Passion | ഹകീമിൻ്റെ അത്തർ മുഹബ്ബത്തിന് കാൽ നൂറ്റാണ്ടിന്റെ പഴക്കം; വീട് നിറയെ സുഗന്ധ ദ്രവ്യങ്ങളുടെ കലവറ
● ഗൾഫിൽ ജോലി ചെയ്തിരുന്ന കാലത്ത് അത്തർ ശേഖരിക്കാൻ തുടങ്ങി.
● വീട് ഇപ്പോൾ അത്തറുകളുടെ ഒരു കലവറയാണ്.
● സാമൂഹ്യ പ്രവർത്തന രംഗത്തും സജീവമാണ്.
ബേക്കൽ: (KasargodVartha) ജംക്ഷനിലുള്ള ഹകീമിൻ്റെ അത്തർ മുഹബ്ബത്തിന് കാൽ നൂറ്റാണ്ടിന്റെ പഴക്കം. കാൽ നൂറ്റാണ്ട് കാലം ഗൾഫിൽ ഡ്രൈവറായും കടനടത്തിയും റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ചും ജോലി ചെയ്ത ഹകീമിന് അറബികളുടെ എപ്പോഴുമുള്ള പ്രസരിപ്പ് കണ്ടാണ് അത്തറിനോടുള്ള ഇഷ്ടം കൂടിയത്. ഗൾഫിൽ താമസിക്കുന്ന മുറിയിൽ 2500 ഓളം അത്തറുകൾ സൂക്ഷിച്ചിരുന്നു.
ഒരിക്കൽ മുറിയിലെത്തിയ അറബ് പൗരൻ ഊദിന്റെയും അത്തറിന്റെയും സ്പ്രേയുടെയും ശേഖരം കണ്ട് അന്തംവിട്ടു. എത്ര വേണമെങ്കിലും പണം തരാമെന്നും ഈ സുഗന്ധ ദ്രവ്യങ്ങളുടെ ശേഖരം തനിക്ക് തരുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ പണമൊന്നും വേണ്ടെന്നും അത്തർ ശേഖരം സംരക്ഷിക്കാമെങ്കിൽ എല്ലാം നൽകാമെന്നും അദ്ദേഹത്തിന് ഉറപ്പ് കൊടുത്തു.
ജോലി മതിയാക്കി നാട്ടിലേക്ക് പോകുമ്പോൾ അറബ് പൗരന്റെ ഗസ്റ്റ് ഹൗസിൽ ശേഖരം എത്തിച്ചുനൽകിയതായും ഹകീം കാസർകോട് വാർത്തയോട് പറഞ്ഞു. ആറ് വർഷം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. എല്ലാ കാര്യങ്ങളോടും പ്രതികരിക്കാറുള്ള ഹകീം ശാർജയിൽ പ്രതികരണ വേദി എന്ന കൂട്ടായ്മ തന്നെ ഉണ്ടാക്കിയിരുന്നു. റേഡിയോയിൽ കൂടി പല കാര്യങ്ങളിലും പ്രതികരണം നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് ഹകീം.
അത്തറിനോടും ഊദിനോടും സ്പ്രേയോടുമുള്ള ഇഷ്ടം കാരണം തന്നെ അറിയുന്ന പലരും തനിക്ക് സുഗന്ധ ദ്രവ്യങ്ങൾ സമ്മാനിച്ചിരുന്നതായും ഇത് നാട്ടിൽ എത്തിയപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹകീമിന്റെ വീടിന്റെ വാതിൽ തുറക്കുമ്പോൾ തന്നെ സുഗന്ധ ദ്രവ്യങ്ങളുടെ പരിമളമാണ് അതിഥികളുടെ മനം കവരുക. വീട്ടിൽ ഇപ്പോൾ 1500 ലധികം സുഗന്ധ ദ്രവ്യങ്ങളുടെ ശേഖരമുണ്ട്. എവിടെ കണ്ടാലും സുഗന്ധ ദ്രവ്യങ്ങൾ വാങ്ങിക്കൂട്ടുക എന്നത് തനിക്കൊരു ലഹരി ആണെന്നും ഹകീം പറയുന്നു.
നാട്ടിലെത്തിയ ശേഷം ബേക്കൽ ജംക്ഷനിൽ നാട്ടിലെ പ്രായമായ ഒരാളോടൊപ്പം ചേർന്ന് അനാദിക്കട തുടങ്ങുകയും അതിന് പുറമെ പൊതുപ്രവർത്തനത്തിനും സമയം കണ്ടെത്താറുമുണ്ട്. ജില്ലയുടെ ആരോഗ്യ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താൻ എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കൂട്ടായ്മയുടെ ജില്ലാ വൈസ് പ്രസിഡന്റാണ് ഹകീം ഇപ്പോൾ. ഇതുകൂടാതെ മൂവ്മെന്റ് ഫോർ ബെറ്റർ കേരളയുടെ എക്സിക്യൂടീവ് അംഗം കൂടിയാണ്
ഒരു രാഷ്ട്രീയ പാർടിയോടും പ്രത്യേക മമതയോ എതിർപ്പോ തനിക്കില്ല. ആര് നല്ല കാര്യം ചെയ്താലും അവരെ പിന്തുണക്കും. എന്നാൽ തെറ്റായ കാര്യങ്ങൾ ചെയ്‌താൽ അതിനെ നിശിതമായി വിമർശിക്കാനും ഹകീം മുന്നിലുണ്ടാവും. ഇതുകാരണം ചിലർക്ക് തന്നോട് നീരസം ഉണ്ടെങ്കിലും എല്ലാവരെയും വിമർശിക്കുന്നത് കൊണ്ട് ആരും തന്നെ പകയോടെയോ വിദ്വേഷത്തോടെയോ പെരുമാറാറില്ലെന്നും ഹകീം കൂട്ടിച്ചേർത്തു.
സുഗന്ധ ദ്രവ്യങ്ങളോടുള്ള തന്റെ ഇഷ്ടം കാരണം വീട്ടിലുള്ളവർ പോലും ഇപ്പോൾ ഇത്തരം കാര്യങ്ങളിൽ തനിക്ക് പ്രോത്സാഹനം നൽകാറുണ്ടെന്നും പരിമളം ഇഷ്ടപ്പെടാത്ത ആൾക്കാർ ആരും തന്നെ ഉണ്ടാകില്ലെന്നും ഹകീം വ്യക്തമാക്കുന്നു.
#attar #perfume #collection #Kerala #hobby #lifestyle