Events | അറബി ഭാഷാ ദിനാചരണം; സാംസ്കാരിക പരിപാടികൾ ശ്രദ്ധേയമായി
● വിവിധ സ്ഥാപനങ്ങളിൽ പ്രഭാഷണങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു.
● സഅദിയ്യ കോളേജിൽ വിപുലമായ ചർച്ചകളും മത്സരങ്ങളും നടന്നു.
● ചളിയങ്കോട് സെയ്ഫ് ജി കാമ്പസിലും ദിനാചരണം ശ്രദ്ധേയമായി.
കാസർകോട്: (KasargodVartha) വിവിധയിടങ്ങളിൽ ഡിസംബർ 18ന് ലോക അറബി ഭാഷാ ദിനം ആചരിച്ചു. അറബി ഭാഷയുടെ ചരിത്രപരമായ പ്രാധാന്യവും സാംസ്കാരിക വൈവിധ്യവും ലോകത്തിന് നൽകുന്ന സംഭാവനകളും സ്മരിക്കുന്ന ദിനമാണ് ഇത്. വിവിധ സ്ഥാപനങ്ങളും സംഘടനകളും അറബി ഭാഷയുടെ മഹത്വം വിളിച്ചോതുന്ന പ്രഭാഷണങ്ങൾ, സെമിനാറുകൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
ലോക അറബിക് ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിച്ച സംഗമം പ്രൗഢമായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഓൺലൈനിലൂടെ പങ്കെടുത്ത ഈ പരിപാടി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ശരീഅത്ത് കോളേജ് പ്രിൻസിപ്പൽ മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മാഈൽ അൽ ഹാദി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ് മെമ്പർ അബ്ദുൽ ഫത്താഹ് അൽ സലാമൂനി മുഖ്യ പ്രഭാഷണം നടത്തി. സഅദിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ ഡോ. സലാഹുദ്ദീൻ അയ്യൂബി വിഷയാവതരണം നടത്തി.
ഷെയ്ഖ് അഹ്മദ് അബ്ദു സായിദ് അൽ ഖാസിമി, കെ കെ ഹുസൈൻ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ തുടങ്ങിയവർ സംസാരിച്ചു. സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവം, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈൻ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അസ്ഗർ അലി ബാഖവി, അബ്ദുല്ല സഅദി ചിയ്യൂർ, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, ഇബ്‌റാഹീം സഅദി വിട്ടൽ, അഹ്മദ് മുസ്‌ലിയാർ കൊൽക്കത്ത, സുറാഖത്ത് സഖാഫി, സുബൈർ നിസാമി, അബ്ദുൽ റഹ്മാൻ ഇർഫാനി അൽ അഫ്‌ളലി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജഅഫർ സഅദി അച്ചൂർ സ്വാഗതവും സൈഫുദ്ദീൻ സഅദി നെക്രാജെ നന്ദിയും പറഞ്ഞു.
ദേളി സഅദിയ്യയിൽ ഹിഫ്‌ളുൽ ഖുർആൻ വിദ്യാർത്ഥി സംഘടനയായ ഉസ് വതുൻഹസന സാഹിത്യ സമാജം അറബി ഭാഷാ ദിന പരിപാടികൾ സംഘടിപ്പിച്ചു. ഹിഫ്‌ളുൽ ഖുർആൻ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന മത്സര പരിപാടികളോടെ ആഘോഷങ്ങൾ ശ്രദ്ധേയമായി. മാനേജർ ഹാഫിള് അഹമ്മദ് സഅദി ചേരൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സഅദിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ ഡോ. സ്വലാഹുദ്ധീൻ അയ്യൂബി ഉദ്ഘാടനം ചെയ്തു.
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഷയും തൊഴിൽ സാധ്യതയ്ക്ക് ഏറ്റവും അനിവാര്യമായ ഭാഷയുമാണ് അറബി എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. അബ്ദുൽ ഹമീദ് സഅദി കാജൂർ പ്രാർത്ഥന നിർവഹിച്ചു. ഹാഫിസ് അനസ് സഅദി കിന്യ, ഹാഫിള് യൂസുഫ് സഖാഫി അയ്യങ്കേരി, ഹാഫിസ് ശുഐബ് സഖാഫി ഗുണാജെ എന്നിവർ സംസാരിച്ചു. ഹാഫിള് ഹാമിദ് സുഹൈൽ മുഡിപ്പു സ്വാഗതവും ശഹീർ പാത്തൂർ നന്ദിയും പറഞ്ഞു.
അറബിക് ദിനാചരണത്തിന്റെ ഭാഗമായി സഅദിയ്യ അറബിക് കോളജിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഡിസംബർ 17, 18 തീയതികളിൽ 'അറബി ഭാഷ ഭാവിയുടെ ഭാഷ' എന്ന വിഷയത്തിൽ വിപുലമായ ചർച്ചകൾ നടന്നു. ലിറ്റററി സെമിനാർ, ലാംഗ്വേജ് വർക്ക് ഷോപ്പ്, ലാംഗ്വേജ് കോമ്പറ്റീഷൻ, ഇൻവൈറ്റഡ് ടോക്സ്, കാലിഗ്രാഫി കോമ്പറ്റീഷൻ, അറബിക് ലിറ്ററേച്ചർ റീഡിംഗ് തുടങ്ങിയ വിവിധ സെഷനുകളിൽ ഡോ. സ്വലാഹുദ്ദീൻ അയ്യൂബി, അലി സഅദി പൂച്ചക്കാട്, അസീസ് സഅദി ഉദ്യാവരം, അബ്ദുല്ലാഹിൽ മുബാറക്, നവാസ് സഅദി ചട്ടഞ്ചാൽ, സുഹറാബി പി.ബി., നഫീസത്ത് ഫാസ്മിന ബി.എ., സുമയ്യ ടി.കെ., റഷീദ കെ. തുടങ്ങിയ പ്രമുഖർ വിദ്യാർത്ഥികളുമായി സംവദിച്ചു.
ചളിയങ്കോട് സെയ്ഫ് ജി കാമ്പസിലും അറബി ഭാഷാ ദിനം ആചരിച്ചു. 'അറബി ഭാഷയും സമൂഹവും' എന്ന പേരിൽ നടന്ന അറബി ഭാഷാ സംഗമം എം.ജി.എം. ജില്ലാ പ്രസിഡന്റ് സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഷംസുദ്ദീൻ പാലക്കോട് അറബി ഭാഷാ സന്ദേശം നൽകി. പ്രിൻസിപ്പൽ അബൂബക്കർ സിദ്ദീഖിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ മുബീന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. മുഹ്സിന, ആയിഷ, ബെൻസീന തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
#ArabicLanguageDay #Kasaragod #Culture #Education #India #Celebration