city-gold-ad-for-blogger
Aster MIMS 10/10/2023

അര്‍ബുദത്തെ അതിജീവിക്കാന്‍ 'അതിജീവനം'; പുകവലിയും നിര്‍ത്താം!

കാസര്‍കോട്: (www.kasargodvartha.com 08.01.2020) അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് രൂപീകരിച്ച സമഗ്ര അര്‍ബുദ പ്രതിരോധ നിയന്ത്രണ പദ്ധതിയായ 'അതിജീവനം' നാലാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ മരണമുഖത്തു നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ അതിജീവന കഥകള്‍ ഏറെ പറയാനുണ്ട് നീലേശ്വരം ബ്ലോക്കിന്.

അതിജീവനം അര്‍ബുദ നിയന്ത്രണ പ്രൊജക്ട്

കൊച്ചി ക്യാന്‍സര്‍ സൊസൈറ്റി മാതൃകയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ  നേതൃത്വത്തില്‍ സൊസൈറ്റി രൂപീകരിച്ച് അര്‍ബുദ ചികിത്സയ്ക്ക് നൂതന സംവിധാനമൊരുക്കുകയാണ് അതിജീവനം അര്‍ബുദ നിയന്ത്രണ പ്രൊജക്ടിടിലൂടെ നടക്കുന്നത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന കയ്യൂര്‍ചീമേനി, ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ, പിലിക്കോട്, തൃക്കരിപ്പൂര്‍ എന്നീ ആറ് പഞ്ചായത്തുകളെ അര്‍ബുദ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടി മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ  സാങ്കേതിക സഹായത്തോടു കൂടി 2016 ലാണ്  നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ അതിജീവനം ആരംഭിച്ചത്.ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച അതിജീവനം ഇന്ന് ലോകത്തിന് മുഴുവന്‍ മാതൃകയായി മാറിക്കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികളും ഡോക്ടര്‍മാരും ആരോഗ്യ സന്നദ്ധപ്രവര്‍ത്തകരും മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വിദഗ്ധരടങ്ങുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റിയും ഇന്ന് സജീവമാണ്.

അര്‍ബുദ നിര്‍ണയ ക്ലിനിക്കുകള്‍

ചെറുവത്തൂര്‍ സാമുഹികാരോഗ്യ കേന്ദ്രം, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ അര്‍ബുദം തുടക്കത്തില്‍ തന്നെ കണ്ടത്തുന്നതിനായുള്ള അര്‍ബുദ നിര്‍ണ്ണയ ക്ലിനിക്കുകള്‍ പ്രവര്‍ത്തന സജ്ജമാണ്. എല്ലാ ചൊവ്വാഴ്ചയും രാവിലെ ഒമ്പത്  മണി മുതല്‍ ഒരുമണി വരെയാണ്  ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ക്ലിനിക്കിന്റെ സേവനം  സൗജന്യമാണ്. വായിലെ അര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം,സ്തനാര്‍ബുദം, തുടങ്ങിയ അതി സങ്കീര്‍ണ്ണമായ അര്‍ബുദങ്ങള്‍ വരെ തുടക്കത്തിലെ   കണ്ടുപിടിക്കുന്നതിനുള്ള സൗകര്യം ഈ  ക്ലിനിക്കുകളില്‍ ലഭ്യമാണ്. കൂടാതെ അര്‍ബുദ ചികിത്സ ധനസഹായ മാര്‍ഗ നിര്‍ദ്ദേശങ്ങളും പുകയില വര്‍ജ്ജന പ്രവര്‍ത്തനങ്ങളും ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നുമ്ട്. ക്ലിനിക്കിലെത്തുന്ന രോഗികളെ പ്രാഥമിക പരിശോധനക്കുശേഷം ആവശ്യമെങ്കില്‍ എം.സി.സിയിലേക്ക് അയച്ച് തുടര്‍ പരിശോധനകളും ചികിത്സയും ലഭ്യമാക്കുന്നു.ക്ലിനിക് നടത്തിപ്പിനാവശ്യമായ പരിശീലനവും സാങ്കേതിക സഹായങ്ങളും നല്‍കുന്നത് എംസിസിയിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗമാണ്.

പുകവലിയും അതിജീവിക്കാം

പുകവലി നിര്‍ത്താന്‍ താല്പര്യമുള്ളവര്‍ക്കും ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്താം. അര്‍ബുദ രോഗികള്‍ക്കായുള്ള മരുന്നുകളില്‍ ഏറെയും സൗജന്യമാണ്.  അതിജീവനത്തിന്റെ ഭാഗമായുള്ള ബോധവല്‍കരണത്തിലൂടെ ജനങ്ങളുടെ ജീവിതശൈലിയിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിജീവനം പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥനും ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുമായ ഡോ. ഡി ജി രമേഷ് പറയുന്നു.

