Fight | കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഓടോറിക്ഷ - ബസ് പോര് രൂക്ഷം! സമയക്രമം പാലിക്കുന്നില്ലെന്ന് ആരോപണം
ഓടോറിക്ഷ തൊഴിലാളികൾ അടുത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകാൻ വിസമ്മതിക്കുന്നതായുക്മ ആക്ഷേപം
കാസർകോട്: (KasargodVartha) റെയിൽവേ സ്റ്റേഷനിൽ ഓടോറിക്ഷ - ബസ് ജീവനക്കാരുടെ പോര് രൂക്ഷമാവുന്നു. തിങ്കളാഴ്ച ഓടോറിക്ഷ തൊഴിലാളികൾ രണ്ട് മണിക്കൂർ സമയത്തേക്ക് മിന്നൽ പണിമുടക്കും നടത്തി. ബസുകൾ സമയക്രമം പാലിക്കുന്നില്ലെന്നാണ് ഓടോറിക്ഷ തൊഴിലാളികൾ ആരോപിക്കുന്നത്. ട്രെയിനുകൾ വരുന്ന സമയം നോക്കി ബസുകൾ ഏറെനേരം കാത്തുനിന്ന് യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്നതായും തങ്ങൾക്ക് ആളുകളെ കിട്ടുന്നില്ലെന്നും ഇവർ പറയുന്നു.
തളങ്കരയിലേക്കുള്ള ബസുകൾ ആ ഭാഗത്തേക്ക് പോവാതെ റെയിൽവേ സ്റ്റേഷന് സമീപം യാത്ര അവസാനിപ്പിക്കുകയും പിന്നീട് റെയിൽവേ സ്‌റ്റേഷന് മുൻ വശത്ത് അരമണിക്കൂറിലേറെ നേരെ നിർത്തിയിട്ട് യാത്രക്കാരെ കയറ്റുകയാണെന്നുമാണ് പരാതി. പലപ്പോഴും മൂന്നും നാലും ബസുകളൊക്കെ ഒരേസമയം കാത്തുനിൽക്കുന്നതായും പെർമിറ്റ് ഇല്ലാത്ത ബസുകളും ഇത്തരത്തിൽ സർവീസ് നടത്തുന്നതായും ഓടോറിക്ഷ തൊഴിലാളികൾ ആരോപിക്കുന്നു.
ബസുകൾ യാത്രക്കാരെ കയറ്റുന്നതിൽ പ്രശ്‌നമില്ലെന്നും എന്നാൽ സമയക്രമം പാലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഓടോറിക്ഷ തൊഴിലാളികൾ കാസർകോട് വാർത്തയോട് പറഞ്ഞു. ഇത് ലംഘിക്കുന്നവർക്കെതിരെയും പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെയും നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് പൊലീസിനും ആർടിഒയ്ക്കും മറ്റും പരാതി നൽകിയിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ഓടോറിക്ഷ തൊഴിലാളികൾ പറയുന്നത്.
ബസുകൾ ഇടയ്ക്ക് വെച്ച് സർവീസ് അവസാനിപ്പിക്കുന്നത് മൂലം നിരവധി പേർ വലയുന്നതായും വിദ്യാർഥികളെ കയറ്റുന്നില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം ഓടോറിക്ഷ തൊഴിലാളികൾ അടുത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകാൻ വിസമ്മതിക്കുന്നതായാണ് മറുവാദം. ഇത് കാരണം പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നതായും പറയുന്നു.
ഓടോറിക്ഷ ഡ്രൈവർമാർ വിവേചനം കാണിക്കാതെ നിശ്ചിത നിരക്കിൽ എല്ലാ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാൻ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഓടോറിക്ഷ - ബസ് ജീവനക്കാരുടെ പോരിന് അറുതിവരുത്തണമെന്നും യാത്രക്കാർ പറയുന്നു. ഓടോറിക്ഷ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക് കുറച്ച് സമയത്തേക്ക് യാത്രക്കാരെയും വലച്ചു.