ആരിക്കാടി ടോൾഗേറ്റ്: ആക്ഷൻ കമ്മിറ്റി ഹരജി പരിഗണിക്കുന്നത് വീണ്ടും നീളാൻ സാധ്യത
● ഹരജി ഈ മാസം 30ന് പരിഗണിക്കാനാണ് തീരുമാനിച്ചിരുന്നത്.
● ദേശീയപാത അതോറിറ്റി സത്യവാങ്മൂലം സമർപ്പിക്കാൻ വൈകി.
● 60 കിലോമീറ്റർ ദൂരപരിധി മാനദണ്ഡം ലംഘിച്ചെന്ന് ആക്ഷൻ കമ്മിറ്റി.
● ഹരജിക്ക് തിരിച്ചടിയായാൽ സമരം ശക്തിപ്പെടുത്താനാണ് തീരുമാനം.
● എസ്ഡിപിഐയുടെ സമാന ഹരജി കഴിഞ്ഞാഴ്ച തള്ളിയിരുന്നു.
കുമ്പള: (KasargodVartha) ദേശീയപാത 66-ൽ തലപ്പാടി ടോൾഗേറ്റിന് സമീപത്തായി 22 കിലോമീറ്റർ മാത്രം ദൂരപരിധിയുള്ള ആരിക്കാടിയിൽ ടോൾഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ കുമ്പള ടോൾഗേറ്റ് വിരുദ്ധ ആക്ഷൻ കമ്മിറ്റി കർമ്മസമിതിയുടെ നേതൃത്വത്തിൽ ഹൈകോടതിയിൽ നൽകിയ ഹരജി ഈ മാസം 30ന് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ അന്നേദിവസം സംസ്ഥാന സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാൽ ഹരജി പരിഗണിക്കുന്നത് വീണ്ടും നീണ്ടേക്കും.
കഴിഞ്ഞ 9ന് പരിഗണിച്ച കേസിൽ, ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ നിജസ്ഥിതി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈകോടതി ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, അതോറിറ്റി സത്യവാങ്മൂലം സമർപ്പിക്കാൻ എത്താത്തതിനാലാണ് കേസ് 25ലേക്കും, പിന്നീട് 30ലേക്കും മാറ്റിവെച്ചത്.
ദേശീയപാതയിൽ ഒരു ടോൾഗേറ്റ് സ്ഥാപിച്ചാൽ മറ്റൊരു ടോൾഗേറ്റ് 60 കിലോമീറ്റർ ദൂരത്തിലായിരിക്കണമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിലും രാജ്യസഭയിലും വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് വിപരീതമാണ് ആരിക്കാടിയിലെ ടോൾഗേറ്റ് നിർമ്മാണമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആക്ഷേപം.
ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ആക്ഷൻ കമ്മിറ്റി കർമ്മസമിതി ഹൈക്കോടതിയിൽ ഹരജി നൽകിയത്. കേന്ദ്രസർക്കാറിന്റെ തീരുമാനങ്ങൾക്ക് വിപരീതമായ അനധികൃത ടോൾഗേറ്റ് നിർമ്മാണമാണ് നടക്കുന്നതെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ഹരജിയിലെ പ്രധാന പരാതി.
കോടതിവിധി എതിരായാൽ സമരം ശക്തിപ്പെടുത്താനാണ് ആക്ഷൻ കമ്മിറ്റി കർമ്മസമിതിയുടെ തീരുമാനം. ഇത് ചർച്ച ചെയ്യാൻ കഴിഞ്ഞദിവസം കർമ്മസമിതി അംഗങ്ങൾ യോഗം ചേർന്നിരുന്നു.
അതേസമയം, ഇതേ വിഷയം ഉന്നയിച്ച് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് നൽകിയ ഹരജി കഴിഞ്ഞാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. ഇത് ആക്ഷൻ കമ്മിറ്റിയെയും ആശങ്കപ്പെടുത്തുന്നുണ്ട്. ടോൾഗേറ്റ് നിർമ്മാണത്തിനെതിരെ ഇതിനകം നിരവധി ജനകീയ സമരപരിപാടികളാണ് ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ചത്.
ടോൾഗേറ്റ് നിർമ്മാണ സ്ഥലത്തേക്ക് നടത്തിയ ജനകീയ മാർച്ചിനെ തുടർന്ന് എ കെ എം അഷ്റഫ് എംഎൽഎ ഉൾപ്പെടെയുള്ള നൂറോളം ആക്ഷൻ കമ്മിറ്റി കർമ്മസമിതി അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അതിനിടെ, ആരിക്കാടിൽ ടോൾഗേറ്റിന്റെ നിർമ്മാണം പുരോഗമിക്കുന്നുമുണ്ട്. ഏകദേശം 50 ശതമാനം ജോലികൾ ഇതിനകം പൂർത്തിയായിട്ടുമുണ്ട്.
ഈ വിഷയത്തിലെ കോടതി നടപടികളെക്കുറിച്ച് നിങ്ങൾ എന്തു കരുതുന്നു? നിങ്ങളുടെ പ്രതികരണം കമന്റ് ചെയ്യുക.
Article Summary: A petition against the Arikkadi toll gate is likely to be postponed.
#ArikkadiTollGate #TollGateProtest #Kasargod #HighCourt #NHAI #KeralaNews






