Relief Effort | വയനാട് ദുരിതാശ്വാസത്തിനായി ‘ചുരം’ ചിത്രകലാ ക്യാമ്പ്
കാസർകോട്: (KasargodVartha) വയനാട് ദുരന്തത്തിൽ കുടിലുകൾ നഷ്ടപ്പെട്ടവർക്ക് സാന്ത്വനമായി, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി എന്നിവരുടെ സഹകരണത്തോടെ ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ - കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ് 'ചുരം’ ശ്രദ്ധേയമായി. വിദ്യാനഗർ അസാപ്പ് സ്കിൽ പാർക്കിൽ നടന്ന ക്യാമ്പിൽ വരച്ച ചിത്രങ്ങൾ വിറ്റു കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ചിത്രകാരന്മാരുടെ ഈ നീക്കം വളരെ മാതൃകാപരമാണെന്ന് അവർ പറഞ്ഞു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ മുഖ്യാതിഥിയായിരുന്നു. ആർട്ടിസ്റ്റ് പ്രകാശൻ പുത്തൂർ വിശിഷ്ടാതിഥിയായി. ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി പ്രസിഡന്റ് സി. എൽ. അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ചിത്രങ്ങളുടെ വില്പന ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് സന്തോഷ് പള്ളിക്കര വരച്ച ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും ജില്ലാകളക്ടറുടെയും ഛായാചിത്രം ചടങ്ങിൽ സമ്മാനിച്ചു.
ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി അഡീഷണൽ സെക്രട്ടറി എം.എം. നൗഷാദ് ചിത്രം ഏറ്റുവാങ്ങി. ഇൻഫർമേഷൻ ഓഫീസർ മധുസൂദനൻ,ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസഫ്, ജലീൽ മുഹമ്മദ്, മഹമ്മൂദ് ഇബ്രാഹിം, ഷാഫി നെല്ലിക്കുന്ന്, ഷെരീഫ് കാപ്പിൽ, ബാലൻ സൗത്ത് എന്നിവർ സംസാരിച്ചു. ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വിനോദ് ശില്പി സ്വാഗതവും, പ്രസിഡണ്ട് നാരായണൻ രേഖിത നന്ദിയും പറഞ്ഞു. 35 കലാകാരന്മാർ ക്യാമ്പിൽ പങ്കെടുത്തു.
സിഎംഡിആർഎഫ് ലേക്ക് തുക സംഭാവന നൽകി ചിത്രങ്ങൾ വാങ്ങാൻ താല്പര്യമുള്ളവരുടെ ആശയങ്ങൾക്കനുസരിച്ചു പെയിന്റിംഗ് ചെയ്തു ക്യാമ്പിൽ വിൽപ്പന നടത്തി.