മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍
Jan 3, 2013, 16:55 IST

കാസര്‍കോട്: മോഷ്ടിച്ച എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് കുന്നംകുളത്ത് പോലീസ് പിടിയിലായി. കാസര്‍കോട് ഏരിയപ്പാടി നിഷാര്‍ മന്‍സിലില്‍ ഷംസുദ്ദീനെ (33)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുന്നംകുളം യൂണിറ്റി ആശുപത്രിയിലെ ഡോക്ടറുടെ മരുമകളുടെ കാറില്‍ നിന്ന് എ.ടി.എം. കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയ ഷംസുദ്ദീനെ ബുധനാഴ്ചയാണ് എസ്.ഐ. കെ. മാധവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഷംസുദ്ദീനെ കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു. കുന്നംകുളം പൂത്തോളിലെ പ്രമുഖ ടെക്സ്റ്റൈല്‍സ് ഷോറൂമിനടുത്തുള്ള ഐസ്ക്രീം കടയിലെ ജീവനക്കാരനാണ് ഷംസുദ്ദീന്.
ഷോപ്പിംങ്ങിന് വരുന്നവര്‍ തിരക്കനുസരിച്ച് കാര്‍ പാര്‍ക്കിംങ്ങിനായി താക്കോല്‍ ഷംസുദ്ദീനെ ഏല്‍പ്പിച്ച് പോകാറുണ്ട്. ഡിസംബര്‍ 26 ന് ഷോപ്പിംങ്ങിനെത്തിയ ഡോക്ടറുടെ കുടുംബം കാറിന്റെ താക്കോല്‍ ഷംസുദ്ദീനെ ഏല്‍പ്പിക്കുകയായിരുന്നു. 28 ന് ഡോക്ടറുടെ മരുമകളുടെ മൊബൈല്‍ ഫോണിലേക്ക് 35,289 രൂപ പിന്‍വലിച്ചതായി സന്ദേശം എത്തി. എറണാകുളത്തെ റസ്റ്റോറന്റില്‍ നിന്ന് 289 രൂപയ്ക്ക് ഭക്ഷണം കഴിച്ച ശേഷം കാര്‍ഡ് നല്കി ബില്ലടച്ചപ്പോള്‍ എ.ടി.എമ്മില്‍ പണമുണ്ടെന്ന് ഷംസുദ്ദീന് മനസ്സിലാക്കി.
ഇതോടെ അടുത്തുള്ള മൊബൈല്‍ ഷോപ്പില്‍ കയറിയ യുവാവ് 25,000 രൂപയുടെ മൊബൈല്‍ ഫോണും വാങ്ങി. 10,000 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. ഇതുള്‍പ്പെടെയാണ് 35,280 രൂപയുടെ സന്ദേശം ലഭിച്ചത്. ഡോക്ടറുടെ പരാതി പ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോയ്, സാദത്ത് എന്നിവര്‍ എറണാകുളത്തെ റസ്റ്റോറന്റിലെത്തി സന്ദേശം വന്ന സമയത്തെ സി.സി. ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഇത് ഡോക്ടറെ കാണിക്കുകയും ചെയ്തു.
ഇതോടെയാണ് ഷംസുദ്ദീനെ ഡോക്ടര്‍ തിരിച്ചറിഞ്ഞത്. തൃശൂരിലെ ഐസ്ക്രീം കടയിലെ ജീവനക്കാരനായ ഷംസുദ്ദീന്റെ കൈയ്യിലാണ് താക്കോല്‍ നല്‍കിയതെന്ന് വ്യക്തമായതോടെ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഷംസുദ്ദീനെ വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.
Keywords : Kasaragod, Youth, Arrest, Police, Case, Kerala, Shamsudheen, Kunnamkulam, ATM, Cash, Kasargodvartha, Malayalam News.