Allegation | 'എസ്ഐ വന്ന് താക്കോൽ ഊരിപ്പോയി, ഓടോറിക്ഷ വിട്ടുതരാതെ എന്നെ ടോർചർ ചെയ്തു, ചിലവിന് വരെ കൊടുക്കാൻ പൈസ ഇല്ല'; മരിക്കുന്നതിന് മുമ്പ് കാസർകോട്ടെ അബ്ദുൽ സത്താർ പങ്കുവെച്ച വീഡിയോ പുറത്ത്
● പൊലീസ് പീഡനം ആരോപിച്ച് മരണത്തിന് മുമ്പ് വീഡിയോ പങ്കുവെച്ചു.
● സംഭവത്തിൽ പ്രതിഷേധം ശക്തം, എസ്ഐയെ സ്ഥലം മാറ്റി.
● സംഭവങ്ങളുടെ തുടക്കം ഗീതാ ടാകീസ് പരിസരത്തുണ്ടായ ഗതാഗതക്കുരുക്കിൽ നിന്ന്.
കാസർകോട്: (KasargodVartha) ഗീതാ ടാകീസിന് സമീപം ഗതാഗതകുരുക്ക് ഉണ്ടായപ്പോൾ ഹോം ഗാർഡ് ചാടിവീണ് ഓടോറിക്ഷ തടയുകയും വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ എസ്ഐ വന്ന് താക്കോൽ ഊരി പോകുകയും ഓടോറിക്ഷ വിട്ടുതരാതെ തന്നെ പൊലീസ് ടോർചർ ചെയ്യുകയുമായിരുന്നുവെന്ന് പറഞ്ഞ് മരിക്കുന്നതിന് മുമ്പ് കാസർകോട്ടെ ഓടോറിക്ഷ ഡ്രൈവർ ഫേസ്‌ബുകിൽ പങ്കുവെച്ച വീഡിയോ പുറത്ത്.
താൻ ഹൃദ്രോഗിയാണെന്നും ഓടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നതെന്നും കാലിനും സുഖമില്ലെന്നും കാസർകോട് റെയിൽവെ സ്റ്റേഷൻ റോഡിൽ വാടക ക്വാർടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അബ്ദുൽ സത്താർ വീഡിയോയിൽ പറയുന്നു. കുടുംബത്തിന് ചിലവിന് കാശ് അയച്ചുകൊടുക്കാൻ പോലും ബുദ്ധിമുട്ടുകയാണെന്നും കഴിഞ്ഞ മാസം വണ്ടിയുടെ വായ്പ കൃത്യസമയത്ത് അടക്കാൻ പോലും കഴിഞ്ഞില്ലെന്നും മനോവേദനയോടെ ഇദ്ദേഹം പറയുന്നുണ്ട്.
ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടും വണ്ടി വിട്ടുതരാതെ തന്നെ പൊലീസ് ടോർചർ ചെയ്യുകയാണെന്നും സത്താർ പരാതിപ്പെട്ടു. ഡിവൈഎസ്പി ഓഫീസിൽ പരാതി നൽകിയിട്ട് പോലും നീതി കിട്ടിയില്ലെന്നും മരിക്കുന്നതിന് മുമ്പ് സ്വന്തം ഫോണിൽ എടുത്ത വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ജാമ്യക്കാരെ കൊണ്ടുവന്ന് വണ്ടി കൊണ്ടുപോകാനാണ് പൊലീസ് പറഞ്ഞത്. താൻ കാസർകോട്ടുകാരനായിരുന്നുവെങ്കിലും കുറേക്കാലം മംഗ്ളൂറിൽ ആയിരുന്നത് കൊണ്ട് കാസർകോട്ട് ജാമ്യക്കാരെ സംഘടിപ്പിക്കാനായില്ലെന്നും സത്താർ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച വൈകീട്ടോടെയാണ് അബ്ദുൽ സത്താറിനെ ക്വാർടേഴ്‌സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആരോപണ വിധേയനായ കാസർകോട് എസ്ഐ പി അനൂപിനെ ചന്തേരയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. കാസർകോട്ടെ ഓടോറിക്ഷ ഡ്രൈവർമാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു നടപടി.
#KeralaNews #PoliceBrutality #JusticeForAbdulSathar #AutoDriver #Suicide #Protest