Protest | 4 ദിവസം മുമ്പ് ഓടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തിൽ കഴിയുകയായിരുന്ന ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
● അബ്ദുൽ സത്താർ എന്നയാളാണ് മരിച്ചത്
● വായ്പ എടുത്താണ് ഓടോറിക്ഷ വാങ്ങിയത്.
● പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡ്രൈവർമാർ പണിമുടക്കി.
കാസർകോട്: (KasargodVartha) നാല് ദിവസം മുമ്പ് ഓടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തിൽ കഴിയുകയായിരുന്ന ഓടോറിക്ഷ ഡ്രൈവറെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നേരത്തെ കാസർകോട് മാർകറ്റ് കുന്നിൽ താമസക്കാരനും പിന്നീട് കുറച്ച് കാലം ഉള്ളാളിൽ താമസിക്കുകയും ചെയ്തുവന്നിരുന്ന അബ്ദുൽ സത്താറിനെ (55) യാണ് കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്ന് വർഷത്തോളമായി റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർടേഴ്സിൽ താമസിക്കുന്ന ഇദ്ദേഹം നഗരത്തിൽ ഓടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തുകയായിരുന്നു. നാല് ദിവസം മുമ്പ് വൈകീട്ട് 5.55 മണിയോടെ കാസർകോട് ഗീത ജംക്ഷൻ റോഡിൽ വെച്ച് അബ്ദുൽ സത്താർ ഓടിച്ച കെ എൽ 14 എഡി 9971 നമ്പർ ഓടോറിക്ഷ പൊതുജനങ്ങൾക്കും യാത്രക്കാർക്കും മാർഗതടസ്സം ഉണ്ടാക്കുന്ന വിധം റോഡിൻ്റെ മധ്യത്തിൽ നിർത്തിയെന്ന കുറ്റം ചുമത്തിയാണ് ബിഎൻഎസ്എസ് ആക്ട് 35/3 പ്രകാരം നോടീസ് നൽകി ഓടോറിക്ഷ കസ്റ്റഡിയിലെടുത്തത്.
വായ്പ എടുത്താണ് ഓടോറിക്ഷ വാങ്ങിയതെന്നും വാഹനം വിട്ടുതരണമെന്നും ആവശ്യപ്പെട്ട് പലതവണ പൊലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും പൊലീസ് ഓടോറിക്ഷ വിട്ടുകൊടുക്കാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം. പിന്നീട് സഹപ്രവർത്തകരായ മറ്റ് ഓടോറിക്ഷ ഡ്രൈവർമാർക്കൊപ്പം കാസർകോട് ഡിവൈഎസ്‌പി ഓഫീസിൽ നേരിട്ട് ചെന്ന് അദ്ദേഹവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയെങ്കിലും തിരിച്ച് സ്റ്റേഷനിൽ എത്തിയപ്പോൾ പല കാരണങ്ങൾ പറഞ്ഞ് ഓടോറിക്ഷ വിട്ടുകൊടുക്കാതെ തടഞ്ഞുവെക്കുകയായിരുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച വൈകീട്ടോടെ അബ്ദുൽ സത്താറിനെ ക്വാർടേഴ്‌സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ ഡ്രൈവർമാർ സംഘടിക്കുകയും ഇൻക്വസ്റ്റ് നടപടിക്കെത്തിയ പൊലീസിനെ തടയുകയും ചെയ്തു. ഓടോറിക്ഷ ഡ്രൈവർമാരെ പൊലീസ് അനാവശ്യമായി ഉപദ്രവിക്കുകയാണെന്നും ഡ്രൈവർമാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. 250 രൂപ പിഴയടച്ച് വിട്ടുകൊടുക്കേണ്ട ഓടോറിക്ഷയാണ് പൊലീസ് അനാവശ്യമായി പിടിച്ചുവെച്ചതെന്നാണ് പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നത്.
മരണത്തെ തുടർന്ന് നഗരത്തിലെ മുഴുവൻ ഓടോറിക്ഷകളും ഓട്ടം നിർത്തി പണിമുടക്കിയിരിക്കുകയാണ്. പണിമുടക്കിയ ഡ്രൈവർമാർ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് മാർചും നടത്തി. പ്രശ്‌ന പരിഹാരത്തിനായി കാസർകോട് ഡിവൈഎസ്‌പി സി കെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സമരക്കാരുമായി ചർച നടത്തിവരികയാണ്. ഹസീനയാണ് മരിച്ച സത്താറിന്റെ ഭാര്യ. മക്കൾ: സാനിശ്, സന, ശംന.
#Kasargod #AutoRickshaw #Suicide #PoliceBrutality #JusticeForAbdulSattar #Protest#Kasargod #AutoRickshaw #Suicide #PoliceBrutality #JusticeForAbdulSattar #Protest