Controversy | കനകപ്പള്ളിയിലെ കമാന വിവാദം: 'അപവാദ പ്രചാരണങ്ങൾ അടിസ്ഥാനരഹിതം', ജനങ്ങൾ യാഥാർഥ്യം തിരിച്ചറിയണമെന്ന് ബളാൽ പഞ്ചായത് ഭരണസമിതി
'ഏകപക്ഷീയമായ നടപടികൾ പഞ്ചായത് നടത്തുന്നില്ല'
വെള്ളരിക്കുണ്ട്: (KasaragodVartha) ബളാൽ പഞ്ചായതിൽപെട്ട കനകപ്പള്ളിയിലെ ക്ഷേത്ര കവാടവുമായി ബന്ധപ്പെട്ട് പഞ്ചായത് ഭരണസമിതിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഹൈകോടതിയുടെ വിധിനടപ്പാക്കാനുള്ള ശ്രമമാണ് നടന്നതെന്നും ബളാൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയവും ഭരണസമിതി അംഗങ്ങളും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഞ്ചു വർഷങ്ങൾക്കുമുമ്പ് സെന്റ് മാർടിൻ ഡിപോറസ് ദേവാലയം വടക്കാംകുന്ന് കുരിശുമല തീർഥാടനവുമായി ബന്ധപ്പെട്ട് കനകപ്പളളി - ഏറാചിറ്റ റോഡിന് കുറുകെ ഒരു സ്വാഗത കമാനം താത്കാലികമായി വച്ചിരുന്നു. ഇതിനെതിരെ ദാമു എന്നയാൾ പഞ്ചായതിൽ പരാതി നൽകിയതിനെ തുടർന്ന് ആ കമാനം അവിടെ നിന്ന് നീക്കം ചെയ്തിരുന്നു.
കനകപ്പള്ളി ദേവസ്ഥാനത്തിൻ്റെയും, സെൻ്റ് തോമസ് പള്ളിയുടെയും റോഡിന് കുറുകെയുള്ള കമാനങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് കൊടികുത്തിയേൽ എന്നയാൾ ബളാൽ പഞ്ചായതിൽ പരാതി നൽകി. തുടർ നടപടിക്കായി പഞ്ചായത് ഇത് കലക്ടർക്ക് കൈമാറി. പൊതുസ്ഥലത്ത് സ്ഥിതി ചെയ്യുന്ന കമാനങ്ങൾ 15 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് നോടീസ് നൽകി.
എന്നാൽ ക്ഷേത്ര കമിറ്റിയും പള്ളി കമിറ്റിയും കമാനങ്ങൾ അവിടെ നിലനിർത്തണം എന്ന തീരുമാനത്തിൽ എത്തിയതിനെ തുടർന്ന് പഞ്ചായത് സെക്രടറി അത്തരത്തിൽ തന്നെ കലക്ടർക്ക് റിപോർടും നൽകിയതാണ്. അതിനിടെ ജില്ലാകലക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്ന് കാണിച്ചു ജൂൺ 10ന് ഹൈകോടതിയിൽ അനധികൃത കമാനങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഹർജി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പഞ്ചായതിന് നോടീസ് അയക്കുകയും പരാതിക്കാരന്റെ പരാതി പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അറിയിക്കുകയും ചെയ്തു.
തുടർന്ന് ജൂലൈ 14ന് പഞ്ചായതിൽ സർവകക്ഷി യോഗം ചേരുകയുണ്ടായി. രാഷ്ട്രീയപാർടി പ്രതിനിധികൾ, ക്ഷേത്ര കമിറ്റി ഭാരവാഹികൾ, സെന്റ് തോമസ് ദേവാലയ ഭാരവാഹികൾ, തഹസിൽദാർ തുടങ്ങി പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. സർവകക്ഷിയോഗത്തിൽ സംഭവസ്ഥലം സന്ദർശിക്കാനും വേണ്ട നടപടികളെടുക്കാനും തീരുമാനിച്ചു. ജൂലൈ 17ന് സർവകക്ഷി സംഘങ്ങളും പഞ്ചായത് അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും തഹസിൽദാരും സംഭവം സ്ഥലം സന്ദർശിച്ച്, കമാനങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും നോടീസ് നൽകുകയുമുണ്ടായി.
നോടീസ് നൽകി ഏഴു ദിവസം കഴിഞ്ഞിട്ടും പരാതിയിൽ പറഞ്ഞ കമാനം നീക്കം ചെയ്തില്ല. ഇതേ തുടർന്ന് ഹൈകോടതി വീണ്ടും കലക്ടർക്ക് നോടീസ് അയച്ചു. കലക്ടർ ആ നോടീസ് പഞ്ചായതിന് കൈമാറുകയും ചെയ്തു. ഇത് പ്രകാരം പഞ്ചായതിൽ വീണ്ടും സർവകക്ഷി യോഗം ചേർന്നു. പ്രശ്നങ്ങൾ പഠിച്ച കലക്ടർ 2024 ജനുവരി മാസത്തിൽ വിഷ്ണുമൂർത്തി ദേവസ്ഥാന പ്രതിനിധികളെയും സെന്റ് തോമസ് ദേവാല പ്രതിനിധികളെയും കലക്ടറുടെ ചേമ്പറിൽ വിളിച്ചുവരുത്തി വിശദീകരണവും തേടിയിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 13ന് ഹൈകോടതിയുടെ പരാമർശം കലക്ടറെ പഞ്ചായത് സെക്രടറി അറിയിക്കുകയും ചെയ്തു. നിയമവിരുദ്ധമായി വച്ചിട്ടുള്ള കമാനങ്ങൾ എടുത്തുമാറ്റാൻ പഞ്ചായത് തയ്യാറായില്ലെങ്കിൽ പഞ്ചായതിനെതിരെ കോടതി നടപടി വരുമെന്നായിരുന്നു അറിയിപ്പ്. മെയ് 25ന് വിഷ്ണുമൂർത്തി ദേവസ്ഥാന കമിറ്റി അംഗങ്ങൾ, സെന്റ് തോമസ് ദേവാലയ കമിറ്റി അംഗങ്ങൾ, മാർടിൻ ദേവാലയ കമിറ്റി അംഗങ്ങൾ എന്നിവരെ വിളിച്ച് പഞ്ചായതിൽ ചേർന്ന യോഗത്തിൽ, 30ന് മുമ്പായി കമാനങ്ങൾ എടുത്തു മാറ്റണമെന്ന് കോടതി നിർദേശം ഉണ്ടെന്ന് പഞ്ചായത് സെക്രടറി വ്യക്തമാക്കി.
സെന്റ് തോമസ് ദേവാലയത്തിന്റെ കമാനം 28ന് എടുത്തുമാറ്റാമെന്ന് പഞ്ചായതിനെ അറിയിച്ചു. അവർ എടുത്തുമാറ്റുകയും ചെയ്തുതു. വിഷ്ണുമൂർത്തി ദേവസ്ഥാന കമിറ്റി 29ന് അറിയിക്കാം എന്ന് പറഞ്ഞിരിക്കുകയാണ്. ഹൈകോടതിയുടെ വിധി പ്രകാരമുള്ള നിയമ നടപടികൾ മാത്രമാണ് നടക്കുന്നതെന്നും ഏകപക്ഷീയമായ നടപടികൾ പഞ്ചായത് നടത്തുന്നില്ലെന്നും ഭരണസമിതി വ്യക്തമാക്കി.