city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബളാലില്‍ ആദിവാസി ഉള്‍പെടെയുള്ള 39 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ ശ്രമം

ബളാലില്‍ ആദിവാസി ഉള്‍പെടെയുള്ള 39 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ ശ്രമം
വെള്ളരിക്കുണ്ട്: സര്‍ക്കാര്‍ വനഭൂമിയെന്ന് പറഞ്ഞ് ആദിവാസി കുടുംബങ്ങള്‍ ഉള്‍പെടെയുള്ളവരെ കുടിയിറക്കാന്‍ നീക്കം. ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് അത്തിയടുക്കത്ത് താമസിക്കുന്ന 39 കുടുംബങ്ങളെയാണ് ഇവിടെ നിന്നും ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നത്.

ഇവിടെ താമസിക്കുന്നവരില്‍ പത്ത് കുടുംബങ്ങള്‍ മലവേട്ടുവ സമുദായത്തില്‍പ്പെട്ടവരാണ് എല്ലാവര്‍ക്കും 2001/2 സര്‍വെ നമ്പറില്‍ പട്ടയമുണ്ട്. നികുതിയടക്കുന്നുമുണ്ട്. ഈ സ്ഥലങ്ങളില്‍ മുഴുവന്‍ കുരുമുളക്, കശുമാവ്, പ്ലാവ് മുതലായ കൃഷികളാണുള്ളത്. ആദിവാസികളല്ലാത്തവര്‍ക്ക് കവുങ്ങ്, തെങ്ങ്, റബ്ബര്‍ കൃഷികളുമുണ്ട്.

ആദിവാസികള്‍ അടക്കമുള്ള കുടുംബങ്ങള്‍ ഇവിടെ താമസം തുടങ്ങിയിട്ട് 150 വര്‍ഷത്തോളമായി. ഈ സ്ഥലത്ത് നിന്നാണ് വനഭൂമിയെന്ന് പറഞ്ഞ് കുടുംബങ്ങളെ കുടിയിറക്കാന്‍ ശ്രമിക്കുന്നത്. മാറാരോഗികളും മരുന്ന് വാങ്ങാന്‍ പോലും പണമില്ലാത്തവരുമായ നിരവധിപേരാണ് ഇവിടെ താമസിക്കുന്നത്. പെട്ടെന്ന് ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയിലെത്തിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്.സ്‌കൂള്‍ ദൂരെയായതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ വളരെ ബുദ്ധിമുട്ടാണ്. ആവശ്യമായ വസ്ത്രം പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല.

ഇവര്‍ക്ക് സൗജന്യമായി വസ്ത്രം നല്‍കാനും കോളനികളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്താനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മലവേട്ടുവ മഹാസഭ ആവശ്യപ്പെട്ടു. കോളനിയുടെ ദുരവസ്ഥ മലവേട്ടുവ മഹാസഭ ജില്ലാ പ്രസിഡന്റ് എം. ഭാസ്‌കരന്‍, ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ പി. കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, തേങ്കയം കുഞ്ഞിരാമന്‍, മലവേട്ടുവ മഹാസഭ മേഖലാ സെക്രട്ടറി പ്രദീപ്, മുന്‍ പഞ്ചായത്ത് മെമ്പര്‍ ചെരുമ്പക്കോട് കെ. രാധ, മലവേട്ടുവ പ്രവര്‍ത്തകരായ സുമേഷ്, രാധാകൃഷ്ണന്‍, ബാബു, ധന്യ, അശ്വതി, നാരായണി, രാഘവന്‍, കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ അടങ്ങുന്ന സംഘം നേരില്‍ കണ്ട് മനസ്സിലാക്കി. ഇവരെ സര്‍ക്കാര്‍ വനഭൂമിയെന്ന് പറഞ്ഞ് കുടിയിറക്കിയാല്‍ കേരളത്തിലെ മുഴുവന്‍ ആദിവാസികളും ഭരണകൂടത്തിനെതിരെ പോരാട്ടത്തിനിറങ്ങുമെന്ന് മലവേട്ടുവ മഹാസഭ ജില്ലാ പ്രസിഡന്റ് ഒരു പ്രസ്ഥാവനയില്‍ അറിയിച്ചു.

Keywords: Balal, Panchayath, Land, Problem, 39 family, Adivasi, People, Vellarikundu, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia