കുറ്റിക്കോലില്‍ 11 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നീക്കം
Jun 13, 2012, 12:19 IST
കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ വില്ലേജ് ഓഫീസ് ഉപരോധം നിര്‍ത്തിവെക്കാനും കുടിയൊഴിപ്പിക്കപ്പെടുന്നവരെ ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. 1973 മുതല്‍ ഈ ഭൂമിയില്‍ താമസിച്ചു വരുന്ന 11 കുടുംബങ്ങളുടെ 10.50 ഏക്കര്‍ സ്ഥലമാണ് മിച്ച ഭൂമിയാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ജൂണ്‍ ഏഴിന് പത്രത്തില്‍ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചത്. ജൂണ്‍ 20 നുള്ളില്‍ റിസ.നമ്പര്‍ 36/1 ല്‍ പ്പെട്ട സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് അറിയിപ്പ്.
കുറ്റിക്കോല്‍ ചങ്കരംപാടിയിലെ അന്തുമായി സര്‍ക്കാറിലേക്ക് വിട്ടുകൊടുത്ത 10.75 ഏക്കര്‍സ്ഥലം തൊട്ടടുത്തു തന്നെ തരിശ് ഭൂമിയായി കിടക്കുന്നുണ്ട്. ഈ സ്ഥലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്തുമായി സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. 1973 മുതല്‍ നികുതി അടച്ചുവരുന്ന 11 കുടുംബങ്ങളില്‍ പലര്‍ക്കും സ്ഥലത്തിന് പട്ടയവും ആധാരവും ഉണ്ട്. ഇതുവെച്ച് പലരും ബാങ്കില്‍ നിന്നും വായ്പയെടുക്കുകയും ചെയ്തിട്ടുണ്ട്. വീടുകള്‍ക്കെല്ലാം വീട്ടു നമ്പറും റേഷന്‍ കാര്‍ഡുമുണ്ട്. 10 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതവും. ഒരാള്‍ക്ക് 50 സെന്റ് സ്ഥലവുമാണുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഭൂരഹിതരായവര്‍ക്ക് അഞ്ച് സെന്റ് സ്ഥലം വീതം നല്‍കുന്ന പദ്ധതിക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഈ മിച്ചഭൂമി ഏറ്റെടുക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഭൂമിയില്ലാത്തവരുടെ 3,000 ത്തോളം അപേക്ഷകളാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുള്ളത്.
11 കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ ഒരു രേഖയും റവന്യു അധികൃതരുടെ കൈയ്യില്‍ ഇല്ലെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. യാതൊരു രേഖകളുമില്ലെന്ന് പറയുന്ന ഈ സ്ഥലത്തിന് പട്ടയവും ഭൂമിയുടെ ക്രയവിക്രയവും അനുവദിച്ചത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ അധികൃതര്‍ക്ക് ഉത്തരമില്ല. ഭൂമി ഏറ്റെടുക്കലിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ പറയുന്നത്.
Keywords: Attempt, Evacuate, 11 families, Kuttikol