Complaint | ലൈഫിൽ വീട് അനുവദിച്ചതായി പറഞ്ഞതോടെ ഉണ്ടായിരുന്ന വീട് പൊളിച്ചു; പിന്നീട് വീടില്ലെന്ന് പഞ്ചായത്; സാവിത്രിയും കുടുംബവും വഴിയാധാരമായി
* ജീവിക്കണോ മരിക്കണോ എന്നറിയാത്ത നാളുകളായിരുന്നു പിന്നീടിങ്ങോട്ടെന്ന് യുവതി
കാസർകോട്: (KasargodVartha) അടുക്കത്ബയൽ കോട്ടവളപ്പിലെ മിത്രനും ഭാര്യ സാവിത്രിയും അസുഖ ബാധിതരായ മക്കളും പഴയൊരു കൊച്ചുവീട്ടിൽ മനസമാധാനത്തോടെ കഴിഞ്ഞവരാണ്. അടച്ചുറപ്പുള്ള നല്ലൊരു വീടിനായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയപ്പോൾ പെരുവഴിയിലാകുമെന്ന് കുടുംബം കരുതിയില്ല. 32 വയസുള്ള ഇവരുടെ മൂത്ത മകൻ നിഷിത്ത് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. 28 കാരനായ ഇളയവൻ വിഷ്‌ണു മാസം തികയുംമുമ്പേ ജനിച്ചതിനാൽ ബുദ്ധിമാന്ദ്യവും നേരിടുന്നുണ്ട്. ഒപ്പം അരയ്‌ക്ക് താഴെ തളർന്ന അവസ്ഥയിലും. ഇരുവരെയും പരിചരിച്ച് മിത്രനും സാവിത്രിയും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പെടുന്ന പാട് ചെറുതല്ല.
അതിനിടെ സാവിത്രിയുടെ പേരിൽ ലൈഫിൽ വീട് അനുവദിച്ചതായി മൊഗ്രാൽ പുത്തൂർ പഞ്ചായത് ഓഫീസിൽനിന്ന് അറിയിച്ചതായി ഇവർ പറയുന്നു. 'വീടിനായി പഞ്ചായത് ഓഫീസിലെത്തി കരാറും ഒപ്പിട്ടു. ലൊകേഷൻ സർടിഫികറ്റും പെർമിഷനും ലഭിക്കണമെങ്കിൽ വീടുവയ്‌ക്കാനുള്ള സ്ഥലം കാണിക്കണം. അതിനായി പഞ്ചായത് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം പഴകിയ വീട് പൊളിച്ചുമാറ്റി. വിഇഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പലതവണ സ്ഥലം സന്ദർശിച്ച് മാർഗനിർദേശവും നൽകി. വീട് നിർമാണത്തിന് വെള്ളം ലഭ്യമല്ലാത്തതിനാൽ വിവാഹിതയായി മറ്റൊരിടത്ത് താമസിക്കുന്ന മകൾ നിഷ വായ്‌പയെടുത്ത് ഒന്നരലക്ഷം രൂപ നൽകിയതിനാൽ കുഴൽകിണറും നിർമിച്ചു. അപ്പോഴാണ് വീട് അനുവദിച്ച സാവിത്രി വേറെയാണെന്ന് വിഇഒ അറിയിക്കുന്നത്', സാവിത്രി വിശദീകരിച്ചു.
ജീവിക്കണോ മരിക്കണോ എന്നറിയാത്ത നാളുകളായിരുന്നു പിന്നീടിങ്ങോട്ടെന്ന് സാവിത്രി പറയുമ്പോൾ വാക്കുകൾ ഇടറി. ലൈഫിലെ വീട് ഇല്ലാതായി, അന്തിയുറങ്ങിയ വീട് പൊളിച്ചും മാറ്റി. മക്കളുമായി ഇനിയെന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥ. മകൾ നിഷ രണ്ടുമാസം മുമ്പ് കലക്ടറെ കണ്ട് പരാതി ബോധിപ്പിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായില്ല.
മൂത്ത മകൻ നിഷിത്തിനെ മഞ്ചേശ്വരം സ്‌നേഹാലയത്തിലേക്ക് മാറ്റിയിരുന്നു. അതിനിടെ വൃക്കയ്‌ക്ക് അസുഖം ബാധിച്ചതിനാൽ തിരികെ കൊണ്ടുവന്ന് കാസർകോട് ജെനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛൻ മിത്രനാണ് കൂട്ട്. പ്രാഥമികാവശ്യം നിർവഹിക്കണമെങ്കിൽപോലും വിഷ്‌ണുവിനെ എടുത്തുകൊണ്ടുപോകണം. ഇതിനുള്ള ആരോഗ്യശേഷിയില്ലാത്ത സാവിത്രിയുടെ നിസഹായാവസ്ഥ കരളലിയിപ്പിക്കും. നിഷയും സഹോദരി തുളസിയും ഇടയ്‌ക്കിടെയെത്തി സഹായിക്കും.