Accident | ഭർത്താവിനൊപ്പം സ്‌കൂടറിൽ സഞ്ചരിക്കുമ്പോൾ പിറകിൽ നിന്നും വന്ന സ്‌കൂൾ ബസിടിച്ച് അംഗൻവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം
ഭർത്താവിനെ കണ്ണൂർ ഗവ. മെഡികൽ കോളജിൽ പ്രവേശിപ്പിച്ചു
കാഞ്ഞങ്ങാട്: (KasaragodVartha) ഭർത്താവിനൊപ്പം സ്‌കൂടറിൽ സഞ്ചരിക്കുമ്പോൾ പിറകിൽ നിന്നും വന്ന സ്‌കൂൾ ബസിടിച്ച് അംഗൻവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കര പാക്കം അമ്പലത്തുങ്കാലിലെ പി കുഞ്ഞിരാമൻ്റെ ഭാര്യ ശാരദ (54) യാണ് മരിച്ചത്. പള്ളിപ്പുഴ ജ്യോതി നഗറിലെ അംഗൻവാടി അധ്യാപികയാണ്.
ചൊവ്വാഴ്ച വൈകീട്ട് നാലുമണിയൊടെ അതിഞ്ഞാലിൽ വെച്ചായിരുന്നു അപകടം. ഡോക്ടറെ കാണാനായി പാക്കത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരുമ്പോൾ പിന്നിൽ നിന്നും വന്ന സ്‌കൂൾ ബസ് മുന്നിൽ പോവുകയായിരുന്ന സ്‌കൂടറിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ കൊണ്ടുപോയെങ്കിലും വഴിമധ്യേ ശാരദ മരിച്ചു. ഭർത്താവിനെ കണ്ണൂർ ഗവ. മെഡികൽ കോളജിൽ പ്രവേശിപ്പിച്ചു. മക്കൾ: ശ്രീരാജ്, ശരണ്യ, ശ്രുതി. ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.