കുഞ്ഞുങ്ങൾക്ക് ശ്വാസതടസ്സം, അനന്തപുരത്ത് കോഴി മാലിന്യ ഫാക്ടറിക്കെതിരെ ജനരോഷം; 'ഫ്രഷ് കട്ട്' മാതൃകയിൽ പ്രക്ഷോഭത്തിന് നാട്ടുകാർ
● കുഞ്ഞുങ്ങൾക്ക് ചുമയും ശ്വാസതടസ്സവും ഡയാലിസിസ് രോഗികൾക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു
● പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും ഫാക്ടറി അധികൃതർ പരിഹാര നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം
പുത്തിഗെ: (KasargodVartha) പുത്തിഗെ പഞ്ചായത്തിലെ അനന്തപുരം കോഴി മാംസാവശിഷ്ട ഫാക്ടറിയിൽ ('കൊമ്പൻ ലൂബ്സ്') നിന്നുള്ള രൂക്ഷമായ ദുർഗന്ധത്തിൽ പൊറുതിമുട്ടി നാട്ടുകാരും പരിസരവാസികളും. കുഞ്ഞുങ്ങൾക്ക് ഉൾപ്പെടെ ചുമയും ശ്വാസതടസ്സവും നേരിടുന്നതായി പ്രദേശവാസികൾ പറയുന്നു.
കുട്ടികളെയും കൊണ്ട് ദിവസവും ആശുപത്രി കയറിയിറങ്ങേണ്ടിവരുന്നത് നാട്ടുകാരെയും ആക്ഷൻ കമ്മിറ്റിയെയും കൂടുതൽ പ്രകോപിപ്പിച്ചിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യാനോ കഴിക്കാനോ കഴിയാത്ത അവസ്ഥയാണ് പരിസരവാസികൾക്കുള്ളത്.
ഫാക്ടറിയിൽ നിന്നുയരുന്ന പുകയും ദുർഗന്ധവും പ്രദേശവാസികളിൽ ഛർദി, അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തൊട്ടടുത്ത പ്രദേശങ്ങളിൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് പോലും ദുർഗന്ധവും പുകയും കാരണം ശ്വാസതടസ്സം നേരിടുന്ന അവസ്ഥയുണ്ടായി.
അധികൃതരുടെ ഇടപെടലും അലംഭാവവും
മുൻപ് ഫാക്ടറിക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങിയതോടെ ജില്ലാ ഭരണകൂടവും പുത്തിഗെ ഗ്രാമപഞ്ചായത്തും എകെഎം അഷറഫ് എംഎൽഎയും ശക്തമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. പുത്തിഗെ ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയും നൽകി. പ്രദേശവാസികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കാണുകയും മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്തതിന് ശേഷം മാത്രമേ ഫാക്ടറി തുറക്കാൻ പാടുള്ളൂവെന്ന് കളക്ടർ അറിയിച്ചിരുന്നു.

മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെൻ്റ് എൻജിനീയർക്കും ഇതിനായി നിർദേശം നൽകി. എന്നാൽ ഇതൊന്നും ഫലവത്തായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഫാക്ടറി അധികൃതരുടെ ഭാഗത്തുനിന്ന് പ്രശ്നപരിഹാരത്തിന് യാതൊരു നടപടിയുമുണ്ടാകുന്നില്ല. അധികൃതരുമായി സംസാരിക്കാൻ ചെന്നാൽ നിങ്ങൾക്ക് ചെയ്യാവുന്നതൊക്കെ ചെയ്യൂ എന്ന ധിക്കാരപരമായ മറുപടിയാണ് ലഭിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
'ഫ്രഷ് കട്ട്' മാതൃകയിൽ പ്രക്ഷോഭത്തിലേക്ക്
അധികൃതർ നൽകിയ ഉറപ്പുകളൊന്നും പാലിക്കാൻ ഫാക്ടറി ഉടമകൾ തയാറാകാത്ത സാഹചര്യത്തിൽ ഓണാഘോഷങ്ങൾക്ക് ശേഷം വിപുലമായ യോഗം ചേർന്ന് ജനകീയ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെയും ആക്ഷൻ കമ്മിറ്റിയുടെയും തീരുമാനം. കോഴിക്കോട് താമരശ്ശേരിയിലെ 'ഫ്രഷ് കട്ട്' പ്ലാൻ്റ് മാതൃകയിലുള്ള സമരം സംഘടിപ്പിക്കാനാണ് ആലോചന.
താമരശ്ശേരിയിൽ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉറക്കം കെടുത്തിയ കോഴി അറവ് മാലിന്യ സംസ്കരണ പ്ലാൻ്റ് അടച്ചുപൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിറക്കിയിരുന്നു. ആറ് വർഷമായി തുടരുന്ന നാട്ടുകാരുടെ സമരത്തിൻ്റെ വിജയമായിരുന്നു ഇത്. എന്നാൽ ഹൈകോടതി അടച്ചുപൂട്ടൽ ഉത്തരവിന് താൽക്കാലിക സ്റ്റേ നൽകിയതോടെ ജനകീയ സമരം അവിടെ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്.
എംഎൽഎമാർ അടക്കമുള്ളവർ നേതൃത്വം നൽകുന്ന ആ സമരത്തിൽ ഫാക്ടറിയിലേക്ക് മാലിന്യവുമായി വരുന്ന വാഹനങ്ങൾ നാട്ടുകാർ തടയുന്നുണ്ട്. സമാനമായ രീതിയിലുള്ള ജനകീയ സമരങ്ങൾ അനന്തപുരത്തും സംഘടിപ്പിക്കാനാണ് ആക്ഷൻ കമ്മിറ്റിയും നാട്ടുകാരും തീരുമാനിച്ചിരിക്കുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Residents of Ananthapuram in Puthige Panchayat are organizing a massive protest against 'Komban Lubes', a poultry waste factory causing severe health issues, modeled after the 'Fresh Cut' protest in Thamarassery.
#KasargodVartha #PuthigeNews #KasaragodNews #EnvironmentalPollution #LocalProtest #FreshCutModel #MalayalamNews #PublicHealth #AKMAshrafMLA #Aparnanews






