ആരിക്കാടി ടോൾ ഗേറ്റ് നിർമ്മാണം: ജനകീയ സമരം ഫലം കാണുമോ? ഹൈകോടതി ഹരജി വ്യാഴാഴ്ച പരിഗണിക്കും
● തലപ്പാടി ടോൾ ഗേറ്റിൽ നിന്ന് 22 കിലോമീറ്റർ ദൂരമേയുള്ളൂ.
● 60 കിലോമീറ്ററിന് ശേഷം മാത്രമാണ് അടുത്ത ടോൾ ഗേറ്റ് സ്ഥാപിക്കേണ്ടത്.
● അനധികൃത നിർമ്മാണം തടയണമെന്നാണ് പ്രധാന ആവശ്യം.
● നിർമ്മാണ സ്ഥലത്തേക്ക് നടത്തിയ മാർച്ചിൽ എംഎൽഎ ഉൾപ്പെടെ അറസ്റ്റിലായിരുന്നു.
കുമ്പള: (KasargodVartha) ദേശീയപാത 66-ൽ തലപ്പാടി ടോൾ ഗേറ്റിന് സമീപത്തായി 22 കിലോമീറ്റർ മാത്രം ദൂരമുള്ള ആരിക്കാടിയിൽ ടോൾ ഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ കുമ്പള ടോൾ ഗേറ്റ് വിരുദ്ധ ആക്ഷൻ കമ്മിറ്റി കർമ്മസമിതിയുടെ നേതൃത്വത്തിൽ ഹൈകോടതിയിൽ നൽകിയ ഹരജി വ്യാഴാഴ്ച പരിഗണിക്കും.
കഴിഞ്ഞ ഒൻപതാം തീയതി കേസ് പരിഗണിച്ച ഹൈകോടതി, ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ നിജസ്ഥിതി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ദേശീയപാത അതോറിറ്റിയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, അതോറിറ്റി സത്യവാങ്മൂലം സമർപ്പിക്കാൻ എത്താത്തതിനാലാണ് കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.
ദേശീയപാതയിൽ ഒരു ടോൾ ഗേറ്റ് സ്ഥാപിച്ചാൽ മറ്റൊരു ടോൾ ഗേറ്റ് 60 കിലോമീറ്റർ അകലത്തിലായിരിക്കണമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിന് വിപരീതമാണ് ആരിക്കാടിയിലെ ടോൾ ഗേറ്റ് നിർമ്മാണെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം.
ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ആക്ഷൻ കമ്മിറ്റി കർമ്മസമിതി ഹൈകോടതിയിൽ ഹരജി നൽകിയത്. കേന്ദ്രസർക്കാറിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി അനധികൃത ടോൾ ഗേറ്റ് നിർമ്മാണമാണ് നടക്കുന്നതെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ഹരജിയിലെ പ്രധാന പരാതി.
അതേസമയം, ഇതേ വിഷയം ഉന്നയിച്ച് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൽകിയ ഹരജി കഴിഞ്ഞാഴ്ച ഹൈകോടതി തള്ളിയിരുന്നു. ഇത് ആക്ഷൻ കമ്മിറ്റിയെയും ആശങ്കപ്പെടുത്തുന്നുണ്ട്. ടോൾ ഗേറ്റ് നിർമ്മാണത്തിനെതിരെ ഇതിനകം നിരവധി ജനകീയ സമര പരിപാടികളാണ് ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ചത്.
ടോൾ ഗേറ്റ് നിർമ്മാണ സ്ഥലത്തേക്ക് നടത്തിയ ജനകീയ മാർച്ചിനെ തുടർന്ന് എ കെ എം അഷ്റഫ് എംഎൽഎ ഉൾപ്പെടെ നൂറോളം ആക്ഷൻ കമ്മിറ്റി കർമ്മസമിതി അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടെ, ആരിക്കാടിയിൽ ടോൾ ഗേറ്റിന്റെ നിർമ്മാണം പുരോഗമിക്കുന്നുമുണ്ട്. ഏകദേശം 40 ശതമാനം ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.
ആരിക്കാടിയിലെ ടോൾ ഗേറ്റ് നിർമ്മാണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കിടൂ.
Article Summary: Areekady toll gate petition to be heard by High Court.
#Areekady #TollGate #KeralaNews #HighCourt #Protest #Kasargod






