Conservation | വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ; 'അടുത്ത ദ്രുതപ്രതികരണസേന അനുവദിക്കുക കാസർകോടിന്'

● 'വന്യമൃഗ സംഘർഷത്തിന് ശാശ്വത പരിഹാരം കാണും'
● 'പുതിയ പദ്ധതികൾക്കായി 640 കോടി രൂപയുടെ പ്രൊപ്പോസൽ സമർപ്പിച്ചു'
● 'കാസർകോട്ട് ആർ ആർ ടി അനുവദിക്കുന്നത് സജീവ പരിഗണനൽ'
വെള്ളരിക്കുണ്ട്: (KasargodVartha) കാസർകോട് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ദ്രുതപ്രതികരണസേന (ആർ ആർ ടി) അനുവദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇനി അനുവദിക്കുന്ന ആദ്യത്തെ ആർ ആർ ടി കാസർകോട് ജില്ലയ്ക്ക് ആയിരിക്കും. അതിനായി ജനപ്രതിനിധികളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
വനമേഖലയിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് 640 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതിൽ നടപടി ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വെള്ളരിക്കുണ്ട് മിനി സിവിൽസ്റ്റേഷനിൽ വനം വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു വനം മന്ത്രി. വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
വന്യമൃഗ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിന് ദീർഘകാല അടിസ്ഥാനത്തിലുള്ളതും ഹൃസ്വകാല അടിസ്ഥാനത്തിലുമുള്ളതുമായ പദ്ധതികൾ നടപ്പിലാക്കും. വയനാട്ടിലും കണ്ണൂരിലും സമയബന്ധിതമായി നടപ്പിലാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതേപോലുള്ള പദ്ധതികൾ ജില്ലയിലും ആവിഷ്കരിച്ച് നടപ്പാക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കാര്യക്ഷമമായ പരിശീലനം നൽകുന്നതിനും നടപടി സ്വീകരിക്കും.
ജനങ്ങൾക്ക് അനുകൂലമായി കോടതികളിൽ നിന്നുണ്ടാകുന്ന ഉത്തരവുകൾ നടപ്പാക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർ തടസ്സം നിൽക്കരുത് എന്നും മന്ത്രി പറഞ്ഞു. വന്യജീവി സംഘർഷം നേരിടുന്നതിൽ ജനപങ്കാളിത്തത്തോടെയും ജനപ്രതിനിധികളുടെ സഹകരണത്തോടെയുമുള്ള പരിപാടികൾ ആവിഷ്കരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കാസർകോട് ജില്ലയിൽ നിലവിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രത്യേക ദ്രുത കർമ്മ സേനയുടെ പ്രൊപ്പോസൽ നൽകിയാൽ അംഗീകാരം നൽകുമെന്നും മന്ത്രി പറഞ്ഞു.
കാസർകോട് വനംവകുപ്പിന് അനുവദിച്ച വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്, അത്തിയടുക്കം നിവാസികൾക്ക് വനംവകുപ്പ് അനുവദിച്ച സർട്ടിഫിക്കറ്റ്, വനാവകാശ നിയമപ്രകാരമുള്ള കുടിവെള്ള പദ്ധതിക്ക് ഭൂമി അനുവദിക്കുന്നതിന്റെ രേഖ കൈമാറ്റം, വനനീർ പദ്ധതിയുടെ ഉദ്ഘാടനം എന്നിവ വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനിൽ മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. വനനീർ ഓഡിയോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഓഡിയോയിൽ ഗാനം രചിച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എൻ വി സത്യൻ, ഗാനമാലപിച്ച ഡി എഫ് ഒ കെ അഷ്റഫ്, കോറസ് പാടിയ പാട്ടുകാർ തുടങ്ങിയവർക്ക് മന്ത്രി ഉപഹാരം നൽകി.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Minister A.K. Saseendran has announced various initiatives to ensure the safety and well-being of people living near forest boundaries in Kasaragod. This includes addressing human-wildlife conflict and implementing development projects.
#KeralaForests #HumanWildlifeConflict #KasaragodDevelopment #AKSaseendran #ForestConservation #KeralaGovernment