Honor | ഗഫൂർ മാഷിന് തനിമ കലാ സാഹിത്യ വേദിയുടെ ആദരം
● പിഎസ് ഹമീദ് തനിമയുടെ സ്നേഹോപഹാരം സമർപ്പിച്ചു.
ഉദുമ: (KasargodVartha) കാസർകോട് തനിമ കലാ സാഹിത്യ വേദി സംഘടിപ്പിച്ച ചിത്രജാലകം എന്ന ചടങ്ങിൽ പ്രശസ്ത കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ കെ.എ. ഗഫൂറിനെ ആദരിച്ചു. ഉദുമ മുല്ലച്ചേരിയിലെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ ജിബി വത്സൻ പൊന്നാട അണിയിച്ചു.
എഴുപതുകളിലെ കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ മണ്ണുണ്ണിയും ഹറാം മൂസയും സൃഷ്ടിച്ച കലാകാരനെ ആദരിക്കാൻ ഒത്തുകൂടിയ കലാസാഹിത്യ പ്രവർത്തകർ ഗഫൂർ മാഷിനെ അഭിനന്ദിച്ചു. പിഎസ് ഹമീദ് തനിമയുടെ സ്നേഹോപഹാരം സമർപ്പിച്ചു. തനിമ ജില്ലാ പ്രസിഡന്റ് അബു ത്വാഇ അധ്യക്ഷത വഹിച്ചു.
എ.എസ്. മുഹമ്മദ് കുഞ്ഞി, ഡോ. എ.എ. അബ്ദുൽ സത്താർ, ഡോ. വിനോദ് കുമാർ പെരുമ്പള, സത്യഭാമ, എം.എ. മുംതാസ്, യശോദ, ലേഖ സുധീഷ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, രചന അബ്ബാസ്, അക്കര അബ്ദുൽ റഹ് മാൻ, എഞ്ചിനിയർ അബ്ദുൽ ഖാദർ മുണ്ടോൾ, ലത്തീഫ് ചെമ്മനാട്, ഹമീദ് കാവിൽ, ബികെ മുഹമ്മദ് എന്നിവർ സംസാരിച്ചു.
കെ.എ. ഗഫൂറിന്റെ കലാസൃഷ്ടിക്ക് ഇപ്പോഴും 84-ാം വയസ്സിലും യൗവനത്തിന്റെ ഉന്മേഷമുണ്ട്. ഒരു കാലത്ത് മലയാളത്തിലെ കഥാവരയിൽ തിളങ്ങി നിന്ന ഗഫൂർ, പിയുസി പഠനത്തിനു ശേഷം മുംബൈയിലും തുടർന്ന് കേരളത്തിലെ വിവിധ സ്കൂളുകളിലും അധ്യാപകനായി. ബേപ്പൂർ ഹൈസ്‌കൂളിലെ ജോലിക്കാലത്താണ് വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ തുടങ്ങിയ പ്രമുഖരുമായി അടുത്ത സൗഹൃദത്തിലാകുന്നത്. ഇവരുടെ പ്രോത്സാഹനത്തോടെയാണ് കഥാകൃത്ത് എന്ന നിലയിൽ ഗഫൂർ രംഗത്തെത്തുന്നത്.
മാതൃഭൂമി, ചന്ദ്രിക, ജനയുഗം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ഗഫൂറിന്റെ കഥകളും ചിത്രകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'മനുഷ്യർ', 'പറക്കും തൂവാല', 'മാന്ത്രികക്കട്ടില്', 'മണ്ണുണ്ണി', 'ഹറാം മൂസ' തുടങ്ങി 15 ഓളം ചിത്രകഥകള്‍ ഗഫൂറിന്റേതായി പ്രസിദ്ധീകരിച്ചു വന്നിരുന്നു. അവസാനമായി 1975ല്‍ മാതൃഭൂ മിയിയിൽ
'അജ്ഞാത സഹായി' എന്ന തുടര്‍ ചിത്രകഥയാണ് വരച്ചത്. എന്നാൽ, കുറേ കാലമായി അദ്ദേഹം സർഗാത്മക മൗനത്തിലാണ്.
#KAGafoor #MalayalamLiterature #Cartoonist #Writer #Kerala #Tanima #Award #Honor #ChildrensBooks #Art