Harvest | അരവയറിനൊരു അരിമണി: സർഗധാര കലാവേദി നടത്തിയ പൊന്‍കതിരിന്റെ വിളവെടുപ്പ് നടത്തി
● കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
● പരിസ്ഥിതി സംരക്ഷണത്തിനും ആരോഗ്യകരമായ ഭക്ഷണത്തിനും പ്രാധാന്യം.
ഉദുമ: (KasargodVartha) മുക്കുന്നോത്ത് സർഗ്ഗധാര കലാവേദി നടത്തിയ 'അരവയറിനൊരു അരിമണി' എന്ന പദ്ധതിയുടെ ഭാഗമായി നെൽകൃഷി വിളവെടുപ്പ് നടന്നു. സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഈ പദ്ധതിയിൽ നാട്ടുകാരെ ഒന്നിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തിനും ആരോഗ്യകരമായ ഭക്ഷണത്തിനും പ്രാധാന്യം നൽകുന്നതായിരുന്നു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മുക്കുന്നോത്ത് പാടശേഖരത്തിലെ മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ കീഴിലുള്ള തരിശായ 60 സെന്റ് സ്ഥലത്താണ് ഈ കൃഷി നടത്തിയത്. നാട്ടുകാരെ ഒന്നിപ്പിച്ച് മഴപ്പെലിമ നടത്തിയാണ് ഞാറു നടീൽ നടത്തിയത്. വിളവെടുത്ത നെല്ല് അരിയാക്കി ശിശുദിനത്തിൽ ക്ലബ് പരിധിയിലെ ആറ് അങ്കണവാടിയിലെ കുട്ടികള്‍ക്ക് പുത്തരി പായസം വെച്ച് നൽകുമെന്ന് സംഘാടകർ അറിയിച്ചു.
ഉദുമ കൃഷി ഓഫീസർ കെ നാണുക്കുട്ടൻ, മുൻ കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ എൻ നന്ദികേശൻ, ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രം പ്രസിഡന്റ് എം കുഞ്ഞിക്കണ്ണൻ നായർ, സർഗ്ഗധാര കലാവേദി പ്രസിഡന്റ് എം കരുണാകരൻ, സംഘടക സമിതി വർക്കിങ് ചെയർമാൻ എം രാധാകൃഷ്ണൻ മുക്കുന്നോത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. സംഘടക സമിതി കൺവീനർ വി എം അനീഷ് സ്വാഗതവും ക്ലബ് സെക്രട്ടറി എം ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
#Arimudi #HarvestFestival #KeralaAgriculture #SarghadharaKalaVedhi #CommunityFarming #Mukkunnooth