപ്പ് സമരവുമായി ഓടോറിക്ഷ ഡ്രൈവറുടെ ഒറ്റയാൾ സമരം. തൃക്കണ്ണാട്ടെ വിനായക പ്രസാദാണ് റോഡില്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം തുടങ്ങിയിരിക്കുന്നത്.
തൃക്കണ്ണാട് - മലാംകുന്ന് റോഡാണ് അര കിലോമീറ്ററോളം പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. 5.50 ലക്ഷത്തോളം രൂപ ചിലവഴിച്ച് ഉദുമ പഞ്ചായത് റീടാര്‍ ചെയ്ത റോഡാണ് തകര്‍ന്ന് കിടക്കുന്നത്. മലാംകുന്നിലെ ഗോപാൽ റിസോർടിലേക്ക് പോകുന്ന റെയിൽവെ അടിപ്പാതയിലൂടെ കടന്നുപോകുന്ന റോഡാണ് തകര്‍ന്ന് കിടക്കുന്നതെന്ന് പ്രസാദ് പറയുന്നു.
ബേക്കൽ ഫിഷറീസ് ഹയർ സെകൻഡറി സ്‌കൂളിലേക്കുള്ള റോഡാണ് ഇത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബസും യാത്രാ ബസും അടക്കം കടന്നുപോകുന്ന പ്രധാന റോഡാണ് ഇത്. ബിആര്‍ഡിസിയുടെ വാഹനങ്ങളും റിസോർടിലേക്കുള്ള വലിയ ലോറികളടക്കം കടന്നുപോകുന്നതും ഇതേവഴിയിലൂടെയാണ്.
റോഡിൻ്റെ ഒരു ഭാഗം കോൺക്രീറ്റ് ചെയ്ത് ഉയർന്ന് നിൽക്കുന്നു. റെയിൽവേയുടെ സ്ഥലമായതിനാൽ അടിപ്പാതയിൽ റോഡ് കോൺക്രീറ്റ് ചെയ്യാൻ കഴിയില്ലെന്നാണ് പഞ്ചായതിൻ്റെ വാദം. ഓടോറിക്ഷകളും ഇരുചക്രവാഹനങ്ങള്‍ റോഡിലെ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നത് പതിവാണ്. അടിപ്പാതയുടെ മുകളിൽ നിന്ന് മണ്ണ് ഒലിച്ചിറങ്ങുന്നതും പ്രയാസം സൃഷ്ടിക്കുന്നു. കുടിവെള്ള പദ്ധതിക്കായി പിവിസി പൈപിട്ടിരിക്കുന്നത് കൊണ്ട് പൈപ് പൊട്ടി റോഡ് കുഴിയാകാൻ കാരണമായി മാറുന്നുണ്ട്. റോഡിലെ കല്ല് തെറിച്ച് അപകടം സംഭവിക്കുന്നതും പതിവാണ്.
കഴിഞ്ഞ വർഷം ഓടോറിക്ഷ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ സമരം നടത്തിയപ്പോള്‍ റോഡ് ശരിയാക്കുമെന്ന് പഞ്ചായത് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. അടിപ്പാതയിലെ റോഡ് ശരിയാക്കാൻ റെയില്‍വേയുടെ അനുമതി വേണമെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു പഞ്ചായത് അധികൃതര്‍ ചെയ്തതെന്നാണ് ആക്ഷേപം.
റെയിൽവെ അടിപ്പാത ആക്ഷൻ കമിറ്റിയുടെ കൈവശം നിലവിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡ് കോൺക്രീറ്റ് ചെയ്ത് ശരിയാക്കാനുള്ള ഫണ്ട് ഉണ്ടന്നും അവർ അത് നൽകാമെന്ന് അറിയിച്ചിട്ടും പഞ്ചായത് അധികൃതർ അലംഭാവം കാണിക്കുകയാണെന്നുമാണ് നാട്ടുകാരും പറയുന്നത്. ഡ്രൈവറുടെ ഒറ്റയാൾ സമരത്തിന് ഓടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മലാംകുന്ന് ടിടി റോഡിൻ്റെ റെയിൽവേ അധീനതയിൽ ഉള്ള അടിപ്പാത ഒഴികെയുള്ള ഭാഗം അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎയുടെ ഇടപെടലിൻ്റെ ഭാഗമായി സംസ്ഥാന സർകാരിൻ്റെ വെള്ളപൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചിരുന്നുവെന്ന് ഉദുമ പഞ്ചായത് ഭരണസമിതി വ്യക്തമാക്കി.
റെയിൽവേ അധീനതയിൽ ഉള്ള ഭാഗം നവീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണസമിതി 2022 ഓഗസ്റ്റ് 26ലെ 12-ാം നമ്പർ തീരുമാനപ്രകാരം റെയിൽവേ അധികൃതർക്ക് കത്ത് നൽകിയിരുന്നു. വാർഡ് മെമ്പറും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ പി സുധാകരൻ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഭരണസമിതി തീരുമാനമെടുത്തത്. എട്ട് മാസങ്ങൾക്ക് ശേഷം റെയിൽ അധികൃതർ 2023 ഒക്ടോബർ 11ന് നവീകരണത്തിന് തുക ചിലവഴിക്കാൻ ഉദുമ ഗ്രാമപഞ്ചായത് തയ്യാറാണെങ്കിൽ അനുമതി നൽകാമെന്ന് കാണിച്ച് മറു പടി നൽകി.
ഈ കത്ത് 2023 നവംബർ 25ലെ ഭരണസമിതി യോഗം ചർച്ച ചെയ്യുകയും എസ്റ്റിമേറ്റ് തയ്യാറാക്കി
നൽകുന്ന മുറയ്ക്ക് പണം നൽകാൻ തയ്യാറാണെന്നും അതിന് സെക്രടറിയെ ചുമതലപ്പെടുത്തിയും തീരുമാനമെടുത്തു. അഞ്ച് മാസങ്ങൾക്ക് ശേഷം 13,96,603 രൂപയുടെ എസ്റ്റിമേറ്റ് ഇക്കഴിഞ്ഞ ഏപ്രിലിൽ റെയിൽവേ നൽകുകയുണ്ടായി. ലോകസഭ തിരഞ്ഞെടുപ്പിൻ്റെ മാതൃകപെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ജൂൺ ആറ് വരെ പഞ്ചായതിന് നടപടികൾ സ്വീകരിക്കാൻ സാധിച്ചിരുന്നില്ല.
ജൂൺ 18ന് ചേരുന്ന ഭരണസമിതി യോഗത്തിൽ 29-ാം നമ്പർ അജൻഡയായി തുക ഒടുക്കുന്നതിനുള്ള തീരുമാനമെടുക്കുന്നതിന് വിഷയം ഉൾപ്പെടുത്തി ഭരണസമിതി അംഗങ്ങൾക്ക് യോഗ നോടീസ് നൽകിയിട്ടുണ്ട്. അതിനിടയിൽ ആണ് വിഷയത്തിൽ നാളിത് വരെ ചെറുവിരൽ അനക്കാൻ തയ്യാറാവാതിരുന്ന കേന്ദ്രം ഭരിക്കുന്ന പാർടിയുടെ പ്രാദേശിക നേതാവ് കുത്തിത്തിരിപ്പ് സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ഉദുമ ഗ്രാമപഞ്ചായത് പ്രസിഡൻ്റ് പി ലക്ഷമിയും വാർഡ് മെമ്പറും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ പി സുധാകരനും കൂട്ടിച്ചേർത്തു.