അര്‍ബുദ രജിസ്ട്രി പറഞ്ഞു തരും, എല്ലാ വിവരങ്ങളും

അര്‍ബുദ രജിസ്ട്രി നിലവില്‍ വന്ന ഇന്ത്യയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്താണ് നീലേശ്വരം.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെജനസംഖ്യാധിഷ്ഠിത അര്‍ബുദ രജിസ്ട്രിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി തയ്യാറാക്കിയ രജിസ്ട്രിയിലൂടെ നീലേശ്വരം ബ്ലോക്ക് പരിധിയിലെ രോഗികളുടെ രോഗ വിവരങ്ങള്‍ ശേഖരിക്കാനും അപഗ്രഥിക്കാനും കഴിഞ്ഞു. എംസിസിയിലെ ആരോഗ്യവിവര സാങ്കേതിക വിഭാഗം അര്‍ബുദ രജിസ്ട്രി വിവര ശേഖരണത്തിനായി തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് അര്‍ബുദ രജിസ്ട്രി പൂര്‍ത്തിയാക്കിയത്.

അര്‍ബുദത്തെ ചെറുക്കാന്‍ വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍

അര്‍ബുദ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡില്‍ നിന്നും രണ്ടു പേരെ വീതം തിരഞ്ഞെടുത്ത് എം സി സിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.ഓരോ വാര്‍ഡിലും ക്ലബ്ബുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, എന്നിവരുടെ സഹായത്തോടെയാണ് അര്‍ബുദ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ബോധവല്‍കരണ ക്ലാസുകള്‍ക്ക് പുറമെ ഡോക്യുമെന്റി, തെരുവു നാടകങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു വരുന്നുണ്ട്.

ഇ പാലിയേറ്റീവിലൂടെ ഡോക്ടറെ കാണാം

മലബാര്‍ കാന്‍സര്‍ സെന്ററിലെ ആരോഗ്യ വിവര സാങ്കേതിക വകുപ്പ് സി ഡിറ്റിന്റെ സഹായത്തോടെ വികസിപ്പിച്ചടുത്ത സോഫ്റ്റ് വെയര്‍ സംവിധാനമാണ് ഇ പാലിയേറ്റീവ്. ഇതുവഴി രോഗികള്‍ക്ക് എസിസിയിലെ സാന്ത്വന വിഭാഗവുമായി ആശയ വിനിമയം നടത്താനും ഡോക്ടറുമായി പരസ്പരം കണ്ട് സംവദിക്കാനും സാധിക്കുന്നു. ചെറുവത്തൂര്‍ സി എച്ച് സി കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും വെബ് ക്യാമറയും അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സുകള്‍ അതിജീവനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.. അര്‍ബുദ രോഗികള്‍ക്കുമാത്രമായി ഒരു പാലിയേറ്റീവ് കെയറും ഇ പാലിയേറ്റീവിന്റെ  ഭാഗമായി നീലേശ്വരം ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കീമോ തെറാപ്പി വാര്‍ഡ് വരുന്നു

അതിജീവനം പദ്ധതിയുടെ ഭാഗമായി ചെറുവത്തൂര്‍ സി.എച്ച്.സിയില്‍  കീമോ തെറാപ്പി വാര്‍ഡ് ആരംഭിക്കും. തൃക്കരിപ്പൂര്‍ എം.എല്‍.എ. എം. രാജഗോപാലന്റെ ഇടപെടലിലൂടെ നാലരക്കോടി രൂപയാണ് കീമോ തെറാപ്പി വാര്‍ഡിന്റെ കെട്ടിടത്തിനായി അനുവദിച്ചിരിക്കുന്നത്. കീമോ തെറാപ്പി വാര്‍ഡ് കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ കീമോ തെറാപ്പി ലഭ്യമാകും.

അതിജീവനം വെബ്സൈറ്റ്

അതിജീവനത്തിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കാനായി athijeevanam.org എന്ന വെബ്സൈറ്റും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. അതിജീവനത്തിന്റെ ഓരോഘട്ടങ്ങളും  പ്രവര്‍ത്തനങ്ങളും ഈ സൈറ്റില്‍ ലഭ്യമാണ്.

അതിജീവന വാട്സ്ആപ്പ് കൂട്ടായ്മ

അതിജീവനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിര്‍ദേശങ്ങള്‍ പെട്ടെന്ന് എല്ലാവരിലേക്കും എത്തിക്കുക അതിനും ചര്‍ച്ചകള്‍ നടത്തുന്നതിനായി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവരേയും ഉള്‍പ്പെടുത്തി അതിജീവനം വാട്സ്ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തന സജ്ജമാണ്.അതിജീവനം ഇന്ന് ജനങ്ങള്‍ പൂര്‍ണ്ണമായും ഏറ്റെടുത്ത് കഴിഞ്ഞു. അതിജീവനത്തിന്റെ ഏറ്റവും വലിയ നേട്ടം രോഗികളില്‍ അര്‍ബുദചികിത്സയുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളും തെറ്റിധാരണയും നീക്കി പൊതുജനങ്ങള്‍ക്ക് ശരിയായ ചികിത്സ എത്തിക്കാന്‍  കഴിഞ്ഞു വെന്നതാണെന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജാനകി പറഞ്ഞു.

അര്‍ബുദത്തെ അതിജീവിക്കാന്‍ 'അതിജീവനം'; പുകവലിയും നിര്‍ത്താം!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Cancer, Treatment, Neeleswaram, health, Athijeevanam for defending Cancer
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL