രജിലേഷിന്റെ മരണം; ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
Jun 23, 2012, 19:27 IST
![]() |
Rajilesh |
ഈ കേസില്‍ ഇതുവരെയായി എട്ട് പ്രതികളെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. റിമാന്റില്‍ കഴിയുന്ന പ്രതികള്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. രണ്ട് പ്രതികളെകൂടി പിടികൂടിയാല്‍ മാത്രമേ പോലീസിന് കേസില്‍ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളു.
ആത്മഹത്യ പ്രേരണാകുറ്റത്തിന് പുറമെ സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിന് മറ്റ് വകുപ്പുകള്‍ കൂടി ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. സാമുദായിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതികളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതികൂടിവേണം. ഇതിനുവേണ്ട നടപടിക്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. മെട്ടമ്മലിലെ മൊബൈല്‍ ഷോപ്പ് ഉടമയായ രജിലേഷിനെ സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം പരസ്യമായി വിചാരണ ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
രജിലേഷിന്റെ സുഹൃത്തായ യുവാവാണ് ഇത്തരമൊരു സാഹചര്യത്തിന് വഴിയൊരുക്കിയത്. രജിലേഷിനെ പുഴയോരത്തേയ്ക്ക് സുഹൃത്ത് തന്ത്രപൂര്‍വ്വം കൂട്ടിക്കൊണ്ടുപോവുകയും ഇവിടെയെത്തിയ ഒരു സംഘം രജിലേഷിനെ ആളുകള്‍ നോക്കിനില്‍ക്കെ പരസ്യ വിചാരണ നടത്തുകയുമായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചശേഷം താക്കീത് നല്‍കിയാണ് രജിലേഷിനെ സംഘം വിട്ടയച്ചത്. അപമാനിതനായ രജിലേഷ് വീട്ടിലെത്തിയശേഷം രാത്രിയോടെ വീട്ടില്‍നിന്ന് ഇറങ്ങുകയും തീവണ്ടിക്ക് ചാടി ജീവനൊടുക്കുകയുമായിരുന്നു. രജിലേഷിന്റെ വീട്ടുകാരുടെ പരാതി പ്രകാരം കേസെടുത്ത ചന്തേര പോലീസ് സുഹൃത്ത് അടക്കം 10 ഓളം പേരെയാണ് പ്രതി ചേര്‍ത്തത്.
രജിലേഷിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ജാതി - മത - രാഷ്ട്രീയ ഭേദമന്യേ വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
Keywords: Kasaragod, Trikaripur, Rajilesh, Murder case.